ഇന്ത്യന്‍ മഹാസമുദ്രത്തില്‍ തന്ത്രപ്രധാന സ്ഥാനം ഉറപ്പിക്കാന്‍ ശ്രീലങ്ക

ഇന്ത്യന്‍ മഹാസമുദ്രത്തില്‍ തന്ത്രപ്രധാന സ്ഥാനം ഉറപ്പിക്കാന്‍ ശ്രീലങ്ക

ശ്രീലങ്കയിലെ പ്രമുഖ തീരദേശ നഗരമാണു ഗാലെ. ശ്രീലങ്കയുടെ തെക്കു-പടിഞ്ഞാറു ഭാഗത്ത് കൊളംബോയില്‍ നിന്നും 119 കിലോമീറ്റര്‍ അകലത്തില്‍ സ്ഥിതി ചെയ്യുന്നു ഈ നഗരം. ശ്രീലങ്കയിലെ തെക്കന്‍ പ്രവിശ്യയുടെയും ഗാലെ ജില്ലയുടെയും ആസ്ഥാനമാണ് ഗാലെ നഗരം. ഏഷ്യയുടെ സമുദ്ര സംബന്ധമായ കലണ്ടറില്‍ ഗാലെ കോണ്‍ഫറന്‍സിന് ഇന്ന് പ്രമുഖ സ്ഥാനുമുണ്ട്. എട്ട് വര്‍ഷമായി മേഖലയിലുള്ള രാജ്യങ്ങളുടെ നാവികസേനാ തലവന്‍മാരെ പങ്കെടുപ്പിച്ചു ഗാലെയില്‍ കോണ്‍ഫറന്‍സ് നടത്തുന്നു. കോണ്‍ഫറന്‍സില്‍ സമുദ്ര സുരക്ഷ, സഹകരണം എന്നിവയെ സംബന്ധിച്ചും നാവികസേനയുടെ മറ്റ് കാര്യങ്ങളും ചര്‍ച്ച ചെയ്തു പോരുന്നു.

ഗാലെ കൂട്ടായ്മയിലൂടെ ശ്രീലങ്ക ലക്ഷ്യമിടുന്നത് രണ്ട് കാര്യങ്ങളാണ്. ഒന്നാമതായി ഇന്ത്യന്‍ മഹാസമുദ്രത്തിലെ ശ്രീലങ്കയുടെ തന്ത്രപ്രധാന സ്ഥാനം ഉറപ്പിക്കുക എന്നതാണ്. sealines of communication (നാവികാവശ്യങ്ങള്‍ക്കും, വാണിജ്യ ആവശ്യങ്ങള്‍ക്കും ഉപയോഗിക്കുന്ന സമുദ്രപാത) എന്ന ഭൂമിശാസ്ത്രപരമായ പ്രാധാന്യം ശ്രീലങ്കയ്ക്കുണ്ട്. ഈ ഘടമാണ് ശ്രീലങ്കയ്ക്ക് മേല്‍ക്കോയ്മ നേടിക്കൊടുക്കുന്നത്.
രണ്ടാമതായി പ്രാദേശിക തലത്തില്‍ സഹകരണം ഉറപ്പാക്കാന്‍ രാസത്വരകമായി പ്രവര്‍ത്തിക്കുക എന്നതാണ്. ഇതിനുള്ള കഴിവ് ശ്രീലങ്കയ്ക്ക് ഉണ്ടെന്നു ബോദ്ധ്യപ്പെടുത്താനും അവര്‍ ആഗ്രഹിക്കുന്നുണ്ട്. ദക്ഷിണേഷ്യയിലെ സമുദ്രതീരത്ത് വലിയ റോള്‍ കളിക്കാന്‍ കൊളംബോ ആഗ്രഹിക്കുന്നുണ്ട്. ഇതിലൂടെ ശ്രീലങ്കയ്ക്ക് ഏറ്റവുമടുത്ത സമുദ്രപാതയുടെ സംരക്ഷണം ഉറപ്പുവരുത്താനും കിഴക്കന്‍ ഇന്ത്യന്‍ മഹാസമുദ്രത്തിലെ മാരിടൈം സാന്നിധ്യം ഉറപ്പിക്കാനും അവര്‍ക്ക് പദ്ധതിയുണ്ട്. പ്രാദേശികതലത്തില്‍ ഇന്ത്യയടക്കമുള്ള സഖ്യകക്ഷികളുടെ സഹകരണം ഉറപ്പാക്കുന്നതിലൂടെ ഈ ലക്ഷ്യം നേടാനാകുമെന്നാണ് ശ്രീലങ്ക കണക്കുകൂട്ടുന്നത്.

