ഒടിപി ഉപയോഗിച്ച് മൊബീലിലൂടെ ബാങ്ക് എക്കൗണ്ട് തുടങ്ങാമെന്ന് ആര്‍ബിഐ

ഒടിപി ഉപയോഗിച്ച് മൊബീലിലൂടെ ബാങ്ക് എക്കൗണ്ട് തുടങ്ങാമെന്ന് ആര്‍ബിഐ

 

മുംബൈ : മൊബീല്‍ ഫോണുകളിലൂടെ വണ്‍ ടൈം പിന്‍ (ഒടിപി) ഉപയോഗിച്ച് ബാങ്കുകളില്‍ എക്കൗണ്ട് തുടങ്ങാമെന്ന് റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യ. ഇതിനായി നോ യുവര്‍ കസ്റ്റമര്‍ (കെവൈസി) ചട്ടങ്ങളില്‍ ആര്‍ബിഐ ഭേദഗതി വരുത്തി. ബാങ്ക് എക്കൗണ്ട് തുടങ്ങുന്നതിനുള്ള നടപടിക്രമങ്ങള്‍ വേഗത്തിലും എളുപ്പവുമുള്ളതാക്കിത്തീര്‍ക്കുന്നതിനാണ് പുതിയ തീരുമാനം.

ബാങ്കുകള്‍ക്ക് ഇടപാടുകാരന്റെ അനുമതിയോടെ ഒടിപി നല്‍കി ഇലക്ട്രോണിക് മാര്‍ഗ്ഗത്തിലൂടെ കെവൈസി നടപടിക്രമം പൂര്‍ത്തിയാക്കാമെന്ന് ആര്‍ബിഐയുടെ വെബ്‌സെറ്റില്‍ പ്രസിദ്ധീകരിച്ച വിജ്ഞാപനം വ്യക്തമാക്കുന്നു. എന്നാല്‍ ഈ എക്കൗണ്ടുകളില്‍ ഒരുസമയം ആകെ ഒരു ലക്ഷത്തില്‍ കൂടുതല്‍ രൂപ നിക്ഷേപമായി നിലനിര്‍ത്താന്‍ കഴിയില്ല. കൂടാതെ, ഒരു സാമ്പത്തിക വര്‍ഷത്തില്‍ ഈ എക്കൗണ്ടില്‍ ആകെ രണ്ട് ലക്ഷത്തില്‍കൂടുതല്‍ രൂപ ക്രെഡിറ്റ് ചെയ്യാനും കഴിയില്ല.

ഇലക്ടോണിക് കെവൈസി പ്രകാരം ഒരു സാമ്പത്തിക വര്‍ഷം ആകെ അനുവദിക്കുന്ന വായ്പ അറുപതിനായിരം രൂപയായി നിജപ്പെടുത്തണമെന്ന പരിധിയും ആര്‍ബിഐ മുന്നോട്ടുവെക്കുന്നു. എക്കൗണ്ട് തുടങ്ങി ഒരു വര്‍ഷത്തോളം ഈ എക്കൗണ്ടുകളെക്കുറിച്ച് ബാങ്കുകള്‍ ജാഗ്രത പുലര്‍ത്തണമെന്നും റിസര്‍വ് ബാങ്ക് നിര്‍ദേശിച്ചു. മാത്രമല്ല, ഒടിപി ഉപയോഗിച്ച് ഇതേ ബാങ്കിലോ മറ്റേതെങ്കിലും ബാങ്കിലോ എക്കൗണ്ട് തുടങ്ങിയിട്ടില്ലെന്നും ഇനി തുടങ്ങുകയില്ലെന്നും ഇടപാടുകാരന്‍ സത്യവാങ്മൂലം നല്‍കുകയും വേണം.

2017 ജനുവരി ഒന്നിന് ശേഷം വാണിജ്യ ബാങ്കുകള്‍ എല്ലാ പുതിയ വ്യക്തിഗത എക്കൗണ്ടുകളുടെയും കെവൈസി വിവരങ്ങള്‍ സെന്‍ട്രല്‍ കെവൈസി റെക്കോഡ്‌സ് രജിസ്ട്രിയില്‍ അപ്‌ലോഡ് ചെയ്യണം. സഹകരണ ബാങ്കുകള്‍, ബാങ്കിതര ധനകാര്യ സ്ഥാപനങ്ങള്‍ തുടങ്ങിയവ 2017 ഏപ്രില്‍ ഒന്ന് മുതല്‍ കെവൈസി വിവരങ്ങള്‍ സമര്‍പ്പിക്കണം.

Comments

comments

Categories: Banking