ഡിഎല്‍എഫിന്റെ പ്രൊമോട്ടര്‍മാരുടെ ഓഹരികള്‍ വാങ്ങാമെന്ന് നിക്ഷേപകര്‍

ഡിഎല്‍എഫിന്റെ പ്രൊമോട്ടര്‍മാരുടെ  ഓഹരികള്‍ വാങ്ങാമെന്ന് നിക്ഷേപകര്‍

 
ന്യൂഡെല്‍ഹി: റിയല്‍റ്റി രംഗത്തെ വമ്പന്‍മാരായ ഡിഎല്‍എഫിന്റെ പ്രൊമോട്ടര്‍മാരുടെ ഓഹരികള്‍ വാങ്ങാന്‍ സന്നദ്ധതയറിയിച്ച് രണ്ടു നിക്ഷേപകര്‍. നാല്‍പ്പതു ശതമാനം ഓഹരികള്‍ വിറ്റ് 14000 കോടി രൂപ സമാഹരിക്കാനാണ് പ്രൊമോട്ടര്‍മാരുടെ നീക്കം. സാമ്പത്തിക വര്‍ഷത്തിന്റെ അടുത്ത പാദത്തില്‍ ഇതു സംബന്ധിച്ച കരാറിലെത്താനാവുമെന്നും അവര്‍ പ്രതീക്ഷിക്കുന്നു.
2015 ഒക്‌റ്റോബറിലാണ് ഡിഎല്‍എഫ് സൈബര്‍ സിറ്റി ഡെവലപ്പേഴ്‌സ് ലിമിറ്റഡി (ഡിസിസിഡിഎല്‍)ലെ ഓഹരികള്‍ വില്‍ക്കുന്നതായി പ്രൊമോട്ടര്‍മാര്‍ പ്രഖ്യാപിച്ചത്. ഇതിലൂടെ സമാഹരിക്കുന്ന തുകയില്‍ ഭൂരിഭാഗവും ഡിഎല്‍എഫ് ലിമിറ്റഡില്‍ നിക്ഷേപിക്കും. ഇന്ത്യയിലെ ഏറ്റവും വലിയ റിയല്‍ എസ്റ്റേറ്റ് കമ്പനിയായ ഡിഎല്‍എഫാണ് ഡിസിസിഡിഎല്ലിലെ 60 ശതമാനം ഓഹരികളും കൈവശംവെയ്ക്കുന്നത്. അവശേഷിക്കുന്നവ പ്രൊമോട്ടര്‍മാരും കൈയാളുന്നു.
രണ്ടു പ്രധാന നിക്ഷേപകരില്‍ നിന്ന് ഓഹരി വാങ്ങല്‍ വാഗ്ദാനം ലഭിച്ചിട്ടുണ്ട്. ബാങ്കര്‍മാരും നിയമോപദേശകരും അവയുടെ നിബന്ധനകളെയും ഉപാധികളെയും പറ്റി വിശകലനം നടത്തിവരുകയാണ്- ഡിഎല്‍എഫ് സീനിയര്‍ എക്‌സിക്യൂട്ടിവ് ഡയറക്റ്റര്‍ (ഫിനാന്‍സ്) സൗരബ് ചൗള പറഞ്ഞു. അടുത്ത സാമ്പത്തിക പാദത്തില്‍ ഓഹരി വില്‍പ്പന സംബന്ധിച്ച പ്രാഥമിക കരാറിലെത്താമെന്നാണ് പ്രതീക്ഷ. റെഗുലേറ്ററി അനുമതികള്‍ ലഭിച്ചാല്‍ അന്തിമ കരാര്‍ ഒപ്പിടും.
നോട്ട് നിരോധനവും റിയല്‍ എസ്‌റ്റേറ്റ് റെഗുലേറ്ററി നിയമവും രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയ്ക്കും റിയല്‍റ്റി രംഗത്തിനും ഗുണം ചെയ്യും. ഡിഎല്‍എഫിനെപ്പോലുള്ള കമ്പനികള്‍ക്ക് കൂടുതല്‍ മെച്ചപ്പെട്ട ബിസിനസ് അവസരം അതൊരുക്കും. നോട്ട് അസാധുവാക്കല്‍ ഭവന ഉപഭോക്താക്കളെ പിന്‍വലിയുന്നതിന് പ്രേരിപ്പിച്ചിട്ടുണ്ട്. എന്നാല്‍ രണ്ടു മൂന്നു പാദങ്ങള്‍ കൊണ്ട് കാര്യങ്ങളെല്ലാം സാധാരണ നിലയിലാകുമെന്നും വില്‍പ്പന തിരിച്ചുവരുമെന്നും ചൗള ആത്മവിശ്വാസം പ്രകടിപ്പിച്ചു. അതേസമയം, നേരത്തെ കണക്കുകൂട്ടിയതിനെക്കാള്‍ കുറഞ്ഞ തുകയേ ഓഹരി വില്‍പ്പനയിലൂടെ സമാഹരിക്കാന്‍ സാധിക്കുകയുള്ളുവെന്നാണ് ഡിഎല്‍എഫിന്റെ വിലയിരുത്തല്‍.
ധനകാര്യ വര്‍ഷത്തിന്റെ രണ്ടാം പാദത്തില്‍ ഡിഎല്‍എഫിന്റെ അറ്റാദായം ചെറുതായി ഇടിഞ്ഞിട്ടുണ്ട്, 206.9 കോടി രൂപ. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ 208.18 കോടി രൂപയായിരുന്നു കമ്പനിയുടെ അറ്റാദായം. ഒന്നാം പാദത്തിലെ 41 ശതമാനത്തിന്റെ ( 332.05 കോടിയുടെ സ്ഥാനത്ത് 467.51 കോടി രൂപ) കുതിപ്പില്‍ നിന്നാണ് ഈ തിരിച്ചിറക്കം.
എന്നാല്‍ ജൂലൈ- സെപ്റ്റംബര്‍ കാലയളവില്‍ വരുമാനം മുന്‍ വര്‍ഷത്തെ 2,040.84 കോടി രൂപയില്‍ നിന്ന് 1.46 ശതമാനം ഉയര്‍ന്ന് 2,070.67 കോടിയിലെത്തി. 269 മില്ല്യണ്‍ ചതുരശ്ര അടിയിലെ പദ്ധതികള്‍ നടപ്പിലാക്കുന്നതിനുള്ള ശേഷി ഡിഎല്‍എഫിനുണ്ട്. അതില്‍ 26.9 മില്ല്യണ്‍ ചതുരശ്ര അടിയിലെ നിര്‍മാണം പുരോഗമിച്ചുവരുന്നു.

Comments

comments

Categories: Branding