ടാറ്റ പവറില്‍ തുടരുന്നതിന് ഓഹരിയുടമകളുടെ പിന്തുണ തേടി സൈറസ് മിസ്ട്രി

ടാറ്റ പവറില്‍ തുടരുന്നതിന് ഓഹരിയുടമകളുടെ പിന്തുണ തേടി സൈറസ് മിസ്ട്രി

ന്യൂഡെല്‍ഹി : ടാറ്റ പവര്‍ ഡയറക്റ്റര്‍ സ്ഥാനത്ത് തുടരുന്നതിന് സൈറസ് മിസ്ട്രി ഓഹരിയുടമകളുടെ പിന്തുണ തേടുന്നു. നേരത്തെ ടാറ്റ സണ്‍സ് ചെയര്‍മാന്‍ സ്ഥാനത്തുനിന്ന് പുറത്താക്കപ്പെട്ട സൈറസ് മിസ്ട്രിയെ ഗ്രൂപ്പിന് കീഴിലെ കമ്പനികളുടെ നേതൃസ്ഥാനങ്ങളില്‍ നിന്ന് നീക്കം ചെയ്യുന്നതിനുള്ള തീവ്രശ്രമത്തിലാണ് ടാറ്റ സണ്‍സ്. ടാറ്റ പവറിന്റെ ഡയറക്ടര്‍ ബോര്‍ഡില്‍ നിന്നും മിസ്ട്രിയെ നീക്കുന്നതിന്റെ ഭാഗമായി ഈ മാസം 26 ന് ടാറ്റാ പവറിന്റെ എക്‌സ്ട്രാഓര്‍ഡിനറി ജനറല്‍ മീറ്റിംഗ് വിളിച്ചുചേര്‍ത്തിട്ടുണ്ട്.

തന്റെ കീഴില്‍ ടാറ്റ പവര്‍ എതിര്‍ കമ്പനികളേക്കാള്‍ മികച്ച പ്രകടനമാണ് കാഴ്ച്ചവെച്ചതെന്നാണ് മിസ്ട്രി അവകാശപ്പെടുന്നത്. കഴിഞ്ഞ മൂന്ന് വര്‍ഷമായി ടാറ്റ പവര്‍ മികച്ച രീതിയിലാണ് മുന്നോട്ടുപോകുന്നത്. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി രാജ്യത്തെ ഊര്‍ജ്ജ മേഖലയില്‍ റീ-റേറ്റിംഗ് നടന്നുവരികയാണ്. അതുകൊണ്ടുതന്നെ സെന്‍സെക്‌സിന്റെ അടിസ്ഥാനത്തില്‍ ടാറ്റ പവറിന്റെ പ്രകടനത്തെ താരതമ്യം ചെയ്യുന്നത് ഉചിതമല്ലെന്ന് സൈറസ് മിസ്ട്രി ഓഹരി ഉടമകള്‍ക്ക് അയച്ച കത്തില്‍ ചൂണ്ടിക്കാണിക്കുന്നു. ഇക്കാലയളവില്‍ മിക്ക എതിരാളികളേക്കാളും ടാറ്റ പവറിന് വളരെയധികം മുന്നേറാന്‍ കഴിഞ്ഞിട്ടുണ്ടെന്നും കത്തില്‍ മിസ്ട്രി വ്യക്തമാക്കിയിട്ടുണ്ട്.

2006ല്‍ ടാറ്റ സണ്‍സ് ബോര്‍ഡിലേക്ക് കടന്നുവന്ന സൈറസ് മിസ്ട്രി 2012 ഡിസംബറിലാണ് ചെയര്‍മാനാകുന്നത്. നിലവില്‍ ടാറ്റ പവറിന്റെ ചെയര്‍മാനാണ് മിസ്ട്രി. 2012 ല്‍ മുദ്ര അള്‍ട്രാ മെഗാ പവര്‍ പ്രോജക്റ്റുമായി ബന്ധപ്പെട്ട സംഭവവികാസങ്ങള്‍ ടാറ്റ പവറിന് പ്രതിസന്ധി സൃഷ്ടിച്ച കാര്യവും സൈറസ് മിസ്ട്രി ഓഹരിയുടമകള്‍ക്കായുള്ള കത്തില്‍ ചൂണ്ടിക്കാണിക്കുന്നു.
2.6 ബില്യണ്‍ ഡോളര്‍ നിക്ഷേപം നടത്തി ഇന്തോനേഷ്യയില്‍നിന്നുള്ള കല്‍ക്കരി ഉപയോഗിച്ച് വൈദ്യുതി ഉല്‍പ്പാദിപ്പിക്കുന്ന പദ്ധതിയായിരുന്നു മുദ്ര അള്‍ട്രാ മെഗാ പവര്‍ പ്രോജക്റ്റ്. ഈ പദ്ധതിയിലൂടെ കമ്പനിയുടെ വൈദ്യുതോല്‍പ്പാദനം ഇരട്ടിയാക്കാമെന്നും ടാറ്റ പവര്‍ കണക്കുകൂട്ടിയിരുന്നു. എന്നാല്‍ ഇന്തോനേഷ്യന്‍ സര്‍ക്കാര്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതോടെ പദ്ധതി വഴിമുട്ടി. ഇതിനെതിരെ ടാറ്റ പവര്‍ കേന്ദ്ര വൈദ്യുതി റെഗുലേറ്ററി കമ്മീഷനില്‍ സമര്‍പ്പിച്ച പരാതി ഇപ്പോള്‍ കോടതിയുടെ പരിഗണനയിലാണ്.

Comments

comments

Categories: Slider, Top Stories