ഡിജിറ്റല്‍ ലോകത്തെ സംരംഭകത്വം; കെഎംഎ സെമിനാര്‍ സംഘടിപ്പിച്ചു

ഡിജിറ്റല്‍ ലോകത്തെ സംരംഭകത്വം; കെഎംഎ സെമിനാര്‍ സംഘടിപ്പിച്ചു

 

കൊച്ചി: കേരള മാനേജ്‌മെന്റ് അസോസിയേഷന്‍ (കെഎംഎ) ‘ഡിജിറ്റല്‍ ലോകത്തിലെ സംരംഭകത്വം’ എന്ന വിഷയത്തെ ആസ്പദമാക്കി പ്രഭാഷണം സംഘടിപ്പിച്ചു. യുഎസ്എയിലെ മാര്‍ലാബ്‌സ് പ്രസിഡന്റും സിഇഒ യുമായ സിബി വടക്കേക്കര പ്രഭാഷണം നിര്‍വഹിച്ചു. ബ്രെക്‌സിറ്റ്, യുഎസ് തിരഞ്ഞെടുപ്പ്, ഇന്ത്യയിലെ നോട്ട് റദ്ദാക്കല്‍ തുടങ്ങിയവ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിലനില്‍ക്കുന്ന വേര്‍തിരിവുകളെ എങ്ങിനെയാണു വ്യക്തമായി ചിത്രീകരിക്കുന്നതെന്ന് അദ്ദേഹം തന്റെ പ്രഭാഷണത്തില്‍ വിശദീകരിച്ചു. പല തരത്തിലുള്ള ഡിജിറ്റല്‍ വിവരങ്ങളുടെ ഫലപ്രദമായ ഉപയോഗത്തിലൂടെയാണ് ഈ പ്രക്രിയകളെല്ലാം സാദ്ധ്യമാക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. കൃത്യമായ ലക്ഷ്യങ്ങളോടെയുള്ള ഡിജിറ്റല്‍ വിശകലനവും അതിന്റെ പ്രയോഗവും, രാഷ്ട്രീയവും ഭരണവും ഉള്‍പ്പെടെയുള്ള എല്ലാ മേഖലകളിലും ഇപ്പോള്‍ വിലുപമായി ഉപയോഗിക്കപ്പെടുന്നുണ്ട്. ഉപഭോക്തൃ സ്വഭാവം പഠിക്കുന്നതിനും തങ്ങളുടെ വരുമാനവര്‍ദ്ധനവിന് ഉപയുക്തമാക്കാവുന്ന തരത്തില്‍ അതു പ്രവചിക്കുന്നതിനും കോര്‍പറേറ്റ് ലോകത്തു മിക്ക കമ്പനികളും ഇന്ന് ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് ഉപയോഗിക്കുന്നുണ്ട്.

സാങ്കേതികവിദ്യയുടെ പുരോഗതി കൊണ്ടു സാദ്ധ്യമാകുന്ന ഓട്ടോമേഷന്‍ ഉയര്‍ന്ന ശമ്പളമുള്ള അനേകം തൊഴിലവസരങ്ങളെ ഇല്ലാതാക്കുമെന്ന് ഡിജിറ്റല്‍ വിപ്ലവത്തിന്റെ നിഷേധാത്മകവശങ്ങളെ പരാമര്‍ശിച്ച് അദ്ദേഹം പറഞ്ഞു. ഡ്രൈവര്‍ലെസ് കാറുകള്‍ വരുമ്പോള്‍ ഡ്രൈവര്‍മാര്‍ തൊഴില്‍രഹിതരാകും, റോബോട്ടിക് സര്‍ജറി വരുമ്പോള്‍ സര്‍ജന്മാര്‍ക്കു തൊഴില്‍ നഷ്ടമുണ്ടാകും, സപ്ലൈ ചെയിന്‍ മാനേജ്‌മെന്റിലെ ഓട്ടോമേഷന്‍ സൂപര്‍ മാര്‍ക്കറ്റുകളിലും മറ്റും തൊഴില്‍ നഷ്ടമുണ്ടാക്കും എന്നീ ഉദാഹരണങ്ങളും അദ്ദേഹം ചൂണ്ടിക്കാട്ടി. മറുവശത്ത് സോഫ്റ്റ്‌വെയര്‍ സെക്യൂരിറ്റ് സ്‌പേസ് പോലെ പുതിയ മേഖലകളില്‍ പുതിയ തൊഴിലവസരങ്ങള്‍ ഉണ്ടാകുകയും ചെയ്യും. എത്തിക്കല്‍ ഹാക്കിംഗ്, ഡാറ്റ അനലിറ്റിക്‌സ്, സോഫ്റ്റ്‌വെയര്‍ ഡെവലപ്‌മെന്റ് തുടങ്ങിയ മേഖലകളിലും ഭാവിയില്‍ തൊഴിലവസരങ്ങള്‍ വര്‍ദ്ധിക്കും.

യോഗത്തില്‍ കെ എം എ പ്രസിഡന്റ് മാത്യു ഉറുമ്പത്ത് അദ്ധ്യക്ഷത വഹിച്ചു. കെഎംഎ പ്രോഗ്രാം കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ മരിയ ഏബ്രഹാം സ്വാഗതവും കെഎംഎ ഓണററി സെക്രട്ടറി ആര്‍ മാധവ് ചന്ദ്രന്‍ നന്ദിയും പറഞ്ഞു.

Comments

comments

Categories: Branding