വാര്‍ധ ചുഴലിക്കാറ്റ്: വ്യാപക നഷ്ടം, ആയിരങ്ങളെ ഒഴിപ്പിച്ചു, വിമാന സര്‍വീസ് വെട്ടിചുരുക്കി, ട്രെയ്‌നുകള്‍ റദ്ദാക്കി

 വാര്‍ധ ചുഴലിക്കാറ്റ്: വ്യാപക നഷ്ടം, ആയിരങ്ങളെ ഒഴിപ്പിച്ചു, വിമാന സര്‍വീസ് വെട്ടിചുരുക്കി, ട്രെയ്‌നുകള്‍ റദ്ദാക്കി

ചെന്നൈ: വ്യാപക നാശനഷ്ടം വിതച്ചു വാര്‍ധ ചുഴലിക്കാറ്റ് ഇന്നലെ ഉച്ചയോടെ ചെന്നൈയില്‍ വീശിയടിച്ചു.മണിക്കൂറില്‍ 100-110 കിലോമീറ്റര്‍ വേഗതയിലാണ് കാറ്റ് വീശുന്നത്. ചുഴലിക്കാറ്റിന് പിറകേ വടക്കന്‍ തമിഴ്‌നാട്ടില്‍ ശക്തമായ മഴയും പെയ്തു. തമിഴ്‌നാട്ടില്‍ തീര പ്രദേശത്ത് താമസിക്കുന്ന 7000-ത്തോളം പേരെ ഒഴിപ്പിച്ചു. ആന്ധ്രയില്‍ 9,000-ത്തോളം പേരെയും സുരക്ഷിത കേന്ദ്രങ്ങളിലെത്തിച്ചു. തമിഴ്‌നാട്ടില്‍ 174 ദുരിതാശ്വാസ കേന്ദ്രങ്ങള്‍ തുറന്നു.
തമിഴ്‌നാട്ടിലും ആന്ധ്രപ്രദേശിലുമാണ് വാര്‍ധ നാശം വിതച്ചിരിക്കുന്നത്. തമിഴ്‌നാട് വീശിയടിച്ച ചുഴലിക്കാറ്റില്‍ നിരവധി കെട്ടിടങ്ങള്‍ക്കു നാശനഷ്ടമുണ്ടായതായി റിപ്പോര്‍ട്ടുണ്ട്. ചെന്നൈ നഗരത്തിലെ ഹോട്ടലിന്റെ ജനല്‍ ചില്ലുകള്‍ തകര്‍ന്നു. മേല്‍ക്കൂര താഴെ വീണതിനെ തുടര്‍ന്നു നഗരത്തിലെ ചില പെട്രോള്‍ പമ്പുകള്‍ക്കു നാശനഷ്ടമുണ്ടാവുകയും ചെയ്തതായി റിപ്പോര്‍ട്ടുണ്ട്. ശക്തമായ കാറ്റില്‍ വൈദ്യുത, വിനിമയ ബന്ധങ്ങള്‍ തകരാനാണു സാധ്യതയെന്നും റിപ്പോര്‍ട്ടുണ്ട്.

വര്‍ധ ചുഴലിക്കാറ്റ് ചെന്നൈ തീരത്ത് നാശം വിതച്ചതിനെ തുടര്‍ന്ന് ചെന്നൈയില്‍ നിന്ന് പുറപ്പടേണ്ട നിരവധി ട്രെയ്‌നുകള്‍ റദ്ദാക്കി. സെന്‍ട്രല്‍ സ്റ്റേഷനില്‍ നിന്നു പുറപ്പെടേണ്ട 13 ട്രെയ്‌നുകളും എഗ്മോറില്‍ നിന്നു പുറപ്പെടേണ്ട നാലു ട്രെയ്‌നുകളും റദ്ദാക്കിയതായി റെയ്ല്‍വേ പത്രക്കുറിപ്പിലൂടെ അറിയിച്ചു.

ചെന്നൈയില്‍ വിമാനത്താവളം താത്കാലികമായി അടച്ചു. ചെന്നൈ, കാഞ്ചീപുരം, തിരുവല്ലൂര്‍, വില്ലുപുരത്തെ തീരപ്രദേശം തുടങ്ങിയ പ്രദേശങ്ങളിലെ സ്‌കൂളുകള്‍, കോളേജുകള്‍ എന്നിവയും അടച്ചു. സ്വകാര്യ മേഖലയിലെ ജോലി സ്ഥാപനങ്ങളോട് അവധി നല്‍കാനോ അതുമല്ലെങ്കില്‍ തൊഴിലാളികള്‍ക്കു വീട്ടിലിരുന്ന് ജോലി ചെയ്യുവാനുള്ള സൗകര്യമേര്‍പ്പെടുത്തി കൊടുക്കുവാനും സര്‍ക്കാര്‍ നിര്‍ദേശിച്ചു.

അടിയന്തരാവസ്ഥയെ നേരിടാന്‍ കര, നാവിക, വായുസേനകളോട് സജ്ജമായിരിക്കാന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. 5,000 പേര്‍ക്കായി ഡോക്ടര്‍മാരുടെ സേവനം ലഭ്യമാക്കാനും, ഭക്ഷണം, വെള്ളം തുടങ്ങിയവ വിതരണം ചെയ്യാനും സജ്ജമാണെന്നു നാവിക സേന അറിയിച്ചു. അടിയന്തര സാഹചര്യത്തെ നേരിടാന്‍ നാവികസേനയുടെ 30 മുങ്ങല്‍ വിദഗ്ധരും രംഗത്തുണ്ട്.

ചുഴലിക്കാറ്റിനെ നേരിടാന്‍ എല്ലാവിധ തയാറെടുപ്പുകളും സര്‍ക്കാര്‍ ഒരുക്കിയിട്ടുണ്ട്. കണ്‍ട്രോള്‍ റൂം നമ്പറും ലഭ്യമാക്കിയിട്ടുണ്ട്. ആന്ധ്രപ്രദേശ് 0866-2488000, തമിഴ്‌നാട്-044 28593990.

 

 

Comments

comments

Categories: Slider, Top Stories

Write a Comment

Your e-mail address will not be published.
Required fields are marked*