ബിനാലെക്ക് തുടക്കം: കലയുടെ തീര്‍ത്ഥാടനകേന്ദ്രമാകാന്‍ കൊച്ചി

ബിനാലെക്ക് തുടക്കം:  കലയുടെ തീര്‍ത്ഥാടനകേന്ദ്രമാകാന്‍ കൊച്ചി

 

കൊച്ചി: ദക്ഷിണേഷ്യയിലെ ഏറ്റവും വലിയ സമകാലീന കലാ പ്രദര്‍ശനമായ കൊച്ചി മുസിരിസ് ബിനാലെ(കെഎംബി)യുടെ മൂന്നാം പതിപ്പിന് ഇന്ന് തിരി തെളിയും. കലാലോകം ഏറെ പ്രതീക്ഷ അര്‍പ്പിക്കുന്ന, 108 ദിവസം നീണ്ടുനില്‍ക്കുന്ന പ്രദര്‍ശനം മുഖ്യമന്ത്രി പിണറായി വിജയനാണ് ഉദ്ഘാടനം ചെയ്യുക.

‘ഫോമിംഗ് ഇന്‍ ദ പ്യൂപ്പിള്‍ ഓഫ് ആന്‍ ഐ’ (ഉള്‍ക്കാഴ്ച്ചകള്‍ ഉരുവാകുന്നയിടം) എന്നു പേരിട്ടിരിക്കുന്ന കെഎംബി 2016ല്‍ 31 രാജ്യങ്ങളില്‍ നിന്നുള്ള 97 കലാകാരന്‍മാരുടെ പ്രകടനങ്ങളും പ്രദര്‍ശനങ്ങളും ദൃശ്യാനുഭവങ്ങളൊരുക്കും. പട്ടികയിലുള്ള 36 ഇന്ത്യക്കാരില്‍ എട്ടുപേര്‍ കേരളത്തില്‍ നിന്നുള്ളവരാണ്. വിവിധ ശൈലികളും ചിട്ടകളും ഭാവുകത്വങ്ങളും ഉള്‍പ്പെടുത്തിയ പട്ടികയില്‍ എഴുത്തുകാരും നര്‍ത്തകരും കവികളും സംഗീതജ്ഞരും നാടകരംഗത്തുനിന്നുള്ളവരും ദൃശ്യകലാകാരന്‍മാരോടൊപ്പം വേദി പങ്കിടുന്നു.

ശരീരത്തിലെ ഏക പ്രതിഫലനസാധ്യതയുള്ള അംഗം കണ്ണായതുകൊണ്ട് അതു സ്വീകരിക്കുന്നതത്രയും തന്നെ പുറംലോകത്തേക്ക് പ്രതിഫലിപ്പിക്കുമെന്ന് ബിനാലെയുടെ ക്യുറേറ്ററും പ്രമുഖ കലാകാരനുമായ സുദര്‍ശന്‍ ഷെട്ടി പറഞ്ഞു. ഉള്‍ക്കാഴ്ച്ചകള്‍ ഉരുവാകുന്നയിടം എന്നുപറയുന്നത് ഒറ്റ യാഥാര്‍ഥ്യത്തിന്റെ ചിത്രമല്ല, മറിച്ച് അനവധി യാഥാര്‍ഥ്യങ്ങളുടെയും സമയത്തിലൂടെയുള്ള അനവധി സാധ്യതകളുടെയും പ്രതിഫലനമാണ്. കലയുടെ വിവിധ രൂപങ്ങളും സമീപനങ്ങളും തമ്മിലുള്ള ഒരു സംഭാഷണം എന്ന നിലയ്ക്കാണ് ബിനാലെ ആസൂത്രണം ചെയ്തിരിക്കുന്നത്. ഈ ബിനാലെക്കാലത്തും തുടര്‍ന്നും സമയത്തിലൂടെയും സ്‌പേസിലൂടെയും പരിണമിക്കുന്ന വിവിധ വീക്ഷണങ്ങളും സാധ്യതകളും തമ്മിലുള്ള സംഭാഷണം എന്ന രീതിയിലാണ് ഈ ബിനാലെ ഉദ്ദേശിച്ചിരിക്കുന്നത്. ഈ ലക്ഷ്യത്തിന് സഹായകരമായ രീതിയില്‍, സാധാരണഗതിയില്‍ ബിനാലെയുമായി ബന്ധമില്ലാത്ത സ്ഥലങ്ങളെയും വ്യക്തികളെയും ചേര്‍ത്ത് ഈ വര്‍ഷം ആര്‍ട്ട് പ്രോജക്റ്റുകള്‍ നടപ്പാക്കുന്നുണ്ട്. ഉദാഹരണത്തിന്, ലാത്‌വിയയില്‍ നിന്നുള്ള കലാകാരന്‍ വോള്‍ഡെമാഴ്‌സ് ജൊഹാന്‍സണ്‍സ് നഗരത്തിലെ ഓട്ടോറിക്ഷകളുടെ ഹോണ്‍ ശബ്ദങ്ങള്‍ മാറ്റുകവഴി അവരെ ബിനാലെയുടെ നഗരം ചുറ്റുന്ന അംബാസഡര്‍മാരാക്കിയിരിക്കുകയാണ്. അര്‍ജന്റീനിയന്‍ എഴുത്തുകാരനായ സെര്‍ജിയോ ഷിഫെക് കൊച്ചിയിലുടനീളമായി 88 ചാപ്റ്ററുള്ള നോവല്‍ എഴുതും- ഷെട്ടി പറത്തു.

