നോട്ട് അസാധുവാക്കലിന്റെ സാധുതയ്ക്കായി ആര്‍ബിഐ ആക്റ്റ് ഭേദഗതിക്ക് കേന്ദ്രം

നോട്ട് അസാധുവാക്കലിന്റെ സാധുതയ്ക്കായി  ആര്‍ബിഐ ആക്റ്റ് ഭേദഗതിക്ക്  കേന്ദ്രം

 

ന്യൂഡെല്‍ഹി: നവംബര്‍ ഒമ്പതിനു മുമ്പ് അച്ചടിച്ച മുഴുവന്‍ 500 രൂപ, 1000 രൂപ നോട്ടുകളുടെയും നിയമപരമായ സാധുത പൂര്‍ണമായും ഇല്ലാതാക്കുന്നതിനായി ആര്‍ബിഐ ആക്റ്റില്‍ ഭേദഗതി കൊണ്ടുവരുന്നതിന് കേന്ദ്രസര്‍ക്കാര്‍ പദ്ധതിയിടുന്നു. നവംബര്‍ എട്ടിന് രാത്രിയാണ് ഈ നോട്ടുകളുടെ ക്രയവിക്രയം ഭൂരിഭാഗം പ്രവര്‍ത്തനമേഖലകളിലും അസാധുവാക്കിക്കൊണ്ട് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രഖ്യാപനമുണ്ടായത്. ഈ നടപടിക്ക് ഭരണഘടനാ പരമായ സാധുതയില്ലെന്ന വിമര്‍ശനം രൂക്ഷമാകുന്നതിനിടെയാണ് സര്‍ക്കാര്‍ നിയമ ഭേദഗതിക്ക് ഒരുങ്ങുന്നത്. ഇതു സംബന്ധിച്ച പ്രഖ്യാപനം വരുന്ന ബജറ്റില്‍ ഉണ്ടാകുമെന്നാണ് അറിയുന്നത്.
നിയമനിര്‍മാണത്തിലൂടെ മാത്രമേ പഴയ 500, 1000 രൂപ നോട്ടുകള്‍ പൂര്‍ണമായും മൂല്യമില്ലാത്തതാക്കി മാറ്റാന്‍ കഴിയൂ. മാര്‍ച്ച് 31 ഓടെ നിയമഭേഗദതി നടപ്പില്‍ വരുത്താനാണ് സര്‍ക്കാനാണ് ലക്ഷ്യമിടുന്നത്. 1978ല്‍ നോട്ട് നിരോധനം നടപ്പിലാക്കിയപ്പോള്‍ അതിനു മുന്നോടിയായി തന്നെ നിയമഭേദഗതി നടപ്പില്‍ വരുത്തിയിരുന്നു. എന്നാല്‍ ഇത്തവണ ആര്‍ബിഐ ആക്റ്റിലെ 26(2) വകുപ്പനുസരിച്ച് നോട്ട് അസാധുവാക്കല്‍ നടപ്പിലാക്കാനാണ് സര്‍ക്കാര്‍ ശ്രമിച്ചത്. ഈ വകുപ്പു പ്രകാരം ആര്‍ബിഐ സെന്‍ട്രല്‍ ബോര്‍ഡിന്റെ ശുപാര്‍ശയോടെ കേന്ദ്ര സര്‍ക്കാരിന് ഒരു ഗസറ്റ് നോട്ടിഫിക്കേഷനിലൂടെ രാജ്യത്ത് നിലവിലുള്ള കറന്‍സിയുടെ മൂല്യത്തെ മരവിപ്പിക്കുന്നതിന് സാധിക്കും.
അസാധുവാക്കിയ നോട്ടുകളില്‍ തിരിച്ചെത്താവയുടെ മൂല്യം ആര്‍ബിഐ യുടെ ശേഷി വര്‍ധിപ്പിക്കുമെന്നും കേന്ദ്രസര്‍ക്കാരിനുള്ള ഡിവിഡന്റ് വര്‍ധിപ്പിക്കുന്നതിനും പ്രത്യേക ഡിവിഡന്റ് നല്‍കുന്നതിനും സാധിക്കുമെന്നാണ് ആര്‍ബിഐ വൃത്തങ്ങള്‍ നല്‍കുന്ന സൂചന. എന്നാല്‍ അസാധുവാക്കപ്പെട്ട നോട്ടുകളുടെ മൂല്യം 15 ലക്ഷം കോടി രൂപയോളമാണ് കണക്കാക്കപ്പെട്ടിട്ടുള്ളതെങ്കല്‍ 12 ലക്ഷം കോടിരൂപയോളം അസാധു നോട്ടുകള്‍ ഇതിനകം ബാങ്കുകളില്‍ തിരിച്ചെത്തിക്കഴിഞ്ഞു. അതിനാല്‍ ലക്ഷ്യമിട്ടിരുന്നതുപോലെ വലിയ ഡിവിഡന്റ് നല്‍കാനാകില്ലെന്ന് ഇതിനകം വ്യക്തമായിട്ടുണ്ട്.
നിലവിലെ നിയമപ്രകാരം നോട്ട് അസാധുവാക്കല്‍ നടപടി ആര്‍ബിഐ യുടെ ബാലന്‍സ് ഷീറ്റില്‍ ഒരുമാറ്റവും വരുത്തിയിട്ടില്ലെന്നും അതിനാല്‍ ഡിവിഡന്റ് സംബന്ധിച്ച വാദം ഇപ്പോള്‍ പ്രസക്തമല്ലെന്നും നേരത്തേ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഉര്‍ജിത് പട്ടേല്‍ പ്രതികരിച്ചിരുന്നു. ആര്‍ബിഐ ഗവര്‍ണര്‍ ഒപ്പിട്ട് നല്‍കിയ ലീഗല്‍ ടെന്‍ഡര്‍ എന്ന നിലയ്ക്ക് പഴയ 500 രൂപ, 1000 രൂപ നോട്ടുകള്‍ക്ക് ഇപ്പോഴും നിയമപരമായി സാധുതയുണ്ടെന്നു തന്നെയാണ് ഉര്‍ജിത് പട്ടേല്‍ വ്യക്തമാക്കിയിരുന്നത്.

നോട്ട് അസാധുവാക്കലിന്റെ ഭരണഘടനാപരമായ സാധുത ചോദ്യം ചെയ്യുന്ന ഹര്‍ജി സുപ്രീം കോടതിയുടെ പരിഗണനയിലാണ്. ഇതുള്‍പ്പടെയുള്ള കാര്യങ്ങളില്‍ ബുധനാഴ്ച കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കേന്ദ്രസര്‍ക്കാരിനോട് സുപ്രീം കോടതി നിര്‍ദേശിച്ചിട്ടുണ്ട്.

Comments

comments

Categories: Slider, Top Stories

Related Articles