നോട്ട് അസാധുവാക്കല്‍ എഫ്എംസിജി വില്‍പ്പനയെ ബാധിച്ചതായി ഗോദ്‌റെജ്

നോട്ട് അസാധുവാക്കല്‍  എഫ്എംസിജി വില്‍പ്പനയെ ബാധിച്ചതായി ഗോദ്‌റെജ്

 

ന്യൂഡെല്‍ഹി : നോട്ട് അസാധുവാക്കല്‍ പ്രഖ്യാപനം എഫ്എംസിജി വില്‍പ്പനയെ ബാധിച്ചതായി ഗോദ്‌റെജ് കണ്‍സ്യൂമര്‍ പ്രൊഡക്റ്റ്‌സ് ലിമിറ്റഡ്(ജിസിപിഎല്‍). ഈ വര്‍ഷം നല്ല മണ്‍സൂണ്‍ ലഭിച്ചതിനാല്‍ കൊയ്ത്തുകാലത്തിനുശേഷം ഒക്ടോബറിനു ശേഷം ഗ്രാമീണ മേഖലകളില്‍ വില്‍പ്പന വര്‍ധിക്കുമെന്നാണ് കണക്കുകൂട്ടിയിരുന്നത്. എന്നാല്‍ ഉയര്‍ന്ന മൂല്യമുള്ള നോട്ടുകള്‍ അസാധുവാക്കിയത് പ്രതീക്ഷകളെല്ലാം തെറ്റിക്കുന്നതായിപ്പോയെന്ന് ജിസിപിഎല്‍ മാനേജിംഗ് ഡയറക്റ്റര്‍ വിവേക് ഗംഭീര്‍ പറഞ്ഞു.
ഗ്രാമീണ മേഖലകളെല്ലാം ഇടപാടുകള്‍ക്ക് പ്രധാനമായും കറന്‍സി ഉപയോഗിക്കുന്നതിനാല്‍ നോട്ട് അസാധുവാക്കലിനുശേഷം വില്‍പ്പന വളരെ കുറയുകയാണുണ്ടായത്. എന്നാല്‍ ഈ മാന്ദ്യം താല്‍ക്കാലികമാണെന്നും ജനങ്ങളുടെ കൈയില്‍ വേണ്ടത്ര പണം വന്നുചേരുന്നതോടെ ഗ്രാമീണ മേഖലകളില്‍ വളര്‍ച്ച പ്രകടമാകുമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു. അതേസമയം ജിസിപിഎല്‍ ഈ മേഖലയിലെ മറ്റ് കമ്പനികളേക്കാള്‍ ഈ പാദത്തില്‍ നല്ല പ്രകടനം കാഴ്ച്ചവെ്ക്കുമെന്ന് വിവേക് ഗംഭീര്‍ ആത്മവിശ്വാസം പ്രകടിപ്പിച്ചു. കഴിഞ്ഞ ആറ് സാമ്പത്തിക പാദങ്ങളില്‍ അഞ്ചിലും ജിസിപിഎല്ലിന് ഒമ്പത് ശതമാനം വില്‍പ്പന വര്‍ധന നേടാന്‍ കഴിഞ്ഞു. നോട്ട് അസാധുവാക്കല്‍ ഈ പാദത്തില്‍ തങ്ങള്‍ക്ക് താരതമ്യേന ചെറിയ പ്രത്യാഘാതമേ സൃഷ്ടിക്കൂവെന്നും അദ്ദേഹം വിലയിരുത്തുന്നു.

ഇപ്പോഴത്തെ ബുദ്ധിമുട്ടുകള്‍ താത്ക്കാലികമാണ്. നോട്ട് അസാധുവാക്കല്‍ ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയ്ക്ക് ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഗുണം ചെയ്യും. ജിസിപിഎല്ലിന്റെ പകുതി ബിസിനസ് രാജ്യത്തിന് പുറത്താണ് നടക്കുന്നത്. അതിനാല്‍ നോട്ട് അസാധുവാക്കിയത് കമ്പനിയെ മൊത്തത്തില്‍ വലിയ തോതില്‍ ബാധിക്കില്ലെന്നും വിവേക് ഗംഭീര്‍ പറഞ്ഞു.

Comments

comments

Categories: Branding