കേരള സര്‍ക്കാരില്‍ നിന്നും കോര്‍പ്പറേറ്റുകളില്‍ നിന്നും നിരവധി വ്യക്തികളില്‍ നിന്നും ശക്തമായ പിന്തുണ കെഎംബിക്ക് ലഭിക്കുന്നുണ്ടെന്ന് ബിനാലെ സഹസ്ഥാപകന്‍ ബോസ് കൃഷ്ണമാചാരി പറഞ്ഞു.

തിങ്കളാഴ്ച്ച വൈകിട്ട് ഫോര്‍ട്ട് കൊച്ചി പരേഡ് ഗ്രൗണ്ടില്‍ നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ കെഎംബി 2016ന് തുടക്കംകുറിച്ചതായി പ്രഖ്യാപിക്കും. വൈകുന്നേരത്തെ ചടങ്ങിന് മുന്നോടിയായി പ്രധാനവേദിയായ ആസ്പിന്‍വാള്‍ ഹൗസില്‍ പതാകയുയര്‍ത്തല്‍ ചടങ്ങ് ഉണ്ടായിരിക്കും.
കൊച്ചി കലയുടെ തീര്‍ഥാടനകേന്ദ്രമായി മാറിയിരിക്കുകയാണെന്ന് ബിനാലെ സഹസ്ഥാപകന്‍ റിയാസ് കോമു പറഞ്ഞു. ജനങ്ങളുടെ ബിനാലെയെന്ന നിലയില്‍ കല കുറച്ചുകൂടി വലിയ സമൂഹത്തിലേക്ക് എത്തിക്കാനും കലാവേദികള്‍ കൂടുതല്‍ ജനകീയമാക്കാനുമാണ് ലക്ഷ്യമിടുന്നത്.

ഫോര്‍ട്ട് കൊച്ചി, മട്ടാഞ്ചേരി, എറണാകുളം എന്നിവിടങ്ങളിലായാണ് ബിനാലെയുടെ 12 വേദികള്‍ സജ്ജീകരിക്കുന്നത്. പ്രദര്‍ശനങ്ങള്‍ക്കു പുറമെ വിദ്യാര്‍ഥി ബിനാലെയടക്കം നിരവധി അനുബന്ധ പരിപാടികളാണ് ഇക്കുറി ബിനാലെയില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. ചര്‍ച്ച, സംഭാഷണങ്ങള്‍, സെമിനാറുകള്‍, ആര്‍ട്ട് ബൈ ചില്‍ഡ്രന്‍, ശില്‍പ്പശാലകള്‍, ചലച്ചിത്ര പ്രദര്‍ശനം, സംഗീതപരിപാടി എന്നിവയെല്ലാം ഇതില്‍ ഉള്‍പ്പെടുന്നു.

Comments

comments

Categories: Slider, Top Stories