ഇസ്താന്‍ബുള്‍ ഇരട്ടസ്‌ഫോടനം: പിന്നില്‍ ഐഎസും കുര്‍ദ് വിമതരുമെന്നു സംശയം

ഇസ്താന്‍ബുള്‍ ഇരട്ടസ്‌ഫോടനം: പിന്നില്‍   ഐഎസും കുര്‍ദ് വിമതരുമെന്നു സംശയം

ഒരിടവേളയ്ക്കു ശേഷം തുര്‍ക്കി വീണ്ടും തീവ്രവാദ ആക്രമണത്തിനു വേദിയായി. ശനിയാഴ്ച രാത്രി പ്രമുഖ നഗരമായ ഇസ്താന്‍ബുള്ളിലുള്ള സ്‌പോര്‍ട്‌സ് സ്റ്റേഡിയത്തിനു സമീപമുണ്ടായ സ്‌ഫോടന പരമ്പരയില്‍ 38 പേര്‍ കൊല്ലപ്പെടുകയും 166 പൊലീസുകാര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തിരിക്കുന്നു. സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ലെങ്കിലും മുന്‍കാലത്ത് അരങ്ങേറിയിട്ടുള്ള സ്‌ഫോടനങ്ങളുടെ ചരിത്രം പരിശോധിച്ചാല്‍ ഐഎസിന്റെയും കുര്‍ദിസ്ഥാന്‍ വര്‍ക്കേഴ്‌സ് പാര്‍ട്ടി(പികെകെ)യുടെയും പങ്ക് ഈ സ്‌ഫോടനത്തിലും സംശയിക്കാവുന്നതാണെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നു.

