ആഫ്രിക്കയില്‍ കണ്ണുവെച്ച് ഇന്ത്യന്‍ ആരോഗ്യ പരിരക്ഷാ കമ്പനികള്‍

ആഫ്രിക്കയില്‍ കണ്ണുവെച്ച് ഇന്ത്യന്‍ ആരോഗ്യ പരിരക്ഷാ കമ്പനികള്‍

 

ബെംഗളൂരു : രാജ്യത്ത് മിതമായ നിരക്കില്‍ ആരോഗ്യ സേവനങ്ങള്‍ ലഭ്യമാക്കുന്ന ഇന്ത്യന്‍ കമ്പനികള്‍ തങ്ങളുടെ വിജയക്കുതിപ്പ് ആഫ്രിക്കന്‍ രാജ്യങ്ങളില്‍ തുടരാന്‍ തയാറെടുക്കുന്നു. ആഫ്രിക്കയിലെ വിദൂര സ്ഥലങ്ങളില്‍പ്പോലും മെച്ചപ്പെട്ട ആരോഗ്യ സേവനങ്ങള്‍ നല്‍കുകയാണ് ടെലിറേഡിയോളജി സൊലൂഷന്‍സ്.
ഒരു ദശാബ്ദം മുമ്പ് ഇത്തരം കമ്പനികള്‍ ഇന്ത്യയില്‍ നേരിട്ട അതേ വെല്ലുവിളികളാണ് ഇപ്പോള്‍ ആഫ്രിക്കയില്‍ അഭിമുഖീകരിക്കുന്നത്. ആധുനിക ആരോഗ്യ പരിരക്ഷാ-രോഗനിര്‍ണയ സംവിധാനങ്ങള്‍ ഇനിയും സാന്നിധ്യമറിയിച്ചിട്ടില്ലാത്തതിനാല്‍ ആഫ്രിക്കന്‍ ഭൂഖണ്ഡം ഇന്ത്യന്‍ കമ്പനികള്‍ക്ക് വലിയ സാധ്യതകളാണ് തുറന്നുവെക്കുന്നത്. അഞ്ചു വര്‍ഷത്തിനുള്ളില്‍ ആഫ്രിക്കയിലെ മരുന്നു വ്യവസായം വലിയ രീതിയില്‍ വളര്‍ച്ച കൈവരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. വിതരണം വര്‍ധിപ്പിച്ചുകൊണ്ട് വിലക്കുറവ് പ്രാവര്‍ത്തികമാക്കുന്ന രീതിയാണ് ഈ ഇന്ത്യന്‍ കമ്പനികള്‍ സ്വീകരിച്ചിട്ടുള്ളത്.
ടാന്‍സാനിയ, സിംബാബ്‌വെ, നൈജീരിയ, ഉഗാണ്ട, ജിബൂട്ടി, എത്യോപ്യ തുടങ്ങിയ രാജ്യങ്ങളില്‍ ടെലിറേഡിയോളജി സൊലൂഷന്‍സ് ഇതിനകം സാന്നിധ്യമറിയിച്ചുകഴിഞ്ഞതായി സഹസ്ഥാപക സുനിത മഹേശ്വരി വ്യക്തമാക്കുന്നു. ടെലിറേഡിയോളജി സൊലൂഷന്‍സിന്റെ വിറ്റുവരവിന്റെ 20 ശതമാനം ആഫ്രിക്കയില്‍ നിന്നാണ് ലഭിക്കുന്നത്. ഇന്ത്യയില്‍ നിന്ന് 5 മുതല്‍ 7 ശതമാനം വരെയും അമേരിക്കയില്‍ നിന്ന് 30 ശതമാനം വരെയും വിഹിതം ലഭിക്കുന്നു. നിലവില്‍ കമ്പനിയുടെ 85 ശതമാനവും ബിസിനസ് നടക്കുന്നത് അമേരിക്കയില്‍ നിന്നാണ്. ബാക്കി ശതമാനം മാത്രമാണ് ആഫ്രിക്കയടക്കമുള്ള രാജ്യങ്ങളില്‍ നടക്കുന്നത്. അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ ആഫ്രിക്കയിലെ ബിസിനസ് 15 ശതമാനമായി ഉയര്‍ത്താനാണ് ശ്രമിക്കുന്നത്.
ആഫ്രിക്കന്‍ രാജ്യങ്ങളില്‍നിന്ന് നിരവധി പേര്‍ ഇന്ത്യയില്‍ ചികിത്സക്കെത്തുന്നുണ്ട്. അതുകൊണ്ടുകൂടിയാണ് ഇന്ത്യന്‍ കമ്പനികള്‍ ആഫ്രിക്കയില്‍ കണ്ണുവെക്കുന്നതെന്ന് കെപിഎംജി ഇന്ത്യ ആഫ്രിക്ക വിഭാഗം മേധാവി നവീന്‍ അഗര്‍വാള്‍ ചൂണ്ടിക്കാട്ടുന്നു.

Comments

comments

Categories: Business & Economy