വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഗവേഷണത്തിനും ഇന്നൊവേഷനും അനുകൂലമായ അന്തരീക്ഷമൊരുക്കണം: രാഷ്ട്രപതി

വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഗവേഷണത്തിനും ഇന്നൊവേഷനും അനുകൂലമായ അന്തരീക്ഷമൊരുക്കണം: രാഷ്ട്രപതി

ന്യുഡെല്‍ഹി: രാജ്യത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഗവേഷണത്തിനും ഇന്നൊവേഷനും അനുകൂലമായ സാഹചര്യമൊരുക്കണമെന്ന് രാഷ്ട്രപതി പ്രണബ് മുഖര്‍ജി അഭിപ്രായപ്പെട്ടു. ന്യുഡെല്‍ഹിയില്‍ സെന്റ് സ്റ്റീഫന്‍സ് കോളെജിന്റെ സ്ഥാപകദിന ആഘോഷങ്ങളില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 135 വര്‍ഷത്തിന്റെ പാരമ്പര്യമുള്ള കോളെജിന്റെ സ്ഥാപകദിനാഘോഷങ്ങളുടെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് രാഷ്ട്രപതി പറഞ്ഞു.

വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ റാങ്കിംഗ് നടപടിയെ ഗൗരവമായി എടുക്കുകയും അന്താരാഷ്ട്ര ഏജന്‍സികളുടെ റാങ്കിംഗില്‍ ഉന്നതസ്ഥാനം കൈവരിക്കാന്‍ ശ്രമിക്കുകയും ചെയ്യണമെന്ന് അദ്ദേഹം നിര്‍ദേശിച്ചു. നമ്മുക്ക് മികച്ച അധ്യാപകരും വിദ്യാര്‍ത്ഥികളുമാണുള്ളത്. രാജ്യത്തിന് അഭിമാനിക്കാന്‍ അവസരം നല്‍കികൊണ്ട് ഇന്ത്യയില്‍ നിന്ന് ഇപ്പോള്‍ തന്നെ രണ്ട് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ആഗോളതലത്തിലെ മികച്ച 200 വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പട്ടികയില്‍ ഇടം നേടിയിട്ടുണ്ട്. ഭാവിയില്‍ ഇനിയും കൂടുതല്‍ സ്ഥാപനങ്ങള്‍ ഈ നേട്ടം കൈവരിക്കുമെന്നാണ് പ്രതീക്ഷ. ലക്ഷ്യവും ആത്മാര്‍ത്ഥതയുമുണ്ടെങ്കില്‍ നമുക്ക് വിജയം കൈവരിക്കാനാകുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഗവേഷണത്തിനും ഇന്നൊവേഷനും അനുകൂലമായ അന്തരീഷം സൃഷ്ടിക്കേണ്ടതിന്റെ ആവശ്യകത ഊന്നി പറഞ്ഞ അദ്ദേഹം പല വിദ്യാഭ്യാസ സ്ഥാപനങ്ങളും സ്വന്തമായി ഇന്നൊവേഷന്‍ ക്ലബ്ബുകളും മറ്റും രൂപീകരിച്ചിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടി. താഴെക്കിടയില്‍ നിന്നുള്ള ഇന്നൊവേറ്റേഴ്‌സിനെ പ്രോല്‍സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ എല്ലാ വര്‍ഷവും രാഷ്ട്രപതി ഭവനില്‍ ഇന്നൊവേഷന്‍ ഫെസ്റ്റിവല്‍ സംഘടിപ്പിക്കുന്നുണ്ട്. വലിയ യുവജന സമ്പത്താണ് ഇന്ത്യയ്ക്കുള്ളത്. അവര്‍ക്കാവശ്യമായ അടിസ്ഥാനപരമായ നൈപുണ്യവും വിദ്യാഭ്യാസവും പരിശീലനവും നല്‍കിയാല്‍ മാത്രമെ ആഗോളതലത്തിലുള്ള തൊഴിലവരസങ്ങള്‍ അവര്‍ക്ക് പ്രയോജനപ്പെടുത്താനാകു. അല്ലാത്ത പക്ഷം രാജ്യത്തിന്റെ വര്‍ധിച്ച ജനസംഖ്യ പ്രയോജനരഹിതമായി പോകും. തൊഴിലവസരങ്ങള്‍ വര്‍ധിക്കുന്നതിനനുസരിച്ച് രാജ്യവും വളരുന്നുണ്ട്. പരിസ്ഥിതി പ്രത്യാഘാതങ്ങള്‍ ഒഴിവാക്കി ഊര്‍ജ കാര്യക്ഷമത നേടാന്‍ നാം ശ്രമിക്കണം. ഭാവിയില്‍ സമൂഹത്തിന്റെ ഏതു തലത്തില്‍ എത്തിച്ചേര്‍ന്നാലും ജനങ്ങളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ തന്റേതായ സംഭാവന നല്‍കുന്നവരാകണമെന്ന് രാഷ്ട്രപതി വിദ്യാര്‍ത്ഥികളെ ഉദ്‌ബോധിപ്പിച്ചു.

Comments

comments

Categories: Education