ജിഎസ്ടി ഏപ്രില്‍ ഒന്നിന് നടപ്പാക്കുന്ന കാര്യത്തില്‍ അനിശ്ചിതത്വം

ജിഎസ്ടി ഏപ്രില്‍ ഒന്നിന് നടപ്പാക്കുന്ന കാര്യത്തില്‍ അനിശ്ചിതത്വം

 
ന്യൂഡെല്‍ഹി: മുന്‍നിശ്ചയിച്ച പ്രകാരം അടുത്ത സാമ്പത്തിക വര്‍ഷത്തിന്റെ ആരംഭം മുതല്‍ ജിഎസ് ടി ബില്‍ നടപ്പാക്കി തുടങ്ങുന്നതു സംബന്ധിച്ച് അനിശ്ചിതത്വം തുടരുന്നു. ജിഎസ്ടിയുമായി ബന്ധപ്പെട്ട് കരട് ബില്ലുകള്‍ സംബന്ധിച്ച് ജിഎസ്ടി കൗണ്‍സില്‍ യോഗത്തില്‍ സമവായത്തിലെത്താന്‍ കഴിയാത്തതാണ് പ്രതിസന്ധി സൃഷ്ടിക്കുന്നത്. അതേസമയം ജിഎസ്ടി നടപ്പാക്കുമ്പോള്‍ സംസ്ഥാന അതിര്‍ത്തികളിലെ നിലവിലുള്ള ചെക്‌പോസ്റ്റുകള്‍ ഒഴിവാക്കുന്നതിന് ജിഎസ്ടി കൗണ്‍സില്‍ യോഗത്തില്‍ ധാരണയായി.

കേന്ദ്ര ജിഎസ്ടി, ഇന്റഗ്രേറ്റഡ് ജിഎസ്ടി, ജിഎസ്ടി നടപ്പാക്കുന്നതോടെ സംസ്ഥാനങ്ങള്‍ക്കുണ്ടാകുന്ന വരുമാന നഷ്ടം നികത്തുന്നതിനുള്ള എസ്ജിഎസ്ടി എന്നീ മൂന്ന് ബില്ലുകളാണ് പാര്‍ലമെന്റ് അംഗീകരിക്കേണ്ടത്. വെള്ളിയാഴ്ച അവസാനിക്കുന്ന ശൈത്യകാല സമ്മേളനത്തില്‍ ഇനി ഈ ബില്ലുകള്‍ അവതരിപ്പിച്ച് പാസാക്കിയെടുക്കാനാകില്ല. ജിഎസ്ടി കൗണ്‍സിലില്‍ സമവായം ഉറപ്പാക്കാനായാല്‍ മാത്രമേ ഇനി ജനുവരിയില്‍ തുടങ്ങുന്ന ബജറ്റ് സമ്മേളനത്തില്‍ ഈ ബില്ലുകള്‍ അവതരിപ്പിക്കാന്‍ സാധ്യതയുള്ളൂ.

ഏപ്രില്‍ ഒന്നിന് പുതിയ നികുതി സമ്പ്രദായം നടപ്പാക്കുന്നതിന് മുമ്പ് സംസ്ഥാന നിയമസഭകള്‍ എസ്ജിഎസ്ടി ബില്ല് പാസ്സാക്കേണ്ടതുണ്ട്. അടുത്ത സാമ്പത്തിക വര്‍ഷത്തിന്റെ തുടക്കം മുതല്‍ ജിഎസ്ടി വേണമെന്ന കേന്ദ്ര സര്‍ക്കാരിന്റെ ആഗ്രഹത്തിന് ഇതും വിലങ്ങുതടിയാണ്. എന്നാല്‍ ഏപ്രില്‍ ഒന്നിന് തന്നെ ചരക്ക് സേവന നികുതി നടപ്പാക്കാനാണ് സര്‍ക്കാര്‍ ഇപ്പോഴും ശ്രമിക്കുന്നതെന്ന് ധനകാര്യ മന്ത്രി അരുണ്‍ ജയ്റ്റ്‌ലി ആവര്‍ത്തിച്ചു. മൂന്ന് ബില്ലുകള്‍ക്കും ജിഎസ്ടി കൗണ്‍സില്‍ അനുമതി നല്‍കിയാല്‍ കാര്യങ്ങള്‍ സുഗമമായി മുന്നോട്ടുപോകുമെന്നും ജയ്റ്റ്‌ലി വ്യക്തമാക്കി.

ഏപ്രില്‍ ഒന്ന് മുതല്‍ 2017 സെപ്റ്റംബര്‍ 16 വരെ ജിഎസ്ടി നടപ്പാക്കുന്നതിന് ഭരണഘടനാ സാധുതയുണ്ടെന്നും ജിഎസ്ടി കൗണ്‍സിലിന്റെ ആറാമത് യോഗത്തിനുശേഷം കഴിഞ്ഞ ദിവസം ധനകാര്യ മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ജിഎസ്ടിക്കുവേണ്ടി ഭരണഘടനാ ഭേദഗതി ഗസറ്റില്‍ വിജ്ഞാപനം ചെയ്ത് ഒരു വര്‍ഷം തികയുന്ന 2017 സെപ്റ്റംബര്‍ 16 ന് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ നിലവിലെ എല്ലാ പരോക്ഷ നികുതി നിയമങ്ങളും അസാധുവാകുമെന്നും ജയ്റ്റ്‌ലി വ്യക്തമാക്കി.

കേരള ധനകാര്യ മന്ത്രി തോമസ് ഐസക്ക് ഏപ്രില്‍ ഒന്നിന് ജിഎസ്ടി നടപ്പാക്കുന്നതിന് സാധ്യത കുറവാണെന്നാണ് വിലയിരുത്തുന്നത്. അടുത്ത ജിഎസ്ടി കൗണ്‍സില്‍ യോഗം ഈ മാസം 22, 23 തിയ്യതികളില്‍ ചേരാനാണ് നിശ്ചയിച്ചിരിക്കുന്നത്. യോഗത്തില്‍ സിജിഎസ്ടി, എസ്ജിഎസ്ടി ബില്ലുകളെ സംബന്ധിച്ച ചര്‍ച്ച തുടരും. പിന്നീട് ഇന്റഗ്രേറ്റഡ് ജിഎസ്ടി ബില്ല് വിശദമായ ചര്‍ച്ചയ്‌ക്കെടുക്കും.

Comments

comments

Categories: Slider, Top Stories