ആര്‍ബിഐ തീരുമാനത്തില്‍ റിയല്‍റ്റി മേഖലയ്ക്ക് അതൃപ്തി

ആര്‍ബിഐ തീരുമാനത്തില്‍ റിയല്‍റ്റി മേഖലയ്ക്ക് അതൃപ്തി

ന്യൂഡെല്‍ഹി: കഴിഞ്ഞ ദിവസം നടന്ന റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ നിരക്കവലോകനത്തില്‍ പലിശ നിരക്കുകളില്‍ തല്‍സ്ഥിതി തുടരാനുള്ള തീരുമാനത്തില്‍ റിയല്‍ എസ്റ്റേറ്റ് മേഖലയ്ക്ക് അതൃപ്തി. ആര്‍ബിഐയുടെ അഞ്ചാമത് ദ്വൈമാസ നിരക്കവലോകന യോഗത്തില്‍ സാമ്പത്തിക മേഖലയെ ആശ്ചര്യപ്പെടുത്തി റിപ്പോ നിരക്ക് 6.25 ശതമാനത്തില്‍ തന്നെ തുടരാനാണ് തീരുമാനിച്ചത്. കഴിഞ്ഞ ഒക്ടോബറില്‍ നടന്ന പണനയ അവലോകന യോഗത്തില്‍ ആര്‍ബിഐ റിപ്പോ നിരക്ക് 25 ബേസിസ് പോയിന്റ് കുറച്ചിരുന്നു.
ഈ സമയത്ത് നിരക്കുകള്‍ കുറയ്ക്കുമെന്ന മികച്ച പ്രതീക്ഷയുണ്ടായിരുന്നു. എന്നാല്‍ ആര്‍ബിഐ നിരാശപ്പെടുത്തിയെന്ന് നൈറ്റ് ഫ്രാങ്ക് ഇന്ത്യ ചെയര്‍മാനും മാനേജിംഗ് ഡയറക്റ്ററുമായ ശിശിര്‍ ബൈജല്‍ വ്യക്തമാക്കി. റിയല്‍റ്റി മേഖലയിലെ പ്രതിസന്ധിക്ക് ഒരു പരിധി വരെ പരിഹാരം കാണുന്നതിന് 25 ബേസിസ് പോയിന്റ് റിപ്പോ നിരക്ക് കുറയ്ക്കുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം, കഴിഞ്ഞ നിരക്കിളവിന്റെ ആനുകൂല്യം ബാങ്കുകള്‍ ഉപഭോക്താക്കള്‍ക്ക് കൈമാറണമെന്ന് ഈ മേഖലിയിലുള്ള വിദഗ്ധര്‍ ആവശ്യപ്പെടുന്നുണ്ട്. ബാങ്കുകള്‍ കരുധല്‍ ധനമായി സൂക്ഷിക്കേണ്ട നിക്ഷേപത്തിന്റെ അനുപാതം നാല് ശതമാനമായി നിലനിര്‍ത്തിയ ആര്‍ബിഐ നോട്ട് അസാധുവാക്കിയതോടെ ബാങ്കുകളില്‍ എത്തിയ നിക്ഷേപം കരുതല്‍ ധനമായി സൂക്ഷിക്കണമെന്ന നിര്‍ദേശവും ബാങ്കുകള്‍ക്ക് നല്‍കി.
ആര്‍ബിഐ ബാങ്കുകള്‍ക്ക് നല്‍കുന്ന ഹ്രസ്വകാല വായ്പാ പലിശ നിരക്കായ റിപ്പോ നിരക്കില്‍ കുറവ് വരുത്തുന്നത് വായ്പാ പലിശ കുറയ്ക്കും. ഇത് ഭവനവായ്പയടക്കമുള്ളവയ്ക്ക് നേട്ടമാകുമെന്ന കണക്കുകൂട്ടലിലായിരുന്നു രാജ്യത്തെ റിയല്‍ എസ്റ്റേറ്റ് മേഖല.
കഴിഞ്ഞ വര്‍ഷം മുതല്‍ ഇതുവരെ ആര്‍ബിഐ റിപ്പോ നിരക്കുകളില്‍ 150 ബേസിസ് പോയിന്റ് കുറവ് വരുത്തിയിട്ടുണ്ടെങ്കിലും ഭവന വായ്പയടക്കമുള്ളവയില്‍ 25 ബേസിസ് പോയിന്റ് കുറവ് വരുത്താന്‍ മാത്രമാണ് വാണിജ്യ ബാങ്കുകള്‍ തയാറായിരിക്കുന്നതെന്ന് പ്രമുഖ റിയല്‍റ്റി കണ്‍സള്‍ട്ടന്‍സി കുഷ്മാന്‍ ആന്‍ഡ് വേക്ക്ഫീല്‍ഡ് ഇന്ത്യ മാനേജിംഗ് ഡയറക്റ്റര്‍ അന്‍ഷുല്‍ ജെയ്ന്‍ വ്യക്തമാക്കി. 25 മുതല്‍ 50 ബേസിസ് പോയിന്റ് വരെ കുറയ്ക്കുമെന്നായിരുന്നു കഴിഞ്ഞ നിരക്കവലോകന യോഗത്തില്‍ പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Comments

comments

Categories: Slider, Top Stories