ഇന്ത്യന്‍ സൂപ്പര്‍ ലീഗ്: ആദ്യ സെമി ഫൈനല്‍ ഇന്ന്

ഇന്ത്യന്‍ സൂപ്പര്‍ ലീഗ്:  ആദ്യ സെമി ഫൈനല്‍ ഇന്ന്

 

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് മൂന്നാം സീസണിലെ ആദ്യ സെമി ഫൈനല്‍ മത്സരം ഇന്ന്. അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്തയും മുംബൈ സിറ്റി എഫ്‌സിയും തമ്മിലുള്ള ആദ്യപാദ സെമി ഫൈനല്‍ മത്സരമാണ് ഇന്ന് നടക്കാനിരിക്കുന്നത്. വൈകുന്നേരം ഏഴ് മണിക്ക് അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്തയുടെ ഹോം ഗ്രൗണ്ടായ കൊല്‍ക്കത്തയിലെ രബീന്ദ്ര സരോബാര്‍ സ്‌റ്റേഡിയത്തില്‍ വെച്ചാണ് മത്സരം.

ഇരുപാദങ്ങളിലുമായി നടക്കുന്ന സെമി ഫൈനലിന്റെ രണ്ടാംപാദ മത്സരം ഡിസംബര്‍ പതിമൂന്നാം തിയതി ചൊവ്വാഴ്ച മുംബൈ സിറ്റി എഫ്‌സിയുടെ ഹോം ഗ്രൗണ്ടായ മുബൈയിലെ ഫുട്‌ബോള്‍ അരീനയിലും നടക്കും. ഐഎസ്എല്‍ പ്രാഥമിക റൗണ്ടില്‍ നിന്നും 23 പോയിന്റുമായി ഒന്നാം സ്ഥാനക്കാരായാണ് മുംബൈ സിറ്റി എഫ്‌സി സെമി ഫൈനലില്‍ പ്രവേശിച്ചത്.

അതേസമയം, 20 പോയിന്റുമായി നാലാം സ്ഥാനക്കാരായിട്ടായിരുന്നു അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്ത സെമി ഫൈനലിലേക്ക് യോഗ്യത നേടിയത്. ഐഎസ്എല്ലിന്റെ പ്രാഥമിക റൗണ്ടില്‍ ഇരു ടീമുകളും രണ്ട് തവണ ഏറ്റുമുട്ടിയപ്പോള്‍ ആദ്യപാദ മത്സരം ഓരോ ഗോളുകളുടെ സമനിലയില്‍ പിരിയുകയും രണ്ടാം കളിയില്‍ എതിരില്ലാത്ത ഒരു ഗോളിന് മുംബൈ സിറ്റി എഫ്‌സി വിജയിക്കുകയുമായിരുന്നു.

ഒക്ടോബര്‍ പത്താം തിയതി മുംബൈയുടെ ഹോം ഗ്രൗണ്ടായ മുംബൈയിലെ ഫുട്‌ബോള്‍ അരീനയില്‍ വെച്ചായിരുന്നു ഇരുടീമുകളും സമനിലയിലായ മത്സരം. ഒക്ടോബര്‍ 25-ാം തിയതി അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്തയുടെ ഹോം ഗ്രൗണ്ടായ കൊല്‍ക്കത്തയിലെ രബീന്ദ്ര സരോബാര്‍ സ്‌റ്റേഡിയത്തില്‍ വെച്ച് നടന്ന കളിയിലായിരുന്നു മുംബൈ സിറ്റി എഫ്‌സിയുടെ വിജയം.

സീസണിലെ ഇതുവരെയുള്ള മത്സരങ്ങളില്‍ നിന്നും ആറ് ജയം, അഞ്ച് സമനില, മൂന്ന് തോല്‍വി എന്നിവയുമായാണ് മുംബൈ സിറ്റി എഫ്‌സി ഐഎസ്എല്‍ സെമി ഫൈനലിലെത്തിയത്. എഫ്‌സി പൂനെ സിറ്റി, നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്‌സി, (രണ്ട് മത്സരങ്ങളിലും), കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി (രണ്ടാം മത്സരം), അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്ത, ചെന്നൈയിന്‍ എഫ്‌സി ടീമുകളോടായിരുന്നു മുംബൈയുടെ ജയം.