ഇറാഖിലും സിറിയയിലും ഐഎസിനെ ഉന്മൂലനം ചെയ്യാന്‍ അമേരിക്കയുടെ നേതൃത്വത്തില്‍ നടക്കുന്ന പോരാട്ടത്തില്‍ പിന്തുണ നല്‍കുന്ന രാജ്യമാണു തുര്‍ക്കി. സിറിയയിലെ ആഭ്യന്തരകലാപം രൂക്ഷമായപ്പോള്‍ രാജ്യം വിട്ട് പലായനം ചെയ്തവരെ സ്വീകരിച്ച രാജ്യം കൂടിയാണു തുര്‍ക്കി. ഏകദേശം മൂന്ന് മില്യണ്‍ അഭയാര്‍ഥികള്‍ക്കു അഭയം നല്‍കിയെന്നു കണക്കുകള്‍ സൂചിപ്പിക്കുന്നു. ഇതിന്റെ പേരില്‍ ഒട്ടേറെ പഴി കേള്‍ക്കേണ്ടി വന്നിട്ടുണ്ട് തുര്‍ക്കിക്ക്. യൂറോപ്പിലേക്ക് അഭയാര്‍ഥി പ്രവാഹമുണ്ടാകാനുള്ള കാരണം തുര്‍ക്കി അഭയം നല്‍കുന്നതു കൊണ്ടാണെന്നും തുര്‍ക്കിക്കെതിരേ ആരോപണമുണ്ടായി.
സമീപകാലത്ത് വന്‍ രാഷ്ട്രീയ മാറ്റങ്ങള്‍ക്കാണു തുര്‍ക്കി വേദിയായത്. പ്രസിഡന്റ് എര്‍ദോഗനെതിരേ അട്ടിമറി നീക്കം പരാജയപ്പെട്ടതോടെയാണ് മാറ്റങ്ങള്‍ പ്രകടമായതും. എന്നാല്‍ രാജ്യം ഇതിനിടെ നിരവധി സ്‌ഫോടനങ്ങള്‍ക്കു സാക്ഷ്യം വഹിച്ചു എന്നത് പശ്ചിമേഷ്യയെ മാത്രമല്ല, ലോകജനതയെ തന്നെ ആശങ്കപ്പെടുത്തുകയാണ്.
ശനിയാഴ്ച നടന്ന സ്‌ഫോടനത്തിലൂടെ തുര്‍ക്കി സുരക്ഷിതമല്ലെന്നു വീണ്ടും തെളിയിക്കപ്പെട്ടിരിക്കുന്നു. ഇസ്താന്‍ബുള്ളിലെ ബേസിക്താസ് എന്ന ജില്ലയിലെ ക്ലബ്ബ് ഫുട്‌ബോള്‍ ടീം പേരുകേട്ടവരാണ്. ഇവരും ബര്‍സാസ്‌പോര്‍ ക്ലബ്ബും തമ്മില്‍ ഫുട്‌ബോള്‍ മത്സരം നടന്നുകഴിഞ്ഞ് ഏതാനും നിമിഷങ്ങള്‍ക്കു ശേഷമാണു ശനിയാഴ്ച സ്റ്റേഡിയത്തിനു പുറത്തു സ്‌ഫോടനം അരങ്ങേറിയത്. മത്സരം നടന്നതിനു ശേഷം ബസില്‍ തിരികെ ഹോട്ടല്‍ റൂമിലേക്കു സുരക്ഷാ സേനാംഗങ്ങളോടൊപ്പം യാത്ര തിരിച്ച ഫുട്‌ബോള്‍ ടീമിനെയും അതോടൊപ്പം നിരത്തിലൂടെ നീങ്ങിയ ആയിരക്കണക്കിന് വരുന്ന കാണികളെയുമാണ് അക്രമികള്‍ ലക്ഷ്യം വച്ചതെന്നു വ്യക്തമാണ്. മത്സരിച്ച രണ്ട് ടീമുകളും പ്രമുഖരായതിനാല്‍ ഇവരുടെ കളി കാണാന്‍ നിരവധി ആരാധകര്‍ എത്തുകയും ചെയ്തിരുന്നു.
രണ്ട് സ്‌ഫോടനങ്ങള്‍ അരങ്ങേറിയതായിട്ടാണു പൊലീസ് കരുതുന്നത്. ഒന്നാമത്തേത് വൊഡാഫോണ്‍ അരീനയ്ക്കു സമീപം ബേസിക്താസ് ഫുട്‌ബോള്‍ ടീമിന്റെ ആസ്ഥാനകേന്ദ്രമായ മാക്കാ പാര്‍ക്കിലും, രണ്ടാമത്തേത് സ്‌പോര്‍ട്‌സ് സ്റ്റേഡിയത്തിനു സമീപവും നടന്നെന്നാണു കരുതുന്നത്. സ്റ്റേഡിയത്തിനു പുറത്ത് പാര്‍ക്ക് ചെയ്തിരുന്ന കാറില്‍ ഘടിപ്പിച്ച ബോംബാണ് പൊട്ടിത്തെറിച്ചതെന്നാണു നിഗമനം. സ്‌ഫോടനത്തില്‍ മരിച്ച 29 പേരില്‍ 27 പേരും പൊലീസ് സേനാംഗങ്ങളായിരുന്നു. സംഭവവുമായി ബന്ധപ്പെട്ടു പത്ത് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. സ്‌ഫോടനം നടന്നതിനു ശേഷം സര്‍ക്കാര്‍ ടിവി, റേഡിയോ പ്രക്ഷേപണം നിരോധിച്ചതിനാല്‍ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.
