‘സംസ്‌കൃതം മരിച്ചിട്ടില്ല; എന്നെ നിലനിര്‍ത്തുന്നത് അതാണ്’

‘സംസ്‌കൃതം മരിച്ചിട്ടില്ല; എന്നെ നിലനിര്‍ത്തുന്നത് അതാണ്’

വര്‍ഷാവര്‍ഷം ഇന്ത്യന്‍ വിനോദ വിപണിയിലെത്തുന്ന അസംഖ്യം ചലച്ചിത്രങ്ങളില്‍ നിന്ന് വ്യത്യസ്തമാണ് ഇഷ്ടി. സാമൂഹിക പ്രമേയമുള്ള സംസ്‌കൃത ചിത്രം എന്ന നിലയിലാണ് ഇഷ്ടിയുടെ പ്രാധാന്യം. ഈ വര്‍ഷത്തെ ഗോവന്‍ അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ ഉദ്ഘാടന ചിത്രമായി പ്രദര്‍ശിപ്പിക്കപ്പെട്ട സിനിമയാണിത്. ഐഎഫ്എഫ്‌ഐ ഉള്‍പ്പടെയുള്ള നിരവധി ചലച്ചിത്ര മേളകളില്‍ ഇതിനോടകം തന്നെ ഈ ചിത്രം മത്സരിച്ചു കഴിഞ്ഞിരിക്കുന്നു. ചെന്നൈ ലയോള കോളെജ് ഒാറിയന്റല്‍ ലാംഗ്വേജസ് ഡിപ്പാര്‍ട്ട്‌മെന്റ് മുന്‍ മേധാവി ഡോക്ടര്‍ ജി. പ്രഭയാണ് ഈ ചിത്രത്തിന്റെ സംവിധായകന്‍. ചിത്രത്തെക്കുറിച്ചും, സിനിമാ നിര്‍മാണവുമായി ബന്ധപ്പെട്ട തന്റെ അനുഭവങ്ങളെക്കുറിച്ചും നേരിടേണ്ടി വന്ന വിമര്‍ശനങ്ങളെക്കുറിച്ചും ഖുശ്ബു അഗ്രഹാരിയ്ക്ക് അനുവദിച്ച അഭിമുഖത്തില്‍ അദ്ദേഹം തുറന്നു പറയുന്നു


എന്താണ് ഇഷ്ടി? ചിത്രത്തിന്റെ പ്രമേയവും ഇതിവൃത്തവും?

1940-കളിലെ കേരളത്തിന്റെ കഥ പറയുന്ന ചിത്രമാണ് ഇഷ്ടി. ആത്മത്തെ തിരയുകയെന്നതാണ് ഇഷ്ടി എന്ന വാക്കിന്റെ അര്‍ഥം. 71-കാരനായ രാമവിക്രമന്‍ നമ്പൂതിരിയെന്ന കുടുംബനാഥന്‍ സോമയാഗം നടത്തുന്ന വേദ പണ്ഡിതനാണ്. അതിരാത്രം നടത്തുകയെന്നതാണ് അദ്ദേഹത്തിന്റെ ഏറ്റവും വലിയ ആഗ്രഹം. രാമവിക്രമന്‍ നമ്പൂതിരിയുടെ മൂന്നാമത്തെ ഭാര്യയായി വിദ്യാസമ്പന്നയും 17-കാരിയുമായ ശ്രീദേവി കടന്നുവരുന്നതോടെ ഉണ്ടാകുന്ന പരിവര്‍ത്തനങ്ങളാണ് ചിത്രത്തെ മുന്നോട്ടുനയിക്കുന്നത്. കുടുംബത്തിലെ യുവതലമുറയില്‍പ്പെട്ട അംഗങ്ങള്‍ക്ക് അവള്‍ പ്രചോദനമാകുന്നു. രാമവിക്രമന്‍ നമ്പൂതിരിയുടെ മൂത്ത പുത്രനായ രാമന്‍ നമ്പൂതിരിക്ക് എഴുത്തും വായനയും പഠിക്കാന്‍ ശ്രീദേവി പ്രോത്സാഹനം നല്‍കുന്നു. താമസിയാതെ ഇവര്‍ രണ്ടുപേര്‍ക്കുമെതിരേ ഒരു ഗൂഡാലോചനയ്ക്ക് കളമൊരുങ്ങുന്നു. തീര്‍ത്തും യാഥാസ്ഥിതികവും പുരുഷകേന്ദ്രീകൃതവുമായ ഈ കുടുംബം ഇവരുടെ ബന്ധം അവിഹിതമെന്ന് ആരോപിക്കുന്നതോടെ കഥയില്‍ അപ്രതീക്ഷിതവും അവിശ്വസനീയവുമായ വഴിത്തിരിവുണ്ടാകുന്നു. രാമവിക്രമന്‍ നമ്പൂതിരിയായി മലയാളി താരം നെടുമുടി വേണു അരങ്ങിലെത്തുന്നു. പുതുമുഖം ആതിര പട്ടേലാണ് ശ്രീദേവിയെ അവതരിപ്പിക്കുന്നത്.

