ആര്‍ബിഐ നല്‍കുന്ന സൂചനകള്‍

ആര്‍ബിഐ നല്‍കുന്ന സൂചനകള്‍

പ്രധാനമന്ത്രി നരേന്ദ്ര മോദി നവംബര്‍ എട്ടിന് പ്രഖ്യാപിച്ച നോട്ട് അസാധുവാല്‍ തീരുമാനത്തിനു ശേഷമുള്ള ആദ്യ ധനനയമായിരുന്നു ബുധനാഴ്ച്ച റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ നടത്തിയത്. നോട്ട് അസാധുവാക്കലിനെ തുടര്‍ന്ന് രാജ്യത്തെ സമ്പദ് വ്യവസ്ഥ പ്രതിസന്ധിയെ നേരിടുന്ന സമയത്തായിരുന്നു ധനനയഅവലോകനമെന്നത് ശ്രദ്ധേയമായിരുന്നു. അതുകൊണ്ടുതന്നെ വലിയ മാധ്യമശ്രദ്ധയാണ് ധനനയയോഗത്തിന് ലഭിച്ചത്.

നിരക്കുകളില്‍ മാറ്റമുണ്ടാകുമെന്ന് പ്രതീക്ഷിച്ചെങ്കിലും അതിന് ഉര്‍ജിത് പട്ടേലും ആര്‍ബിഐയും തയാറായില്ലെന്നത് ശ്രദ്ധേയമായി. വാണിജ്യ ബാങ്കുകള്‍ക്ക് വായ്പ നല്‍കുമ്പോള്‍ ഈടാക്കുന്ന പലിശയായ റിപോ നിരക്ക് നിലവിലെ 6.25 ശതമാനത്തില്‍ മാറ്റമില്ലാതെ തുടരും. ആര്‍ബിഐ ഗവര്‍ണര്‍ ഉര്‍ജിത് പാട്ടേലിന്റെ നേതൃത്വത്തിലുള്ള മോണിറ്ററി പോളിസി സമിതിയാണ് രണ്ടുദിവസം നീണ്ട പണനയ അവലോകനത്തിനു ശേഷം നയം പുറത്തുവിട്ടത്.

ആര്‍ബിഐ അടിസ്ഥാന നിരക്കുകളില്‍ കാല്‍ ശതമാനമെങ്കിലും കുറവു പ്രഖ്യാപിക്കുമെന്നായിരുന്നു വിപണിയില്‍ നിന്നുള്ള പ്രതീക്ഷ. സാമ്പത്തിക പരിഷ്‌കരണത്തിനു ശേഷം രാജ്യത്തെ ബാങ്കുകളില്‍ വന്‍ തോതില്‍ നിക്ഷേപം കുമിഞ്ഞുകൂടിയിട്ടുണ്ട്. ഇനിയും ഇത് ഉയരാനാണ് സാധ്യതയെന്നും നിരീക്ഷണമുണ്ടായിരുന്നു. ഈ സാഹചര്യത്തില്‍ വായ്പാ പലിശ നിരക്കുകള്‍ കുറച്ച് വായ്പാ ആവശ്യകത ഉയര്‍ത്താന്‍ കേന്ദ്ര ബാങ്ക് തയാറായേക്കുമെന്നായിരുന്നു സാമ്പത്തിക വിദഗ്ധരുടെ വിശകലനം. വിപണിയും പ്രതീക്ഷിച്ചത് അതുതന്നെയാണ്. മോണിറ്ററി പോളിസി കമ്മിറ്റിയിലെ ആറ് പേരും നിരക്കുകളില്‍ മാറ്റം വരുത്തേണ്ടെന്ന നിലപാടാണ് സ്വീകരിച്ചത്.

നോട്ട് അസാധുവാക്കലുമായി ബന്ധപ്പെട്ട് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യക്കെതിരെയും വ്യാപക വിമര്‍ശനങ്ങള്‍ ഉയരുന്നതിനു നടുവിലായിരുന്നു ധനനയപ്രഖ്യാപനം. നോട്ട് അസാധുവാക്കല്‍ സമ്പദ് വ്യവസ്ഥയെ എത്തരത്തില്‍ ബാധിച്ചുവെന്ന ഡാറ്റ കിട്ടിയ ശേഷം അതിനനുസരിച്ച നടപടികള്‍ കൈക്കൊള്ളാമെന്നാണ് ഉര്‍ജിത് പട്ടേല്‍ സൂചിപ്പിച്ചത്. രാജ്യത്തിന്റെ ജിഡിപി വളര്‍ച്ചയെ നോട്ട് അസാധുവാക്കല്‍ ബാധിക്കുമെന്ന വിലയിരുത്തലുകള്‍ വന്നിട്ടുണ്ടെന്നത് ശ്രദ്ധേയമാണ്. നിരക്ക് കുറയ്ക്കാത്തത് അര്‍ത്ഥമാക്കുന്നത് എല്ലാം ഇവിടെ ശരിയാണോ എന്ന് ആര്‍ബിഐ വ്യക്തമാക്കേണ്ടതുണ്ട്. നോട്ട് അസാധുവാക്കല്‍ സമ്പദ് വ്യവസ്ഥയുടെ അടിത്തട്ടിലുണ്ടാക്കിയ പ്രതിസന്ധികള്‍ മനസിലാക്കുന്നതില്‍ ആര്‍ബിഐ പരാജയപ്പെട്ടുവെന്നതിന് തെളിവാണ് ധനനയ പ്രഖ്യാപനമെന്ന് ചിലര്‍ വിമര്‍ശനമുന്നയിച്ചിട്ടുണ്ട്.