സമീപവര്‍ഷങ്ങളില്‍ തുര്‍ക്കി സാക്ഷ്യം വഹിച്ചത് നിരവധി സ്‌ഫോടനങ്ങള്‍ക്കാണ്. ഇവയുടെയെല്ലാം ഉത്തരവാദിത്വം ചുമത്തപ്പെട്ടത് ഇസ്ലാമിക സേറ്റ് എന്ന തീവ്രവാദ സംഘടനയ്ക്കു മേലായിരുന്നു. മറ്റ് ചില സ്‌ഫോടനങ്ങളുടെ ഉത്തരവാദിത്വം കുര്‍ദ്, തീവ്ര ഇടത് മിലിറ്റന്റ് സംഘടനയ്ക്കു മേലും ചുമത്തപ്പെട്ടു. ഈ വര്‍ഷം മാര്‍ച്ചില്‍ മൂന്ന് ഇസ്രയേലികളും ഒരു ഇറാന്‍ വംശജനും സെന്‍ട്രല്‍ ഇസ്താന്‍ബുള്ളില്‍ ചാവേറാക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു. 36 പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തു. 44 പേര്‍ കൊല്ലപ്പെടുകയും 239 പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്ത ഇസ്താന്‍ബുള്‍ അതാതുര്‍ക്ക് വിമാനത്താവള സ്‌ഫോടനം അരങ്ങേറിയത് ഈ വര്‍ഷം ജൂണിലായിരുന്നു. അന്ന് മൂന്ന് ചാവേറുകളുടെ നേതൃത്വത്തിലായിരുന്നു ആക്രമണം അരങ്ങേറിയത്. ഇസ്ലാമിക സ്റ്റേറ്റിന്റെ ഗൂഢാലോചനയായിരുന്നു ഈ ആക്രമണമെന്നും അന്ന് തുര്‍ക്കി പ്രസിഡന്റ് എര്‍ദോഗന്‍ പ്രസ്താവിക്കുകയുണ്ടായി.
ജൂലൈയിലാകട്ടെ, പ്രസിഡന്റ് എര്‍ദോഗനെ അട്ടിമറിക്കാന്‍ പട്ടാളം നീക്കം നടത്തുകയും അത് ദയനീയമായി പരാജയപ്പെടുകയും ചെയ്തു. ഇതേത്തുടര്‍ന്ന് രാജ്യത്ത് എര്‍ദോഗന്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയായിരുന്നു. അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിന് ഏതാനും ദിവസങ്ങള്‍ക്കു ശേഷം, കൃത്യമായി പറഞ്ഞാല്‍ ഓഗസ്റ്റില്‍ സിറിയയുമായി അതിര്‍ത്തി പങ്കിടുന്ന തുര്‍ക്കി പ്രവിശ്യയായ ഗാസിയാന്‍ടെപ്പില്‍ നടന്ന വിവാഹ ചടങ്ങില്‍ ചാവേറാക്രമണം നടന്നിരുന്നു. 54 പേരാണ് കൊല്ലപ്പെട്ടത്. പിന്നീട് സെപ്റ്റംബറില്‍ കാര്‍ ബോംബ് സ്‌ഫോടനത്തില്‍ 18 പേര്‍ കൊല്ലപ്പെട്ടു. ഡസന്‍കണക്കിനു നടന്ന സ്‌ഫോടനത്തിലുടനീളം അക്രമികള്‍ ലക്ഷ്യംവച്ചത് തുര്‍ക്കി പൊലീസിനെയും സൈന്യത്തെയുമാണ്. അതുമല്ലെങ്കില്‍ പൊതുസ്വത്ത് നശിപ്പിക്കുക എന്ന ലക്ഷ്യവും ആക്രമണത്തിനുണ്ടായിരുന്നു.
കുര്‍ദ് വിമതരും തുര്‍ക്കി സര്‍ക്കാരും തമ്മില്‍ ഒപ്പുവച്ച രണ്ട് വര്‍ഷത്തെ സമാധാന കരാര്‍ പരാജയപ്പെട്ടിരുന്നു. ഇതിനു ശേഷം കുര്‍ദ് വിമതരുടെ നേതൃത്വത്തില്‍ തുര്‍ക്കിയില്‍ 2015 ജൂലൈ മുതല്‍ എട്ടോളം സ്‌ഫോടന പരമ്പരകളാണ് അരങ്ങേറിയത്. ഒരു വര്‍ഷത്തിനിടെ 300ാളം പേര്‍ സ്‌ഫോടനത്തില്‍ കൊല്ലപ്പെടുകയുമുണ്ടായി. ആക്രമണങ്ങളുടെയെല്ലാം ഉത്തരവാദിത്വം ഐഎസ് എന്ന തീവ്രവാദ സംഘടനയാണ് ഏറ്റെടുത്തത്.
ഇറാഖിലും സിറിയയിലും ഐഎസിനെതിരേ യുഎസിന്റെ നേതൃത്വത്തില്‍ നടക്കുന്ന പോരാട്ടത്തില്‍ പിന്തുണ നല്‍കുന്നുണ്ട് തുര്‍ക്കി. യുഎസിന്റെ യുദ്ധവിമാനങ്ങള്‍ ഐഎസിനെതിരേ ആക്രമണം നടത്താന്‍ തുര്‍ക്കിയിലുള്ള സൈനിക താവളത്തില്‍നിന്നുമാണ് പറന്നുയരുന്നത്. ഇതാണ് ഐഎസിനെ പ്രകോപിപ്പിക്കുന്നത്.
തുര്‍ക്കിയുടെ പാര്‍ലമെന്ററി സര്‍ക്കാരിനെ പ്രസിഡന്‍ഷ്യല്‍ രീതിയിലേക്കും അതിലൂടെ ഏകാധിപത്യ ഭരണാധികാരിയാകുവാനുമാണ് പ്രസിഡന്റ് എര്‍ദോഗന്‍ ശ്രമിക്കുന്നത്. ഇതാണ് കുര്‍ദ് വിമതരുമായി സമാധാന ചര്‍ച്ച ഒപ്പുവയ്ക്കാന്‍ എര്‍ദോഗനെ പിന്തിരിപ്പിക്കുന്ന ഘടകം. മറുവശത്ത് കുര്‍ദ് വിമതരാകട്ടെ, എര്‍ദോഗന്റെ ഈ ശൈലിയെ തച്ചുടയ്ക്കാനുള്ള ശ്രമത്തിലുമാണ്.

Comments

comments

Categories: Slider, World