ishti

ഇത് വളരെ വ്യത്യസ്തമായ ചലച്ചിത്രമാണ്. സംസ്‌കൃതത്തില്‍ നിര്‍മിച്ച സിനിമ. കഥാപാത്രങ്ങളെല്ലാം അക്കാലത്ത് പോലും അപൂര്‍വമായി ഉപയോഗിച്ചിരുന്ന സംസ്‌കൃത ഭാഷയാണ് സംസാരിക്കുന്നത്. എന്നിട്ടുംചിത്രം വലിയ രീതിയില്‍ അംഗീകരിക്കപ്പെട്ടു. പണ്ഡിതരായ ചലച്ചിത്ര നിരൂപകര്‍ മുതല്‍ സാധാരണക്കാര്‍ക്കിടയില്‍ വരെ ഒരുപോലെ അംഗീകാരം നേടി. എങ്ങനെയാണ് ഇതിനെ കാണുന്നത്?

അതെ. ഇഷ്ടി ഒരു സംസ്‌കൃത ചലച്ചിത്രം തന്നെയാണ്. ഒന്നാമതായി ഏതൊരു ചലച്ചിത്രത്തിനും ഭാഷ ഒരു പ്രതിബന്ധമല്ല. നമ്മുടെ പ്രേക്ഷകര്‍ സബ്‌ടൈറ്റിലുകള്‍ പോലുമില്ലാതെ കൊറിയന്‍ ചിത്രങ്ങളും ഇറ്റാലിയന്‍ ചിത്രങ്ങളുമെല്ലാം ആസ്വദിക്കുന്നുണ്ട്. കാരണം ചലച്ചിത്രങ്ങള്‍ ദൃശ്യ ഭാഷയിലൂടെയാണ് പ്രേക്ഷകര്‍ക്ക് അനുഭവവേദ്യമാകുന്നത്. സംസ്‌കൃത ഭാഷയിലുള്ള സംഭാഷണങ്ങളേക്കാളുപരിയായി സാര്‍വത്രികമായ ദൃശ്യഭാഷയിലൂടെയാണ് ഇഷ്ടിയും അതിന്റെ കഥ പ്രേക്ഷകരിലേക്ക് എത്തിക്കുന്നത്. നിശബ്ദതയ്ക്കും ഈ ചിത്രത്തില്‍ വളരെയേറെ പ്രാധാന്യം നല്‍കിയിട്ടുണ്ട്. സിനിമ കാണുന്നതിന് മുന്‍പ് പ്രേക്ഷകര്‍ ഭാഷയെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ചെങ്കിലും പിന്നീട് അവര്‍ക്ക് ഇതിനെക്കുറിച്ചുള്ള ഈ അങ്കലാപ്പ് ഉണ്ടായിട്ടില്ല എന്നതാണ് എന്റെ അനുഭവം. സിനിമ കാണുമ്പോഴുള്ള പ്രതികരണത്തില്‍ നിന്നും സംസ്‌കൃതഭാഷ അവര്‍ക്കൊരു തടസമാവുന്നില്ലെന്ന നിഗമനത്തില്‍ എനിക്ക് എത്തേണ്ടതുണ്ടായിരുന്നു. എല്ലാ ഇന്ത്യന്‍ ഭാഷകളും സംസ്‌കൃത പാരമ്പര്യം പേറുന്നവയാണ്. കാണികള്‍ക്ക് സബ്‌ടൈറ്റിലുകള്‍ ഇല്ലാതെ തന്നെ കഥ മനസിലാക്കാനാവും. എന്നിട്ടും നമ്മള്‍ ഇപ്പോഴും ഇംഗ്ലീഷ് സബ്‌ടൈറ്റിലുകള്‍ ഉപയോഗിക്കുണ്ട്.

