ടീം ഇന്ത്യ കുതിക്കുന്നു

ടീം ഇന്ത്യ കുതിക്കുന്നു

 

മുംബൈ: ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ നാലാം മത്സരത്തില്‍ ടീം ഇന്ത്യയ്ക്ക് മികച്ച തുടക്കം. ടോസ് നേടിയ ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോറായ 400 റണ്‍സിന് മറുപടിയായിറങ്ങിയ ടീം ഇന്ത്യ കളിയുടെ രണ്ടാം ദിനം അവസാനിച്ചപ്പോള്‍ ഒരു വിക്കറ്റിന് 146 റണ്‍സ് എന്ന നിലയിലാണ്. മുരളി വിജയും ചേതേശ്വര്‍ പൂജാരയുമാണ് ക്രീസില്‍. സ്‌കോര്‍: ഇംഗ്ലണ്ട്-400, ടീം ഇന്ത്യ-146/1.

ടീം ഇന്ത്യയ്ക്ക് വേണ്ടി മുരളി വിജയ് അര്‍ധ സെഞ്ച്വറിയും (70) ചേതേശ്വര്‍ പൂജാര 47 റണ്‍സുമാണ് നേടിയിരിക്കുന്നത്. 169 പന്തുകളില്‍ നിന്നായിരുന്നു ഓപ്പണറായ മുരളി വിജയിന്റെ അര്‍ധ സെഞ്ച്വറി നേട്ടം. 24 റണ്‍സെടുത്ത ലോകേഷ് രാഹുലാണ് ടീം ഇന്ത്യ നിരയില്‍ നിന്നും പുറത്തായത്. മൊയീന്‍ അലിയാണ് ലോകേഷ് രാഹുലിന്റെ വിക്കറ്റ് നേടിയത്.

രണ്ടാം ദിനത്തില്‍ അഞ്ച് വിക്കറ്റിന് 288 റണ്‍സെന്ന നിലയില്‍ ബാറ്റിംഗ് പുനരാരംഭിച്ച ഇംഗ്ലണ്ട് 112 റണ്‍സ് കൂട്ടിച്ചേര്‍ത്തപ്പോഴേക്കും ഓള്‍ ഔട്ടാവുകയായിരുന്നു. 46 റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിനിടയില്‍ ഇംഗ്ലണ്ടിന്റെ മൂന്ന് വിക്കറ്റുകള്‍ നഷ്ടമായി. എന്നാല്‍ ഒന്‍പതാം വിക്കറ്റില്‍ ബട്‌ലര്‍-ജേക്ക് കൂട്ടുകെട്ട് ഇംഗ്ലണ്ട് സ്‌കോറിംഗ് വീണ്ടും വേഗത്തിലാക്കുകയായിരുന്നു.

ഇംഗ്ലണ്ട് സ്‌കോര്‍ 388 റണ്‍സില്‍ നില്‍ക്കെ ബോല്‍ പുറത്തായതോടെ സ്‌കോറിംഗിന്റെ വേഗം കൂട്ടാനായിരുന്നു ബട്‌ലറിന്റെ ശ്രമം. എന്നാല്‍ 400 റണ്‍സില്‍ എത്തി നില്‍ക്കെ രവീന്ദ്ര ജഡേജയെ ഉയര്‍ത്തി അടിക്കാന്‍ ശ്രമിച്ച ബട്‌ലര്‍ ബൗള്‍ഡാവുകയായിരുന്നു. മത്സരത്തിന്റെ ഒന്നാം ദിനത്തില്‍ അരങ്ങേറ്റ താരം കീറ്റണ്‍ ജെന്നിംഗ്‌സ് നേടിയ സെഞ്ച്വറിയാണ് (112) ഇംഗ്ലണ്ട് സ്‌കോറിംഗില്‍ നിര്‍ണായകമായത്.

ഇംഗ്ലണ്ടിന് വേണ്ടി ടീം ക്യാപ്റ്റന്‍ അലൈസ്റ്റര്‍ കുക്ക്, ജോ റൂട്ട്, മോയിന്‍ അലി, ബെയര്‍സ്‌റ്റോ, ബെന്‍ സ്‌റ്റോക്‌സ്, ബട്‌ലര്‍, വോക്‌സ്, റാഷിദ് എന്നിവര്‍ യഥാക്രമം 46, 21, 50, 14, 31, 76, 11, 4, 31 റണ്‍സ് വീതം നേടി. അതേസമയം നാല് പന്തുകള്‍ നേരിട്ട ആന്‍ഡേഴ്‌സന് റണ്‍സൊന്നും നേടാനായില്ല. ടീം ഇന്ത്യയ്ക്ക് വേണ്ടി രവിചന്ദ്ര അശ്വിന്‍, രവീന്ദ്ര ജഡേജ എന്നിവര്‍ യഥാക്രമം ആറ്, നാല് വിക്കറ്റുകള്‍ വീതം വീഴ്ത്തി.

എട്ട് വര്‍ഷത്തിന് ശേഷം ഇംഗ്ലണ്ടിനെതിരെ ടെസ്റ്റ് പരമ്പര സ്വന്തമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ടീം ഇന്ത്യ ഇറങ്ങിയിരിക്കുന്നത്. അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയിലെ ആദ്യ മൂന്ന് മത്സരങ്ങളിലെ രണ്ടെണ്ണത്തില്‍ ടീം ഇന്ത്യ ജയിക്കുകയും ഒന്നില്‍ സമനില നേടുകയും ചെയ്തിരുന്നു. അതിനാല്‍ ഈ മത്സരം സമനിലയില്‍ കലാശിച്ചാലും ടീം ഇന്ത്യക്ക് പരമ്പര സ്വന്തമാക്കാം.

Comments

comments

Categories: Sports