നോട്ട് അസാധുവാക്കലിനെ പഴിചാരി വാഹന നിര്‍മാതാക്കള്‍

നോട്ട് അസാധുവാക്കലിനെ പഴിചാരി വാഹന നിര്‍മാതാക്കള്‍

 
മുംബൈ: വര്‍ഷത്തില്‍ ഫാക്ടറി മെയിന്റനന്‍സിനായി കുറച്ച് ദിവസം നിര്‍മാണം നിര്‍ത്തിവെക്കുന്ന കമ്പനികള്‍ സര്‍ക്കാരിന്റെ നോട്ട് അസാധുവാക്കല്‍ തീരുമാനത്തെ പഴിചാരുന്നു. ചില കമ്പനികള്‍ ഉല്‍പ്പാദനം പുനരാരംഭിക്കുന്നതിന് സാധാരണ എടുക്കുന്നതിനേക്കാള്‍ സമയമെടുക്കുമെന്നതാണ് നോട്ട് അസാധുവാക്കലിനെ കുറ്റപ്പെടുത്തുന്നത്. നോട്ട് അസാധുവാക്കല്‍ അതിവേഗം വളര്‍ച്ച നടന്നിരുന്ന വാഹനവിപണി സഡന്‍ ബ്രേക്കിലാക്കിയെന്നും ചില കമ്പനികള്‍ കുറ്റപ്പെടുത്തുന്നു.
മാരുതി സുസുക്കി, ഹ്യൂണ്ടായ്, ഹോണ്ട, മഹീന്ദ്ര, ഫോര്‍ഡ്, റെനോ എന്നീ കമ്പനികള്‍ ഈ മാസത്തിലും അടുത്ത മാസത്തിലുമായി ഒരാഴ്ച മുതല്‍ 15 ദിവസം വരെ ഉല്‍പ്പാദനം നിര്‍ത്തിവെക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. മാരുതി സുസുക്കി, ഹ്യൂണ്ടായ് എന്നിവര്‍ ഉല്‍പ്പാദനം നിര്‍ത്തിവെക്കുന്നത് നോട്ട് ആസാധുവാക്കല്‍ തീരുമാനം കൊണ്ടല്ല മറിച്ച് നേരത്തെ നിശ്ചയിച്ചത് അനുസരിച്ചാണെന്ന് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഹോണ്ട മോട്ടോഴ്‌സ്, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര എന്നീ കമ്പനികളുടെ വാഹനങ്ങള്‍ക്ക് ഡിമാന്‍ഡ് കുറഞ്ഞതോടെ ഇന്‍വെന്ററികള്‍ ക്ലിയര്‍ ചെയ്യുന്നതിനും ഇവ ഡീലര്‍ഷിപ്പുകളിലേക്ക് മാറ്റുന്നതിനുമാണ് ഉല്‍പ്പാദനം താല്‍ക്കാലികമായി നിര്‍ത്തിവെക്കുന്നത്.
വിപണിയില്‍ പണലഭ്യത കുറഞ്ഞത് അതേസമയം ചില കമ്പനികളെ ബാധിച്ചിട്ടില്ല. അപ്രതീക്ഷിത നോട്ട് അസാധുവാക്കലിലൂടെ ബാങ്കുകളില്‍ തിരക്കായത് വാഹന വായ്പകളിലും വന്‍ കുറവ് രേഖപ്പെടുത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. വാഹന വിപണി ഈ വര്‍ഷം പ്രതീക്ഷിച്ചിരുന്ന രണ്ടക്ക വളര്‍ച്ച കൈവരിക്കാന്‍ ഏതായാലും സാധിക്കില്ലെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. നോട്ട് അസാധുവാക്കല്‍ പ്രഖ്യാപനം വന്ന കഴിഞ്ഞ മാസം യാത്രാ വാഹന വില്‍പ്പന വളര്‍ച്ച 1.8 ശതമാനം മാത്രമാണ്. കഴിഞ്ഞ ഏതാനും മാസങ്ങളിലെ ഏറ്റവും കുറഞ്ഞ വളര്‍ച്ചയാണിത്.