എന്തുകൊണ്ട് സംസ്‌കൃതം? ഇഷ്ടി സംസ്‌കൃതത്തില്‍ നിര്‍മിക്കാന്‍ എന്തെങ്കിലും പ്രത്യേക കാരണമുണ്ടായിരുന്നോ? നിലവില്‍ മുഖ്യധാരയിലില്ലാത്ത ഭാഷയെ പുനര്‍ജീവിപ്പിക്കാന്‍ ലക്ഷ്യമിട്ടിരുന്നോ?

ഒരു ദശാബ്ദക്കാലം സംസ്‌കൃത അധ്യാപകനായിരുന്ന എനിക്ക് പുരാതനവും ആധികാരികവുമായ നിരവധി പുസ്തകങ്ങളാല്‍ മറ്റേത് ഭാഷയേക്കാളും സംസ്‌കൃതം സമ്പന്നമാണെന്ന് അറിയാമായിരുന്നു. നാട്യശാസ്ത്രം പോലുള്ള ഗ്രന്ഥങ്ങള്‍ ഇതിന് ഉദാഹരണമാണ്. ഒരു സാമൂഹിക വിഷയം സംസ്‌കൃത ഭാഷയില്‍ അവതരിപ്പിക്കാന്‍ ഇതാണ് കാരണം. സാമൂഹികമായ ഇതിവൃത്തമുള്ള ആദ്യ സംസ്‌കൃത ചിത്രമാണിത്. സംസ്‌കൃതം ഒരു ഭാഷയെന്നനിലയില്‍ ബ്രാഹ്മണര്‍ക്കിടയിലായിരുന്നു ഏറെ പ്രചാരത്തിലുണ്ടായിരുന്നത്. ഈ വസ്തുത ചിത്രത്തിന്റെ പ്രമേയവുമായി ബന്ധിപ്പിച്ചു. അങ്ങനെ ബ്രാഹ്മണരുടെ കഥ സംസ്‌കൃത ഭാഷയിലൂടെ പറയുകയായിരുന്നു. ഇത് കൂടുതല്‍ വിശ്വാസ്യതയുളവാക്കാനും സഹായിച്ചു. അതുകൊണ്ടുതന്നെ ഇത് സംസ്‌കൃതത്തിനു വേണ്ടി മാത്രമുള്ള ചിത്രമല്ല. ചിത്രത്തിന്റെ പ്രമേയം സംബന്ധിച്ച് ഈ ഭാഷ അനിവാര്യമായിരുന്നു.
ഞാന്‍ ഒരു കാര്യം കൂടി കൂട്ടിച്ചേര്‍ക്കാം. സംസ്‌കൃതം എന്നത് മൃതിയടഞ്ഞ ഒരു ഭാഷയല്ല. എന്നെ സംബന്ധിച്ചിടത്തോളം അതിന് ജീവനുണ്ട്. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ഞാന്‍ എന്റെ ജീവിത മാര്‍ഗം കണ്ടെത്തുന്നത് സംസ്‌കൃത അധ്യാപനത്തിലൂടെയാണ്. എന്നെ ജീവനോടെ നിലനിര്‍ത്തുന്ന ഭാഷയാണ് സംസ്‌കൃതം. സംസ്‌കൃതം പോലുള്ള ശ്രേഷ്ഠവും മനോഹരവുമായ ഭാഷയെ ഒരു ചലച്ചിത്രത്തിലൂടെ ഒരാള്‍ക്ക് തിരിച്ചു കൊണ്ടുവരാന്‍ സാധിക്കുമെന്ന് ആരെങ്കിലും അവകാശപ്പെടുന്നുണ്ടെങ്കില്‍ അതിനെ മണ്ടത്തരമെന്നേ വിശേഷിപ്പിക്കാനാവൂ.

സ്വാതന്ത്ര്യത്തിനു മുന്‍പുള്ള കാലത്തെ കഥ പറയുന്ന ഈ ചിത്രത്തെ എങ്ങനെയാണ് ഇന്നത്തെ സമൂഹവുമായി ബന്ധിപ്പിക്കുന്നത്?

