അഗസ്റ്റ വെസ്റ്റ്‌ലാന്‍ഡ്: മന്‍മോഹന്‍ സിംഗിനെ സിബിഐ ചോദ്യം ചെയ്‌തേക്കും

അഗസ്റ്റ വെസ്റ്റ്‌ലാന്‍ഡ്:  മന്‍മോഹന്‍ സിംഗിനെ സിബിഐ ചോദ്യം ചെയ്‌തേക്കും

 

ന്യൂഡെല്‍ഹി : അഗസ്റ്റ വെസ്റ്റ്‌ലാന്‍ഡ് ഹെലികോപ്റ്റര്‍ അഴിമതി കേസില്‍ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിനെ സിബിഐ ചോദ്യം ചെയ്‌തേക്കും. മന്‍മോഹന്‍ സിംഗിന്റെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ആയിരുന്ന ടികെഎ നായര്‍, മുന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് എംകെ നാരായണന്‍, സിബിഐ മുന്‍ ഡയറക്റ്റര്‍ രഞ്ജിത് സിന്‍ഹ, സിബിഐ മുന്‍ സ്‌പെഷ്യല്‍ ഡയറക്ടര്‍ സലിം അലി എന്നിവരെയും സിബിഐ ചോദ്യം ചെയ്യാന്‍ സാധ്യതയേറി. ഈ കസില്‍ അറസ്റ്റിലായ വ്യോമസേന മുന്‍ മേധാവി എസ്പി ത്യാഗിയെ സിബിഐ ചോദ്യം ചെയ്തുവരികയാണ്.

3,600 കോടി രൂപയുടെ ഹെലികോപ്റ്റര്‍ ഇടപാട് അഗസ്റ്റ വെസ്റ്റ്‌ലാന്‍ഡ് കമ്പനിക്ക് തന്നെ ലഭിക്കുന്നതിന് കരാര്‍ രേഖകളില്‍ മാറ്റം വരുത്തിയത് അന്നത്തെ പ്രധാനമന്ത്രിയുടെ (മന്‍മോഹന്‍ സിംഗ്) ഓഫീസിന്റെ അറിവോടെയായിരുന്നുവെന്നാണ് എസ്പി ത്യാഗിയുടെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചിരിക്കുന്നത്. ഇതിന് പുറമേ 2013ല്‍ സിബിഐ നടത്തിയ അന്വേഷണത്തില്‍ പ്രധാനമന്ത്രിയുടെ ഓഫീസിന്റെ ഇടപെടല്‍ ഉണ്ടായിരുന്നതായും സംശയമുണ്ട്. ഇക്കാര്യങ്ങളില്‍ വ്യക്തത വരുത്തുന്നതിനായാണ് മന്‍മോഹന്‍സിംഗിനെ ചോദ്യം ചെയ്യുക.
എന്നാല്‍ നോട്ട് അസാധുവാക്കല്‍ വിഷയത്തില്‍ മന്‍മോഹന്‍സിംഗ് ശക്തമായ ഭാഷയില്‍ സര്‍ക്കാരിനെതിരേ രംഗത്തെത്തിയതിന്റെ പ്രതികാര നടപടിക്കാണ് ശ്രമം നടക്കുന്നതെന്നാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്. സാമ്പത്തിക വിദഗ്ധന്‍ കൂടിയായ മന്‍മോഹന്‍ സിംഗിന്റെ രാജ്യസഭയിലെ പ്രസംഗം ഏറെ ശ്രദ്ധ നേടിയിരുന്നു. ഇതിന്റെ ഭാഗമായ രാഷ്ട്രീയ പകപോക്കലാണോ മന്‍മോഹന്‍ സിംഗിനെതിരേ നടക്കുന്നതെന്ന് സംശയിക്കുന്നതായി ഡെല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളും പറഞ്ഞു.

Comments

comments

Categories: Slider, Top Stories