ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്: മാഞ്ചസ്റ്റര്‍ സിറ്റിയെ തകര്‍ത്ത് ലൈസസ്റ്റര്‍

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്:  മാഞ്ചസ്റ്റര്‍ സിറ്റിയെ തകര്‍ത്ത് ലൈസസ്റ്റര്‍

 

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്‌ബോളില്‍ ലൈസസ്റ്റര്‍ സിറ്റിക്കെതിരെ മാഞ്ചസ്റ്റര്‍ സിറ്റിക്ക് തോല്‍വി. ഇംഗ്ലീഷ് താരം ജെയ്മി വാര്‍ഡിയുടെ ഹാട്രിക് മികവില്‍ രണ്ടിനെതിരെ നാല് ഗോളുകള്‍ക്കായിരുന്നു ലൈസസ്റ്റര്‍ സിറ്റിയുടെ മാഞ്ചസ്റ്റര്‍ സിറ്റിക്കെതിരായ ജയം.

മത്സരത്തിന്റെ 3, 20, 70 മിനുറ്റുകളിലായിരുന്നു ജെയ്മി വാര്‍ഡിയുടെ ഗോളുകള്‍. അഞ്ചാം മിനുറ്റില്‍ ആന്‍ഡി കിംഗും ലൈസസ്റ്റര്‍ സിറ്റിക്കായി ലക്ഷ്യം കണ്ടു. കളിയുടെ അവസാന പത്ത് മിനുറ്റുകള്‍ക്കുള്ളിലായിരുന്നു മാഞ്ചസ്റ്റര്‍ സിറ്റിയുടെ രണ്ട് ഗോളുകളും പിറന്നത്. കൊലറോവ്, നൊലിറ്റോ എന്നിവരായിരുന്നു മാഞ്ചസ്റ്റര്‍ സിറ്റിയുടെ ഗോള്‍ സ്‌കോറര്‍മാര്‍.

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ മറ്റൊരു പ്രധാന പോരാട്ടത്തില്‍ ആഴ്‌സണല്‍ സ്‌റ്റോക് സിറ്റിയെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് പരാജയപ്പെടുത്തി. തിയോ വാല്‍ക്കോട്ട്, മെസൂട് ഓസില്‍, ഇവോബി എന്നിവരാണ് ആഴ്‌സണലിന്റെ ഗോള്‍ സ്‌കോറര്‍മാര്‍. ആഴ്‌സണലിന് വേണ്ടി തിയോ വാല്‍ക്കോട്ട് നേടുന്ന നൂറാം ഗോള്‍ കൂടിയായിരുന്നു സ്‌റ്റോക് സിറ്റിക്കെതിരായത്.

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ മറ്റ് മത്സരങ്ങളില്‍ വാറ്റ്‌ഫോര്‍ഡ് എവര്‍ട്ടണെ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്കും ബേണ്‍ലി ബേണ്‍മൗത്തിനെ അതേ സ്‌കോറുകള്‍ക്കും പരാജയപ്പെടുത്തി. സ്വാന്‍സി സിറ്റി സണ്ടര്‍ലാന്‍ഡിനെ ഏകപക്ഷീയമായ മൂന്ന് ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയപ്പോള്‍ ഹള്‍ സിറ്റി-ക്രിസ്റ്റല്‍ പാലസ് മത്സരം മൂന്ന് ഗോളുകളുടെ സമനിലയില്‍ കലാശിച്ചു.

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ 15 മത്സരങ്ങളില്‍ നിന്നും 34 പോയിന്റോടെ ആഴ്‌സണലാണ് ഒന്നാം സ്ഥാനത്ത്. അതേസമയം വെസ്റ്റ് ബ്രോമിനെതിരായ മത്സരം വിജയിക്കാന്‍ സാധിച്ചാല്‍ 34 പോയിന്റുള്ള ചെല്‍സിക്ക് ഒന്നാമതെത്താം. പതിനഞ്ച് മത്സരങ്ങളില്‍ നിന്നും 30 പോയിന്റുമായി മാഞ്ചസ്റ്റര്‍ സിറ്റി പട്ടികയില്‍ നാലാം സ്ഥാനത്താണ്.

Comments

comments

Categories: Sports