ഞാന്‍ മുന്‍പ് സൂചിപ്പിച്ചതുപോലെ 1940-കള്‍ക്ക് മുന്‍പുള്ള ഒരു കേരള ബ്രാഹ്മണ കുടുംബത്തിന്റെ കഥയാണ് ചിത്രം പറയുന്നത്. എന്നാല്‍ ഇത് സമൂഹത്തിലെ ചെറിയ വിഭാഗത്തിന്റെ മാത്രം കഥയല്ല. അതിന് സാര്‍വത്രികമായ ഒരു സ്വീകാര്യതയുണ്ട്. ചിത്രം ചര്‍ച്ച ചെയ്യുന്ന വിഷയത്തിന് സാര്‍വലൗകിക പ്രസക്തിയുമുണ്ട്. ലിംഗ സമത്വം, സ്ത്രീകളുടെ ശാക്തീകരണം, വിദ്യാഭ്യാസം, സ്വാതന്ത്ര്യം എന്നിവയാണിവ. എല്ലാരീതിയിലും ഇതൊരു സ്ത്രീ കേന്ദ്രീകൃത വിഷയമാണ്. വിദ്യാഭ്യാസത്തിലൂടെ സമൂഹത്തില്‍ വിപ്ലവകരമായ മാറ്റം കൊണ്ടുവരാന്‍ ശ്രമിക്കുന്ന ഒരു സ്ത്രീയുടെ കഥയാണിത്. സമൂഹത്തില്‍ ഇന്നും പ്രത്യക്ഷമായി തന്നെ നിലനില്‍ക്കുന്ന സ്ത്രീ ശാക്തീകരണം, വിദ്യാഭ്യാസം, ലിംഗവിവേചനം തുടങ്ങിയ വിഷയങ്ങളെ ചിത്രം അഭിസംബോധന ചെയ്യുന്നു. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ ഇതൊരു സ്ത്രീപക്ഷ സിനിമയാണ്. ഒരുകാലത്ത് കേരളത്തിലെ നമ്പൂതിരി കുടുംബങ്ങളിലെ സ്ത്രീകള്‍ ഈ സാമൂഹിക തിന്മകളുടെയെല്ലാം ഇരയായിട്ടുണ്ട്. പില്‍ക്കാലത്ത് ഇതിനെയെല്ലാം നമ്പൂതിരി സ്ത്രീകള്‍ തരണം ചെയ്തിട്ടുണ്ടെങ്കിലും ഇന്നും ഈ സാമൂഹിക തിന്മകള്‍ നമ്മുടെ രാജ്യത്തെ മറ്റുപല മതങ്ങളിലും നിലനില്‍ക്കുന്നു.

ഐഎഫ്എഫ്‌ഐ ഉള്‍പ്പടെയുള്ള അന്താരാഷ്ട്ര ചലച്ചിത്രോത്സവങ്ങള്‍ ചിത്രത്തെ എങ്ങനെയാണ് സ്വീകരിച്ചത്?

ഗോവന്‍ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിലെ ഉദ്ഘാടന ചിത്രമായിരുന്നു ഇഷ്ടി. ഏറെ അഭിമാനിക്കാവുന്ന കാര്യമാണിത്. ഇതോടൊപ്പം മത്സരവിഭാഗത്തിലേക്കും ചിത്രം തെരഞ്ഞെടുത്തിട്ടുണ്ട്. അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്റെ മത്സര വിഭാഗത്തിലേക്ക് ഒരു സംസ്‌കൃത ചലച്ചിത്രം തെരഞ്ഞെടുക്കപ്പെടുന്നത് ചരിത്രത്തില്‍ ആദ്യമായാണ്. ഈ വിഭാഗത്തിലേക്ക് തെരഞ്ഞെടുത്ത രണ്ട് ഇന്ത്യന്‍ ചിത്രങ്ങളില്‍ ഒന്നാണ് ഇഷ്ടി. മറ്റുള്ളവയെല്ലാം വിദേശ സിനിമകളാണ്.
ഒരു സംസ്‌കൃത ചിത്രം സംവിധാനം ചെയ്തു എന്നതിനേക്കാളുപരി ഐഎഫ്എഫ്‌ഐയില്‍ ഇന്ത്യന്‍ സിനിമയെ മുഴുവന്‍ പ്രതിനിധീകരിക്കാനുള്ള അവസരം ലഭിച്ചുവെന്നതിലാണ് എനിക്ക് ഏറെ സന്തോഷം. ഇത് ചിത്രത്തിന്റെ കലാമൂല്യത്തിനുള്ള അംഗീകാരമാണ്. പ്രദര്‍ശിപ്പിച്ചതിന് ശേഷം പല മുതിര്‍ന്ന സംവിധായകരും മേഖലയിലെ വിദഗ്ധരും ചിത്രത്തെ അഭിനന്ദിച്ചിട്ടുണ്ട്. കൊല്‍ക്കത്ത അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിലെ കാണികളുടെ ആവേശകരമായ പ്രതികരണങ്ങളും എടുത്തുപറയേണ്ടതാണ്. ചെന്നൈയിലേയും ഡല്‍ഹിയിലെയും പ്രവ്യൂവിന് ശേഷവും വ്യാപകമായ പ്രശംസയാണ് ചിത്രത്തിന് ലഭിച്ചത്. ദേശീയ, അന്താരാഷ്ട്ര മാധ്യമങ്ങളും മികച്ച കവറേജാണ് ചിത്രത്തിന് നല്‍കിയത്.