നോട്ട് അസാധുവാക്കലിനെ തുടര്‍ന്നുള്ള പണപ്രതിസന്ധിയെ തുടര്‍ന്ന് ഗോള്‍ഡ്മാന്‍ സാച്ച്‌സ് ഇന്ത്യയുടെ വളര്‍ച്ചയെക്കുറിച്ചുള്ള പ്രതീക്ഷകള്‍ അടുത്തിടെ വെട്ടിക്കുറച്ചിരുന്നു. 6.3 ശതമാനത്തിലേക്ക് ഇന്ത്യയുടെ വാര്‍ഷിക വളര്‍ച്ചാ നിരക്ക് കുറയുമെന്നാണ് അവര്‍ വിലയിരുത്തിയത്. പുതിയ കറന്‍സി നോട്ടുകളുടെ ലഭ്യതയിലെ പ്രശ്‌നങ്ങള്‍ പണപ്രതിസന്ധിക്കും ഉപഭോഗം വലിയ തോതില്‍ കുറയുന്നതിനും ഇടവരുത്തിയതായി ഗോള്‍ഡ്മാന്‍ സാച്ച്‌സ് നിരീക്ഷിച്ചിരുന്നു. സാമ്പത്തിക ക്രിയവിക്രയത്തിലുള്ള 86 ശതമാനത്തോളം നോട്ടുകളായിരുന്നു സര്‍ക്കാര്‍ പിന്‍വലിച്ചത്. ഇത് വലിയ പ്രത്യാഘാതം സൃഷ്ടിക്കുമെന്നാണ് പല വിദഗ്ധരും വിലയിരുത്തിയത്.
നഗരങ്ങളിലുള്ളവര്‍ ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകളിലൂടെയും ഓണ്‍ലൈന്‍ ബാങ്കിംഗിലൂടെയും ഇടപാടുകള്‍ നടത്തി വലിയ ബുദ്ധിമുട്ടനുഭവിക്കാതെ നോട്ട് അസാധുവാക്കല്‍ പ്രതിസന്ധിയില്‍ നിന്നു രക്ഷപ്പെട്ടു. എന്നാല്‍ എടിഎമ്മുകളില്‍ 100 രൂപ നോട്ടുകള്‍ പോലും കിട്ടാതായതോടെ സാധാരണ ഇടപാടുകള്‍ക്ക് പോലും പണമില്ലാതെ കടുത്ത ദുരിതത്തിലായി ഗ്രാമങ്ങളിലെ ജനങ്ങള്‍.

നോട്ട് അസാധുവാക്കലിനെ തുടര്‍ന്ന് മൂന്നാം പാദത്തിലെ ജിഡിപി വളര്‍ച്ചയില്‍ 2.5 ശതമാനം കുറവുണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. നാലാം പാദത്തിലെ കണക്കുകള്‍ കുറച്ചുകൂടി താഴേക്ക് പോകാമെന്നും വിലയിരുത്തലുകളുണ്ട്. ഈ സാഹചര്യം ലഘൂകരിക്കണമെങ്കില്‍ സര്‍ക്കാര്‍ ചെലവിടല്‍ കൂട്ടണമെന്നാണ് നിര്‍ദേശം. മൂന്ന്, നാല് പാദങ്ങളിലെ ചെലവിടല്‍ 7 ലക്ഷം കോടിയെങ്കിലും ആക്കണമെന്നാണ് അസോചം പറയുന്നത്.

കാറുകള്‍, ജൂവല്‍റി, വൈറ്റ് ഗുഡ്‌സ് തുടങ്ങിയവയുടെയെല്ലാം വില്‍പ്പനയില്‍ കാര്യമായ ഇടിവ് നേരിട്ടു. കൂടുതല്‍ പണത്തിന്റെ ഒഴുക്കുണ്ടായാല്‍ മാത്രമേ വ്യാവസായിക, റീട്ടെയ്ല്‍ മേഖലകളില്‍ ഉണര്‍വുണ്ടാകൂ.

നോട്ട് അസാധുവാക്കലിന് ശേഷം ആദ്യമായി പുറത്തുവന്ന നിക്കെയ് ഇന്ത്യ കംപോസിറ്റ് പര്‍ച്ചേസിംഗ് മാനേജേഴ്‌സ് ഇന്‍ഡെക്‌സി (പിഎംഐ) ല്‍ ഇടിവായിരുന്നു രേഖപ്പെടുത്തിയത് എന്നതും ശ്രദ്ധേയമാണ്. പിഎംഐ മുന്‍മാസത്തെ 54.4ല്‍ നിന്നും 49.1ലേക്കാണ് താഴ്ന്നത്.

നോട്ട് അസാധുവാക്കലിന്റെ ആഘാതത്തില്‍ ലോകത്തെ ഏറ്റവും വേഗത്തില്‍ വളരുന്ന സമ്പദ് വ്യവസ്ഥയെന്ന വിശേഷണം ഇന്ത്യക്ക് നഷ്ടമാകുമെന്ന ആശങ്ക നിരവധി സാമ്പത്തിക വിദഗ്ധര്‍ പങ്കുവെക്കാന്‍ തുടങ്ങിയിട്ടുണ്ട്.

Comments

comments

Categories: Editorial