മാരുതി സുസുക്കി, ഹ്യൂണ്ടായ്, റെനോ, ടൊയോട്ട, ടാറ്റ മോട്ടോഴ്‌സ് എന്നീ കമ്പനികളുടെ മികച്ച മോഡലുകളുടെ പ്രകടനമാണ് ഉല്‍പ്പാദനത്തില്‍ തിരിച്ചടിയുണ്ടാക്കാതിരുന്നത്. അതേസമയം, ഫോക്‌സ്‌വാഗണ്‍, നിസാന്‍, ജനറല്‍ മോട്ടോഴ്‌സ് എന്നിവയ്ക്ക് കയറ്റുമതിയില്‍ നേട്ടമുണ്ടാക്കാനായതും നോട്ട് അസാധുവാക്കല്‍ തിരിച്ചടിയുണ്ടാക്കിയില്ല.
ഉയര്‍ന്ന മൂല്യമുള്ള നോട്ടുകള്‍ അസാധുവാക്കിയത് മുതലുള്ള രണ്ടാഴ്ചയോളം വിപണിയില്‍ കനത്ത പ്രതിസന്ധിയാണ് രേഖപ്പെടുത്തിയിരുന്നത്. ഇത് കമ്പനികളുടെ ഇന്‍വന്റെറികള്‍ വര്‍ധിപ്പിക്കുകയായിരുന്നു. ഇത് ചുരുക്കുന്നതിനായി ഉല്‍പ്പാദനം താല്‍ക്കാലികമായി നിര്‍ത്തിവെക്കുകയോ ഉല്‍പ്പാദനം കുറയ്ക്കുകയോ കമ്പനികള്‍ ചെയ്യുന്നതെന്ന് വിപണി വൃത്തങ്ങള്‍ വ്യക്തമാക്കി.
ഈ മാസം നാല് ദിവസങ്ങളില്‍ ഹോണ്ട നോണ്‍ പ്രൊഡക്ഷന്‍ ഡെയ്‌സ് പദ്ധതിയിട്ടിട്ടുണ്ട്. സാഹചര്യത്തിന് അനുസരിച്ച് ഇത്തരം നീക്കങ്ങള്‍ ഇനിയും വേണ്ടിവരുമെന്നാണ് കരുതുന്നതെന്ന് ഹോണ്ട വ്യക്തമാക്കി. സാമ്പത്തികാന്തരീക്ഷ സാധാരണ നിലയിലെത്തുന്നത് വരെ പ്രശ്‌നം ഇതേരീതിയില്‍ തുടരുമെന്ന് അറിയിച്ച ഹോണ്ട മേധാവി യുച്ചീറൊ യുനൊ അതിന് എത്രസമയമെടുക്കുമെന്ന് പ്രവചിക്കാനാവില്ലെന്നും കൂട്ടിച്ചേര്‍ത്തു.
ചക്കാന്‍, ഹരിദ്വാര്‍ എന്നീ പ്ലാന്റുകളിലുള്ള ഉല്‍പ്പാദനം ഈ മാസം ആദ്യത്തില്‍ തന്നെ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര നിര്‍ത്തിവെച്ചിട്ടുണ്ട്. നാസിക്കിലുള്ള ഫാക്ടറിയില്‍ രണ്ട് ഷിഫ്റ്റുകള്‍ക്ക് പകരം ഒരു ഷിഫ്റ്റായി ചുരുക്കിയിട്ടുമുണ്ട്. നോട്ട് അസാധുവാക്കലിലൂടെ ഏറ്റവും തിരിച്ചടി നേരിട്ട കമ്പനിയാണ് മഹീന്ദ്ര. ഗ്രാമീണ വിപണിയില്‍ മികച്ച വില്‍പ്പന നേടുന്ന കമ്പനിക്ക് നോട്ട് അസാധുവാക്കല്‍ കനത്ത തിരിച്ചടിയായി.

Comments

comments

Categories: Business & Economy