144_film-still-1ഇഷ്ടിയുടെ കഥയ്ക്ക് ആരെങ്കിലും പ്രചോദനമായിട്ടുണ്ടോ?

തീര്‍ച്ചയായും. കേരളത്തിലെ നിരവധി സാമൂഹ്യ പരിഷ്‌കര്‍ത്താക്കള്‍ എന്നെ സ്വാധീനിച്ചിട്ടുണ്ട്. വി ടി ഭട്ടതിരിപ്പാട്, അക്കിത്തം തുടങ്ങിയവരും അവരുടെ രചനകളും എനിക്ക് പ്രചോദനമായി. അക്കിത്തത്തിന്റെ ജീവിതത്തെക്കുറിച്ച് ഞാന്‍ ഒരു ഡോക്യുമെന്ററി ചെയ്തിരുന്നു. വേദങ്ങളിലും മന്ത്രങ്ങളിലും നിപുണനായിരുന്നെങ്കിലും വി ടി ഭട്ടതിരിപ്പാട് നിരക്ഷരനായിരുന്നു. ഒരു കൊച്ചു പെണ്‍കുട്ടിയാല്‍ പ്രചോദിതനായാണ് അദ്ദേഹം എഴുത്തും വായനയും പഠിക്കുന്നത്. വിടിയുടെ ആത്മകഥയില്‍ പ്രതിപാദിച്ചിട്ടുള്ള ഇത്തരം സംഭവങ്ങള്‍ എനിക്ക് ഒരു പുതിയ ഉള്‍ക്കാഴ്ച പകരുകയായിരുന്നു. ഇത് പിന്നീട് സിനിമയുടെ ആശയത്തിനും പ്രചോദനമായി. 2012-ല്‍ പാഞ്ഞാള്‍ അതിരാത്രത്തെക്കുറിച്ച് ഞാന്‍ ഒരു ഡോക്യുമെന്ററി ചെയ്തിരുന്നു. അതിന്റെ അനുഭവങ്ങളുടെ അടിസ്ഥാനത്തില്‍ ഞാന്‍ ഇഷ്ടിയുടെ കഥ വികസിപ്പിച്ചു. കഥാപാത്രങ്ങളായ രാമവിക്രമന്‍ നമ്പൂതിരിയും ശ്രീദേവിയും ഉയര്‍ന്നുവന്നത് ഇങ്ങനെയായിരുന്നു.

ഇക്കാലത്ത് സിനിമാ നിര്‍മാണമെന്നത് പ്രധാനമായും പണമുണ്ടാക്കാനുള്ള മാര്‍ഗമാണ്. മാത്രമല്ല ഇതിനു വന്‍തോതിലുള്ള മുതല്‍മുടക്കും ആവശ്യമാണ്. വിപണിയില്‍ ആധിപത്യമുള്ളത് ഇത്തരം ബിഗ് ബജറ്റ് സിനിമകള്‍ക്കാണെങ്കിലും നിലവാരവും കലാമൂല്യവും കുറയുന്നതായാണ് കാണുന്നത്. എങ്ങനെയാണ് ഇഷ്ടി ഇത്തരം കച്ചവട സിനിമകളുടെ കടന്നുകയറ്റത്തെ അതിജീവിച്ചത്?

