ടെസ്ല മോട്ടോഴ്‌സ് സാംസങില്‍ നിന്നും ചിപ്പുകള്‍ വാങ്ങും

ടെസ്ല മോട്ടോഴ്‌സ് സാംസങില്‍ നിന്നും ചിപ്പുകള്‍ വാങ്ങും

സോള്‍: ഇലക്ട്രോണിക് ഉല്‍പ്പന്ന രംഗത്ത് മുന്‍നിര കമ്പനിയായ സാംസങില്‍ നിന്നും അമേരിക്കന്‍ ഇലക്ട്രിക്ക് കാര്‍ നിര്‍മാതാക്കളായ ടെസ്ല മോട്ടോഴ്‌സ് സെമികണ്ടക്ടറുകള്‍ വാങ്ങുന്നു. സൗത്ത് കൊറിയന്‍ ഇലക്ട്രിക്ക് ടൈംസാണ് വാര്‍ത്ത പുറത്തുവിട്ടത്.
ടെസ്ലയുടെ സെല്‍ഫ് ഡ്രൈവിംഗ് വാഹനങ്ങള്‍ക്ക് സാംസങ് ചിപ്പുകള്‍ നിര്‍മിച്ച് നല്‍കുന്നതുമായി ബന്ധപ്പെട്ട കരാര്‍ ഇരുകമ്പനികളും ഉടന്‍ ഒപ്പുവെക്കുമെന്നാണ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്. അതേസമയം, ഇടപാടിന്റെ മൂല്യം എത്രത്തോളമുണ്ടെന്ന് വ്യക്തമാക്കിയിട്ടില്ല.
സെമികണ്ടക്ടറുകള്‍, ഡിസ്‌പ്ലെകള്‍ എന്നിവ നിര്‍മിച്ച് വാഹന മേഖലയുമായി ബന്ധപ്പെട്ടുള്ള ഉല്‍പ്പന്നങ്ങളില്‍ വില്‍പ്പന വളര്‍ച്ച കൈവരിക്കാന്‍ ശ്രമിക്കുന്നതിന്റെ ഭാഗമായാണ് ടെസ്ലയുമായി കരാറിലെത്തുന്നതെന്നും റിപ്പോര്‍ട്ടിലുണ്ട്. ഓട്ടോമൊബീല്‍ വിപണിയില്‍ കൂടുതല്‍ നേട്ടത്തിലെത്തുന്നതിന് എട്ട് ബില്ല്യന്‍ ഡോളറിന് ഹെര്‍മന്‍ ഇന്റര്‍നാഷണല്‍ ഇന്‍ഡസ്ട്രീസിനെ സാംസങ് ഏറ്റെടുക്കുമെന്ന് കഴിഞ്ഞമാസം കമ്പനി പ്രഖ്യാപിച്ചിരുന്നു.
ഇതുമായി ബന്ധപ്പെട്ട് ഇരു കമ്പനികളും ഇതുവരെ പ്രതികരിച്ചിട്ടില്ല. ഇസ്രായേല്‍ കമ്പനി മൊബിലിയെ നിര്‍മിക്കുന്ന ചിപ്പുകളാണ് ടെസ്ല മോട്ടോഴ്‌സ് ഉപയോഗിച്ചുകൊണ്ടിരിക്കുന്നത്. കമ്പനിയുടെ സെല്‍ഫ് ഡ്രൈവിംഗ് കാര്‍ അപകടത്തില്‍ പെടുകയും ഒരാളുടെ മരണത്തിനിടയാക്കുകയും ചെയ്ത സാഹചര്യത്തിലാണ് ടെസ്ല സാംസങിന് പുതിയ ദൗത്യം നല്‍കിയിരിക്കുന്നതെന്നാണ് സൂചന.
ടെസ്ല മോട്ടോഴ്‌സില്‍ നിന്നും ഓര്‍ഡര്‍ ലഭിച്ച ശേഷം സാംസങ് പുതിയ ഡിവിഷന്‍ ആരംഭിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നത്. ഡ്രൈവറില്ലാ കാറുകളില്‍ നിര്‍ണായകമായ സിസ്റ്റം-ഓണ്‍-ചിപ്പ്‌സ് (എസ്ഓഎസ്) ആണ് സാംസങ് നിര്‍മിക്കുക.

Comments

comments

Categories: Branding