ഡല്‍ഹി ഡൈനാമോസ് എഫ്‌സി (രണ്ട് മത്സരങ്ങളിലും), ചെന്നൈയിന്‍ എഫ്‌സി (ആദ്യ മത്സരം), അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്ത (ആദ്യ മത്സരം), എഫ്‌സി ഗോവ (രണ്ടാം മത്സരം) ടീമുകള്‍ക്കെതിരെ സമനിലയും നേടി. കേരള ബ്ലാസ്‌റ്റേഴ്‌സ്, എഫ്‌സി ഗോവ, എഫ്‌സി പൂനെ സിറ്റി (രണ്ടാം മത്സരം) ടീമുകളോടായിരുന്നു മുംബൈ സിറ്റി എഫ്‌സിയുടെ പരാജയം.

ഐഎസ്എല്‍ മൂന്നാം സീസണിലെ ആദ്യ റൗണ്ട് മത്സരങ്ങളില്‍ നിന്നും നാല് വിജയവും എട്ട് സമനിലയും രണ്ട് പരാജയവുമാണ് അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്തയുടെ സമ്പാദ്യം. കേരള ബ്ലാസ്റ്റേഴ്‌സ്, ഡല്‍ഹി ഡൈനാമോസ്, നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് (ആദ്യ മത്സരം), എഫ്‌സി ഗോവ ടീമുകളോടായിരുന്നു അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്തയുടെ ജയം.

ചെന്നൈയിന്‍ എഫ്‌സി (രണ്ട് മത്സരങ്ങളിലും), മുംബൈ സിറ്റി, എഫ്‌സി ഗോവ (ആദ്യ മത്സരം), ഡല്‍ഹി ഡൈനാമോസ് (രണ്ടാം മത്സരം), നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ്, കേരള ബ്ലാസ്റ്റേഴ്‌സ് (രണ്ടാം മത്സരം), എഫ്‌സി പൂനെ സിറ്റി ടീമുകള്‍ക്കെതിരെയായിരുന്നു സമനില. മുംബൈ സിറ്റി എഫ്‌സി (രണ്ടാം മത്സരം), പൂനെ സിറ്റി (ആദ്യ മത്സരം) ടീമുകളോടാണ് അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്ത തോല്‍വി വഴങ്ങിയത്.

ഉറുഗ്വായ് സൂപ്പര്‍ താരം ഡീഗോ ഫോര്‍ലാനാണ് മുംബൈ സിറ്റി എഫ്‌സിയുടെ കുന്തമുന. ഐ ലീഗില്‍ മോഹന്‍ ബഗാന്റെ സെന്‍സേഷണല്‍ താരമായ സോണി നോര്‍ദെയും ഇന്ത്യന്‍ ഫുട്‌ബോളിലെ മിന്നും താരമായ സുനില്‍ ഛേത്രിയും ഇവര്‍ക്കൊപ്പമുണ്ട്. ശക്തമായ പ്രതിരോധവും പ്രതിഭാധനരായ മധ്യനിരയും മുംബൈ സിറ്റി എഫ്‌സിക്ക് സ്വന്തമാണ്.

സ്പാനിഷ് ക്ലബായ അത്‌ലറ്റിക്കോ മാഡ്രിഡിന്റെ മുന്‍ താരം ഫ്രാന്‍സിസ്‌കോ മൊലിനയാണ് അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്തയുടെ പരിശീലകന്‍. ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഒന്നാം സീസണിലെ കിരീട ജേതാക്കള്‍ കൂടിയാണ് അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്ത. ആരാധക പിന്തുണയില്‍ കേരള ബ്ലാഴ്‌റ്റേഴ്‌സിന് പിന്നില്‍ രണ്ടാം സ്ഥാനത്തുള്ള ഐഎസ്എല്‍ ടീം കൂടിയാണ് അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്ത.

ആദ്യ സീസണില്‍ കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ കുന്തമുനയായിരുന്ന ഇയാന്‍ ഹ്യൂമാണ് ഇത്തവണ കൊല്‍ക്കത്തയുടെ മുന്നേറ്റ നിരയിലെ ശ്രദ്ധേയ സാന്നിധ്യം. ഹ്യൂമിനൊപ്പം ഹെല്‍ഡര്‍ പോസ്റ്റിഗയും ചേരുന്ന ഇവരുടെ മുന്നേറ്റവും മികച്ചതാണ്. അര്‍ണാബ് മൊന്‍ഡാലും പ്രീതം കോട്ടായയുമാണ് അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്തയുടെ ശ്രദ്ധേയരായ ഇന്ത്യന്‍ താരങ്ങള്‍.

അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്ത, മുംബൈ സിറ്റി എഫ്‌സി ടീമുകള്‍ക്ക് പുറമെ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി, ഡല്‍ഹി ഡൈനാമോസ് എഫ്‌സി ക്ലബുകളും ഐഎസ്എല്‍ മൂന്നാം സീസണിന്റെ സെമി ഫൈനലിലേക്ക് യോഗ്യത നേടിയിരുന്നു. നാളെയും പതിനാലാം തിയതിയുമായാണ് കേരള ബ്ലാസ്റ്റേഴ്‌സും ഡല്‍ഹി ഡൈനാമോസും തമ്മിലുള്ള മത്സരം നടക്കുന്നത്.

കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ ഹോം ഗ്രൗണ്ടായ കൊച്ചിയിലെ ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ വെച്ചാണ് നാളത്തെ ആദ്യപാദ മത്സരം. ഇരുവരും തമ്മിലുള്ള രണ്ടാംപാദ മത്സരം ഡല്‍ഹി ഡൈനാമോസിന്റെ ഹോം ഗ്രൗണ്ടായ ഡല്‍ഹിയിലെ ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തിലും നടക്കും. ബ്ലാസ്‌റ്റേഴ്‌സും ഡൈനാമോസും യഥാക്രമം 22, 21 പോയിന്റുകളുമായി രണ്ട്, മൂന്ന് സ്ഥാനങ്ങളിലായാണ് സെമിയിലെത്തിയത്.

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് മൂന്നാം സീസണിന്റെ പ്രാഥമിക റൗണ്ടില്‍ കേരള ബ്ലാസ്റ്റേഴ്‌സും ഡല്‍ഹി ഡൈനാമോസും രണ്ട് തവണ ഏറ്റുമുട്ടിയപ്പോള്‍, ഒക്ടോബര്‍ ഒന്‍പതാം തിയതി കൊച്ചിയില്‍ നടന്ന ആദ്യ മത്സരം ഗോള്‍ രഹിത സമനിലയിലാവുകയായിരുന്നു. ഡല്‍ഹിയില്‍ നടന്ന രണ്ടാംപാദ മത്സരത്തില്‍ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് ഡൈനാമോസ് ബ്ലാസ്‌റ്റേഴ്‌സിനെ പരാജയപ്പെടുത്തുകയും ചെയ്തു.

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ആദ്യ റൗണ്ടിലെ പതിനാല് മത്സരങ്ങളില്‍ നിന്നും ആറ് ജയം, നാല് വീതം സമനില, തോല്‍വി എന്നിവയുമായാണ് കേരള ബ്ലാസ്റ്റേഴ്‌സ് സെമി ഫൈനലിലേക്ക് പ്രവേശിച്ചത്. എഫ്‌സി ഗോവ (രണ്ട് മത്സരങ്ങളിലും), മുംബൈ സിറ്റി എഫ്‌സി, ചെന്നൈയിന്‍ എഫ്‌സി, പൂനെ സിറ്റി എഫ്‌സി (രണ്ടാം മത്സരം), നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് ടീമുകള്‍ക്കെതിരെയായിരുന്നു കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ ജയം.

ഡല്‍ഹി ഡൈനാമോസ് എഫ്‌സി, പൂനെ സിറ്റി എഫ്‌സി, ചെന്നൈയില്‍ എഫ്‌സി (ആദ്യ മത്സരം), അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്ത (രണ്ടാം മത്സരം), ടീമുകളോട് സമനിലയും നേടി. നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ്, അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്ത, ഡല്‍ഹി ഡൈനാമോസ് (രണ്ടാം മത്സരം), മുംബൈ സിറ്റി (രണ്ടാം മത്സരം) ടീമുകള്‍ക്കെതിരെയായിരുന്നു കേരള ബ്ലാസ്‌റ്റേഴ്‌സ് തോല്‍വി വഴങ്ങിയത്.

മാഞ്ചസ്റ്റര്‍ യുണൈറ്റഡ് മുന്‍ താരം സ്റ്റീവ് കൊപ്പല്‍ പരിശീലകനായ കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഇപ്പോഴത്തെ മാര്‍ക്വീ താരം വടക്കന്‍ അയര്‍ലാന്‍ഡില്‍ നിന്നുള്ള ആരോണ്‍ ഹ്യൂസാണ്. സി കെ വിനീത്, മുഹമ്മദ് റാഫി, റിനോ ആന്റോ എന്നിവരാണ് ബ്ലാസ്‌റ്റേഴ്‌സ് നിരയിലെ ശ്രദ്ധേയ മലയാളി സാന്നിധ്യം. ഇംഗ്ലീഷ് താരങ്ങളായ അന്റോണിയോ ജര്‍മന്‍, മൈക്കല്‍ ചോപ്ര തുടങ്ങിയവര്‍ ബ്ലാസ്‌റ്റേഴ്‌സ് മുന്നേറ്റ നിരയിലെ പ്രധാനികളാണ്.

