സ്മാര്‍ട്ട്‌ഫോണ്‍ വില്‍പ്പനയില്‍ ഫ്‌ളിപ്കാര്‍ട്ട് ഒന്നാമത്

സ്മാര്‍ട്ട്‌ഫോണ്‍ വില്‍പ്പനയില്‍  ഫ്‌ളിപ്കാര്‍ട്ട് ഒന്നാമത്

 

ന്യൂഡെല്‍ഹി: ഷിയോമി, മോട്ടറോള എന്നിവയുടെ പിന്‍ബലത്തില്‍ ഓണ്‍ലൈന്‍ സ്മാര്‍ട്ട്‌ഫോണ്‍ വില്‍പ്പനയില്‍ ഫ്‌ളിപ്കാര്‍ട്ട് ഒന്നാം സ്ഥാനം ഉറപ്പിച്ചു. പ്രധാന എതിരാളികളായ ആമസോണിനെയും സ്‌നാപ്ഡീലിനെയും പിന്തള്ളിയാണ് ഫ്‌ളിപ്കാര്‍ട്ട് ഈ നേട്ടം കൈവരിച്ചത്.
സെപ്റ്റംബറില്‍ അവസാനിച്ച സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാംപാദത്തില്‍ രാജ്യത്തെ ഓണ്‍ലൈന്‍ സ്മാര്‍ട്ട്‌ഫോണ്‍ വില്‍പ്പനയില്‍ ഫ്‌ളിപ്കാര്‍ട്ട് 45 ശതമാനം വിപണി വിഹിതം നേടിയെന്ന് ഹോങ്കോങ് ആസ്ഥാനമാക്കിയ വിപണി ഗവേഷകരായ കൗണ്ടര്‍പോയിന്റ് ടെക്‌നോളജി വ്യക്തമാക്കി. ഓണ്‍ലൈന്‍ റീട്ടെയ്ല്‍ വിപണിയില്‍ രണ്ടാം സ്ഥാനത്തുള്ള ആമസോണിന്റെ വിഹിതം ഇതേ കാലയളവില്‍ 32 ശതമാനത്തില്‍ നിന്ന് 30 ശതമാനമായി കുറഞ്ഞു. മൂന്നാം സ്ഥാനക്കാരായ സ്‌നാപ്ഡീലിന്റെ വിപണി വിഹിതം 18 ശതമാനത്തില്‍ നിന്ന് 16 ശതമാനമായും താഴ്‌ന്നെന്ന് കൗണ്ടര്‍പോയിന്റ് ചൂണ്ടിക്കാട്ടി. എന്നാല്‍ ആമസോണ്‍ ഈ കണക്കുകളെ തള്ളിക്കളഞ്ഞു.
ജൂലൈ- സെപ്റ്റംബര്‍ കാലയളവില്‍ സ്മാര്‍ട്ട്‌ഫോണ്‍ വിഭാഗത്തില്‍ ഫ്‌ളിപ്കാര്‍ട്ട് 60 ശതമാനം വിപണി വിഹിതം നേടിയെന്ന് ഗവേഷണ സ്ഥാപനം ഇന്റര്‍നാഷണല്‍ ഡാറ്റ കോര്‍പ്പറേഷനും വെളിപ്പെടുത്തി.
മൂന്നാം പാദത്തില്‍ ആമസോണും ഫ്‌ളിപ്കാര്‍ട്ടും ഒരേ എക്‌സ്‌ക്ലുസീവുകളാണ് ലോഞ്ച് ചെയ്തത്. എന്നാല്‍ റെഡ്മി 3എസ് പ്രൈം, മോട്ടോ ഇ3 പവര്‍, റെഡ്മി 3എസ് തുടങ്ങിയവ പോലുള്ള ഹീറോ മോഡലുകള്‍ വിപണി വിഹിതം നേടിയെടുക്കുന്നതിന് ഫ്‌ളിപ്കാര്‍ട്ടിനെ സഹായിച്ചെന്ന് കൗണ്ടര്‍പോയിന്റിലെ വിദഗ്ധന്‍ പാവല്‍ നൈയ പറഞ്ഞു. ആമസോണിനെ അപേക്ഷിച്ച് ഫ്‌ളിപ്കാര്‍ട്ടിന് മെട്രോ, ഒന്നാംനിര നഗരങ്ങളില്‍ മെച്ചപ്പെട്ട സ്വീകാര്യതയുണ്ട്. പേടിഎമ്മിന് മൂന്നു ശതമാനം വിപണി വിഹിതവും എംഐഡോട്ട്‌കോമിനും ടാറ്റ് ക്വിക്കിനും രണ്ടു ശതമാനം വീതം വിപണി വിഹിതവും കൈവന്നു.
ജൂലൈ- സെപ്റ്റംബര്‍ പാദത്തില്‍ ഓണ്‍ലൈന്‍ വഴിയുള്ള സ്മാര്‍ട്ട്‌ഫോണ്‍ വില്‍പ്പന വ്യാപ്തി 30 ശതമാനം ഉയര്‍ന്ന് 11 മില്ല്യണ്‍ യൂണിറ്റില്‍ എത്തിയിരുന്നു. അതേസമയം, 500, 1000 രൂപ നോട്ടുകള്‍ അസാധുവാക്കിയതിനാല്‍ 2016ല്‍ സ്മാര്‍ട്ട്‌ഫോണുകളുടെ വില്‍പ്പനയില്‍ 10-12.5 ശതമാനം ഇടിവുണ്ടാകുമെന്നാണ് കണക്കുകൂട്ടുന്നതെന്ന് കൗണ്ടര്‍പോയിന്റിലെ വിദഗ്ധര്‍ വ്യക്തമാക്കി.

Comments

comments

Categories: Branding, Trending