ഇത് ആശങ്കയുളവാക്കുന്ന വിഷയമാണ്. ഇഷ്ടി പോലുള്ള ഒരു ചിത്രത്തിന് വിതരണക്കാരെ കിട്ടുകയെന്നത് ഏതാണ്ട് അസാധ്യമായിരുന്നു. അങ്ങനെ കിട്ടുമായിരുന്നുവെങ്കില്‍ എനിക്ക് ഒരു നിര്‍മാതാവിനെയെങ്കിലും ലഭിക്കേണ്ടതായിരുന്നു. നിങ്ങള്‍ക്കറിയാമോ, ഒരു നിര്‍മാതാവിനെ കണ്ടെത്താന്‍ സാധിക്കാതിരുന്നതിനെത്തുടര്‍ന്നാണ് ഞാന്‍ എന്റെ സുഹൃത്തുക്കളുടെ സഹായത്തോടെ ഇഷ്ടി നിര്‍മിച്ചത്. കേരള ചലച്ചിത്ര വികസന കോര്‍പ്പറേഷനില്‍ നിന്ന് ധനസഹായവും ലഭിച്ചു. കേരളത്തിലെ കെഎഫ്ഡിസിപോലെയുള്ള ചലച്ചിത്ര വികസന കോര്‍പ്പറേഷനുകള്‍ നിരവധി തിയേറ്ററുകള്‍ നടത്തുന്നുണ്ട്. ഇവരുടെ കീഴിലുള്ള ഏതെങ്കിലും ഒരു തിയേറ്ററില്‍ ഇത്തരം ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കാന്‍ സര്‍ക്കാര്‍ തയാറായാല്‍ അതൊരു വലിയ കാര്യമായിരിക്കും. ഇതാണ് സര്‍ക്കാരിന് ചെയ്യാനാവുന്ന കാര്യം.

പ്രേക്ഷകരുടെയും ചലച്ചിത്ര നിരൂപകരുടെയും ഭാഗത്ത് നിന്ന് പ്രശംസ ലഭിച്ചതല്ലാതെ ഇഷ്ടിക്ക് ദേശീയ അവാര്‍ഡുകളൊന്നും സ്വന്തമാക്കാനായിട്ടില്ല. ഇതില്‍ നിരാശയുണ്ടോ?

ഒരിക്കലുമില്ല. എനിക്ക് അത്തരം ചിന്തകളൊന്നുമില്ല. ഇത്തരം കാര്യങ്ങളെക്കുറിച്ച് പ്രതികരിക്കാനും താല്‍പര്യമില്ല. ഒരു സിനിമ നിര്‍മിക്കുന്നതിന്റെ അവസാന ലക്ഷ്യം സര്‍ക്കാര്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന അവാര്‍ഡുകളാണെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. പ്രേക്ഷകര്‍ക്കിടയിലെ ചലച്ചിത്രത്തിന്റെ സ്വീകാര്യതയും അവരുടെ അഭിനന്ദനങ്ങളും തന്നെയാണ് എനിക്ക് മുഖ്യം. മഹാനായ സംസ്‌കൃത പണ്ഡിതനും കവിയുമായ ശ്രീ സത്യ വ്രത് ശാസ്ത്രി ഡല്‍ഹിയില്‍ നടന്ന ഇഷ്ടിയുടെ പ്രിവ്യൂ ചടങ്ങില്‍ മുഖ്യാതിഥിയായിരുന്നു. പ്രിവ്യൂവിന് ശേഷം അദ്ദേഹം സിനിമയെ പ്രശംസിക്കുകയും എന്നോട് അതിന്റെ സന്തോഷം പങ്കുയ്ക്കുകയും ചെയ്തു. ഒരു സംവിധായകനെന്ന നിലയില്‍ എനിക്ക് ലഭിച്ച ഏറ്റവും വലിയ അംഗീകാരമാണിത്. ചലച്ചിത്രോത്സവങ്ങളില്‍ വച്ച് ലഭിച്ച പ്രോത്സാഹനവാക്കുകളും അഭിനന്ദനങ്ങളും മുന്‍പു സൂചിപ്പിച്ചത് പോലെ എനിക്ക് ആത്മവിശ്വാസവും സംതൃപ്തിയും പകര്‍ന്നു. വിവിധ ചലച്ചിത്രോത്സവങ്ങളില്‍ ഈ സിനിമ പ്രദര്‍ശിപ്പിക്കപ്പെടണമെന്നായിരുന്നു എന്റെ ആഗ്രഹം. എന്നാല്‍ മാത്രമേ ചിത്രത്തിന് ബഹുജനങ്ങള്‍ക്കിടയിലേക്ക് എത്താന്‍ സാധിക്കുകയുള്ളുവെന്ന് എനിക്കറിയാമായിരുന്നു. ഏത് അവാര്‍ഡിനേക്കാളും മൂല്യമുള്ളതാണ് അവരുടെ പ്രതികരണങ്ങള്‍.

Comments

comments

Categories: Movies, Slider