പേമെന്റ് ബാങ്കിലേക്ക് 325 കോടി നിക്ഷേപിക്കാന്‍ പേടിഎം

പേമെന്റ് ബാങ്കിലേക്ക് 325 കോടി നിക്ഷേപിക്കാന്‍ പേടിഎം

 
ബെംഗളൂരു: ഡിജിറ്റല്‍ പേയ്‌മെന്റ്‌സ്, ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമായ പേടിഎമ്മിന്റെ സ്ഥാപകനും സിഇഒയുമായ വിജയ് ശേഖര്‍ ശര്‍മ്മ മാതൃകമ്പനിയായ വണ്‍97കമ്മ്യൂണിക്കേഷന്‍സിലെ ഒരു ശതമാനം ഓഹരി വിറ്റ് 325 കോടി രൂപ സമാഹരിക്കുന്നു. ഗ്രൂപ്പിന്റെ നിര്‍ദ്ദിഷ്ട പേമെന്റ് ബാങ്കിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായാണ് ഈ തുക വിനിയോഗിക്കുക.

വണ്‍97കമ്മ്യൂണിക്കേഷന്‍സിന്റെ ഓഹരി ഉടമകളില്‍ ഒരാള്‍ക്കാണ് ശര്‍മ്മ തന്റെ ഓഹരികള്‍ വിറ്റത്. ഇതു സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ കമ്പനി പുറത്തുവിട്ടിട്ടില്ല.

ഓഹരി വില്‍പ്പനയുടെ ഇടപാടുകള്‍ കഴിഞ്ഞയാഴ്ച പൂര്‍ത്തിയാക്കിയെന്ന് അടുത്തവൃത്തങ്ങള്‍ അറിയിച്ചു. കമ്പനി രജിസ്ട്രാറുടെ പക്കലുള്ള വിവരമനുസരിച്ച് 2016 മാര്‍ച്ച് വരെ ശര്‍മ്മയ്ക്ക് വണ്‍97കമ്മ്യൂണിക്കേഷന്‍സില്‍ 21.33 ശതമാനം ഓഹരിയുണ്ട്. വില്‍പ്പനയിലൂടെ ഇത് 20.33 ശതമാനമായി കുറഞ്ഞു. വണ്‍97 കമ്യൂണിക്കേഷന്‍സിന്റെ മൂല്യം 4.7 ബില്ല്യണ്‍ ഡോളറായി വിലയിരുത്തിയാണ് ഇടപാട്.

പേയ്‌മെന്റ്‌സ് ബാങ്ക് തുടങ്ങുന്നതിനായി ശര്‍മ്മയ്ക്ക് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ (ആര്‍ബിഐ) തത്വത്തിലുള്ള അനുമതി ലഭിച്ചിട്ടുണ്ട്. എന്നാല്‍ അന്തിമ അനുമതി ആയിട്ടില്ല. ആര്‍ബിഐയുടെ നിയമമനുസരിച്ച് പുതിയ സംരംഭമായ പേടിഎം പേയ്‌മെന്റ്‌സ് ബാങ്കില്‍ വിജയ്‌ശേഖര്‍ ശര്‍മ്മയ്ക്ക് 51 ശതമാനം ഓഹരി ഉടമസ്ഥതയുണ്ടായിരിക്കണം. പേടിഎം പേമെന്റ്‌സ് ബാങ്ക് എന്ന സ്ഥാപനം ഇതിനായി ശര്‍മ്മ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

കമ്പനിയുടെ ഇ-കൊമേഴ്‌സ് മാര്‍ക്കറ്റ് പ്ലേസ് പുതിയ സ്ഥാപനമായ പേടിഎം ഇ-കൊമേഴ്‌സ് പ്രൈവറ്റിന് കീഴിലായിരിക്കും പ്രവര്‍ത്തിക്കുക. കമ്പനി തങ്ങളുടെ ഇ-വാലറ്റ് ബിസിനസ് പേയ്‌മെന്റ്‌സ് ബാങ്ക് സംരംഭത്തിലേക്ക് ലയിപ്പിക്കാന്‍ തീരുമാനിച്ചെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. പേയ്‌മെന്റ്‌സ് ബാങ്കിനുള്ള അന്തിമ അനുമതി ലഭിച്ചാല്‍ മാത്രമെ കൈമാറ്റം പൂര്‍ത്തീകരിക്കാനാകു. ചൈനയിലെ പ്രമുഖ ഇ-കൊമേഴ്‌സ് കമ്പനിയായ അലിബാബയ്ക്കും അവരുടെ അനുബന്ധ പേയ്‌മെന്റ് വിഭാഗമായ അലിപേയ്ക്കും വണ്‍97കമ്മ്യൂണിക്കേഷനില്‍ 40.94 ശതമാനം ഓഹരി ഉടമസ്ഥതയുണ്ട്. അതേസമയം നിര്‍ദ്ദിഷ്ട പേയ്‌മെന്റ്‌സ് ബാങ്കില്‍ അലിബാബയ്ക്ക് നേരിട്ടുള്ള ഉടമസ്ഥതയുണ്ടാവില്ലെന്ന് ശര്‍മ്മ ചൂണ്ടിക്കാട്ടി.

ബാങ്കിനായി സ്വതന്ത്ര ബോര്‍ഡ് സ്ഥാപിക്കാനാണ് കമ്പനിയുടെ പദ്ധതി. പ്രമുഖ ടെലികോം കമ്പനിയായ എയര്‍ടെല്‍ ഇതിനകം തന്നെ പേയ്‌മെന്റ്‌സ് ബാങ്ക് ലോഞ്ച് ചെയ്തിട്ടുണ്ട്.
നോയിഡ ആസ്ഥാനമാക്കിയ പേടിഎം പുതിയ ഫണ്ട് സമാഹരിക്കുന്നതിനുള്ള തയാറെടുപ്പിലാണ്. 250-300 മില്ല്യണ്‍ ഡോളറാണ് കമ്പനി ലക്ഷ്യമിട്ടിരിക്കുന്നത്. തായ്‌വാന്‍ ആസ്ഥാനമാക്കിയ മീഡിയടെക് കമ്പനിയില്‍ നിന്ന് 60 മില്ല്യണ്‍ ഡോളര്‍ ഇതിനകം ലഭിച്ചു കഴിഞ്ഞു. 650ലധികം ജില്ലകളിലുള്ള ഉപഭോക്താക്കളില്‍ എത്തിച്ചേരുന്നതിനായി 20,000 വില്‍പ്പനക്കാരെ തെരഞ്ഞെടുക്കുന്നതിന് കമ്പനി അനുമതി നല്‍കിയെന്ന് വിജയ് ശേഖര്‍ ശര്‍മ്മ വ്യക്തമാക്കി.

Comments

comments

Categories: Slider, Top Stories