ഗാലെയില്‍ ഓരോ വര്‍ഷവും നാവികസേനാ തലവന്‍മാരുടെ പങ്കാളിത്തത്തോടെ നടക്കുന്ന കൂട്ടായ്മയില്‍ സുരക്ഷാ സംബന്ധമായ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാറുണ്ടെങ്കിലും ഇന്ത്യന്‍ മഹാസമുദ്രത്തിലെ ഭൗമരാഷ്ട്രീയ സമവാക്യങ്ങള്‍ മാറിമറിയുന്നതിന്റെ എല്ലാ ലക്ഷണങ്ങളും ഗാലെ കോണ്‍ഫറന്‍സില്‍ പ്രകടമാകുന്നുണ്ട്.
2011,2012 വര്‍ഷങ്ങളില്‍ ചൈനയുമായി സൗഹൃദം സ്ഥാപിക്കുന്ന തിരക്കിലായിരുന്നു കൊളംബോ. ഈ സമയത്ത് ഗാലെ കോണ്‍ഫറന്‍സിലെ പ്രധാന വിഷയം തന്നെ തന്ത്രപ്രധാന സമുദ്ര പങ്കാളിത്തം (strategic maritime partnership)എന്നായിരുന്നു. അന്ന് ഇന്ത്യന്‍ മഹാസമുദ്രത്തിലെ ചൈനയുടെ സാന്നിധ്യത്തെ ശ്രീലങ്ക പിന്തുണയ്ക്കുന്ന കാഴ്ചയും പ്രകടമായിരുന്നു.

എന്നാല്‍ കൊളംബോയില്‍ ചൈനയുടെ സൈന്യം അന്തര്‍വാഹിനികള്‍ വിന്യസിച്ചതോടെ ന്യൂഡല്‍ഹി എതിര്‍ത്തു. ഇതേത്തുടര്‍ന്ന് 2014,15 ല്‍ ഗാലെ കോണ്‍ഫറന്‍സിന്റെ വിഷയം ഇന്ത്യന്‍ മഹാസമുദ്രത്തില്‍ സ്വീകരിക്കേണ്ട സഹകരണം(collaborative approaches in the Indian Ocean)എന്നാക്കി മാറ്റാന്‍ കൊളംബോ ബാദ്ധ്യസ്ഥമായി.
ഈ വര്‍ഷം ഗാലെയില്‍ നടന്ന കോണ്‍ഫറന്‍സ് വീണ്ടും ശ്രദ്ധയാകര്‍ഷിക്കുകയുണ്ടായി. പ്രത്യേകിച്ച് ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ശ്രീലങ്ക, ചൈനയുമായി തന്ത്രപരമായ സഖ്യത്തിലേര്‍പ്പെടാനുള്ള എല്ലാ ലക്ഷണങ്ങളും പ്രകടമാക്കിയ സാഹചര്യത്തില്‍.