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് സീസണിന്റെ ആദ്യ റൗണ്ടില്‍ അഞ്ച് വിജയം നേടിയ ഡല്‍ഹി ഡൈനാമോസ് എഫ്‌സി ആറ് സമനില, മൂന്ന് തോല്‍വി എന്നിവയും വഴങ്ങിയിരുന്നു. ചെന്നൈയിന്‍ എഫ്‌സി (ഇരുപാദ മത്സരങ്ങളിലും), എഫ്‌സി ഗോവ (രണ്ട് കളികളിലും), കേരള ബ്ലാസ്‌റ്റേഴ്‌സ് ടീമുകള്‍ക്കെതിരെയായിരുന്നു ഡല്‍ഹി ഡൈനാമോസിന്റെ ജയം.

കേരള ബ്ലാസ്‌റ്റേഴ്‌സ് (ആദ്യ മത്സരം), നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് (ആദ്യ മത്സരം), മുംബൈ സിറ്റി എഫ്‌സി (ഇരുപാദ മത്സരങ്ങളിലും), എഫ്‌സി പൂനെ സിറ്റി, അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്ത (രണ്ടാം മത്സരം) ടീമുകളോട് സമനിലയും കണ്ടെത്തി. അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്ത, പൂനെ സിറ്റി (രണ്ടാം മത്സരം), നോര്‍ത്ത് ഈസ്റ്റ് ടീമുകള്‍ക്കെതിരെയായിരുന്നു ഡല്‍ഹി ഡൈനാമോസ് പരാജയപ്പെട്ടത്.

സാംബ്രോട്ട പരിശീലകനായ ഡല്‍ഹി ടീമിന്റെ മാര്‍ക്വീ പ്ലേയര്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബായ ചെല്‍സിയുടെ മുന്‍ താരം ഫ്‌ളോറന്റ് മലൂദയാണ്. ഇന്ത്യയുടെ ഡെന്‍സണ്‍ ദേവദാസും ബ്രസീലിന്റെ ബ്രൂണോ പെലിസാരിയുമാണ് പ്രതിരോധ നിരയിലെ പ്രമുഖര്‍. ഘാന താരം റിച്ചാര്‍ഡ് ഗാഡ്‌സെയാണ് മുന്നേറ്റത്തില്‍ ഡെല്‍ഹിയുടെ കരുത്ത്. അഡ്രിയാന്‍ ഡുഡുവും മാര്‍സെലോ പെരേരയും ടീമിലെ മികച്ച സാന്നിധ്യമാണ്.

സെമി ഫൈനലില്‍ പ്രവേശിച്ച ടീമുകള്‍ക്ക് ഓരോന്ന് വീതം ഹോം, എവേ മത്സരങ്ങളുണ്ടാകും. അതിനാല്‍ വിജയവും, ആവശ്യമെങ്കില്‍ ഗോള്‍ ശരാശരിയും കണക്കാക്കിയതിന് ശേഷമായിരിക്കും ടീമുകള്‍ ഫൈനല്‍ മത്സരത്തിന് യോഗ്യത നേടുക. ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ ഫൈനല്‍ മത്സര വേദിയായി തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത് കൊച്ചിയിലെ ജവഹര്‍ലാല്‍ നെഹ്‌റു അന്താരാഷ്ട്ര സ്റ്റേഡിയമാണ്.

കഴിഞ്ഞ സീസണിലെ ചാമ്പ്യന്മാരായ ചെന്നൈയില്‍ എഫ്‌സി, രണ്ടാം സ്ഥാനക്കാരായ എഫ്‌സി ഗോവ, നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ്, എഫ്‌സി പൂനെ സിറ്റി ടീമുകള്‍ നേരത്തെ തന്നെ ഇന്ത്യന്‍ സൂപ്പര്‍ ലീഗ് മൂന്നാം സീസണില്‍ നിന്നും പുറത്തായിരുന്നു. കഴിഞ്ഞ സീസണുകളില്‍ നിന്നും വ്യത്യസ്തമായി പോയിന്റ് നിലയില്‍ ഏറെക്കുറെ തുല്യത പാലിച്ചാണ് ഇത്തവണ ഓരോ ടീമുകളും അവസാന നിമിഷം വരെ പോരാടിയത്.

Comments

comments

Categories: Sports