ഹാംബന്‍ടോട്ട തുറമുഖത്തിന്റെ 80 ശതമാനം ആസ്തികളും ശ്രീലങ്ക ചൈനയക്ക് വില്‍പന നടത്തുകയുണ്ടായെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. മാത്രമല്ല, ചൈനയുടെ പീപ്പിള്‍ ലിബറേഷന്‍ ആര്‍മിയുടെ നേവി ഈസ്റ്റേണ്‍ ഇന്ത്യന്‍ മഹാസമുദ്രത്തില്‍ വന്‍ തോതില്‍ വിന്യസിക്കുകയും ചെയ്തു.ശ്രീലങ്ക-ചൈന ബന്ധത്തെ അത്യന്തം ആകാംഷയോടെയാണ് ഏഷ്യയിലെ മറ്റ് രാജ്യങ്ങള്‍ ഉറ്റുനോക്കുന്നത്.2014ല്‍ കൊളംബോയില്‍ ചൈനയുടെ നാവിക സേന തമ്പടിച്ചപ്പോള്‍, ഇന്ത്യ ശക്തമായി പ്രതിഷേധം അറിയിച്ചിരുന്നു. ഇത്തരം സൈനിക വിന്യാസം നടത്തുമ്പോള്‍ അക്കാര്യം ന്യൂഡല്‍ഹിയെ അറിയിക്കാനുള്ള കടമയുണ്ടെന്ന കാര്യം മറക്കരുതെന്ന് ശ്രീലങ്കയെ ഇന്ത്യ അറിയിക്കുകയും ചെയ്തു. പക്ഷേ, കൊളംബോ ഇക്കാര്യത്തില്‍ നിസ്സഹായരാണ്. സാമ്പത്തികമായും സൈനികമായും ചൈനയെ അമിതമായി ആശ്രയിക്കുന്നതിനാല്‍ ചൈനയുടെ ശ്രീലങ്കയിലെ സ്വാധീനത്തെ ചെറുക്കാനോ നിയന്ത്രിക്കാനോ കൊളംബോയ്ക്കു സാധിക്കുന്നില്ലെന്നതാണു വാസ്തവം.

ഇന്ത്യന്‍ മഹാസമുദ്രത്തിലെ രാജ്യങ്ങളില്‍ അടിസ്ഥാനസൗകര്യ വികസനമൊരുക്കിയും സാമ്പത്തിക സഹായം നല്‍കിയും മേഖലയില്‍ സ്വാധീനമുറപ്പിക്കാന്‍ ശ്രമിക്കുന്ന ചൈനയുടെ നീക്കങ്ങളെ അതീവ ജാഗ്രതയോടെയാണു ഏഷ്യയിലെ മറ്റ് രാജ്യങ്ങള്‍ വീക്ഷിക്കുന്നത്. ഈ വര്‍ഷം ഗാലെയില്‍ നടന്ന കോണ്‍ഫറന്‍സിലും ബീജിംഗ് തന്നെയായിരുന്നു താരം. സമ്മേളനത്തില്‍ ചൈനയുടെ പ്രതിനിധിയായി പങ്കെടുത്ത റെയര്‍ അഡ്മിറല്‍ വാംഗ് ഡാസോങ് മാരിടൈം സില്‍ക്ക് റോഡിന്റെ പ്രാധാന്യത്തെക്കുറിച്ചാണ് എടുത്ത് പറഞ്ഞത്.
ശ്രീലങ്കയ്ക്കു മുന്‍പില്‍ ഇപ്പോള്‍ ഉയര്‍ന്നിരിക്കുന്ന വെല്ലുവിളി ഇന്ത്യയും ചൈനയുമായുള്ള ബന്ധത്തില്‍ സമതുലനം പാലിക്കുക എന്നതാണ്. എന്നാല്‍ ചൈനയെ അമിതമായി ആശ്രയിക്കുന്നതിനാല്‍ ശ്രീലങ്കയ്ക്ക് ഇതിനു സാധ്യമല്ലെന്നതും മനസിലാക്കേണ്ടതുണ്ട്.ഗാലെ കോണ്‍ഫറന്‍സ് ഇന്ത്യയ്ക്കു ഭാവിയില്‍ തലവേദന സൃഷ്ടിക്കാവുന്ന ഒന്നാണെന്നു നയതന്ത്ര വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. ഇതു മുന്‍പില്‍ കണ്ട് ന്യൂഡല്‍ഹി പ്രവര്‍ത്തിച്ചില്ലെങ്കില്‍ ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ നിയന്ത്രണം മറ്റ് രാജ്യങ്ങള്‍ ഏറ്റെടുക്കുന്ന സാഹചര്യമുണ്ടാകും. അത്തരം അവസ്ഥയ്ക്കു സാക്ഷ്യംവഹിക്കേണ്ട ഗതികേട് ഉണ്ടാവാതിരിക്കാനാണ് ഇന്ത്യ ശ്രദ്ധിക്കേണ്ടതെന്നും വിദഗ്ധര്‍ സൂചിപ്പിക്കുന്നു.

Comments

comments

Categories: Trending