ലയന പ്രശ്‌നം പരിഹരിക്കാന്‍ എച്ച്ഡിഎഫ്‌സിയും മാക്‌സും ശ്രമിക്കുന്നു: ഐആര്‍ഡിഎഐ തലവന്‍

ലയന പ്രശ്‌നം പരിഹരിക്കാന്‍ എച്ച്ഡിഎഫ്‌സിയും  മാക്‌സും ശ്രമിക്കുന്നു: ഐആര്‍ഡിഎഐ തലവന്‍

ന്യൂഡെല്‍ഹി: എച്ച്ഡിഎഫ്‌സി ലൈഫ്-മാക്‌സ് ഇന്‍ഷുറന്‍സ് ലയനം സംബന്ധിച്ച പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഇരു സ്ഥാപനങ്ങളും പരിശ്രമിച്ച് വരികയാണെന്ന് ഇന്‍ഷുറന്‍സ് റെഗുലേറ്ററി ആന്‍ഡ് ഡെവലപ്‌മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ (ഐആര്‍ഡിഎഐ) ചെയര്‍മാന്‍ ടി എസ് വിജയന്‍ പറഞ്ഞു.

സെപ്റ്റംബറിലാണ് എച്ച്ഡിഎഫ്‌സി ലൈഫും മാക്‌സ് ലൈഫും ലയനാനുമതിക്ക് അപേക്ഷ സമര്‍പ്പിച്ചത്. മാക്‌സ് ഫിനാന്‍ഷ്യല്‍ സര്‍വീസസ്, അതിന്റെ ഉപശാഖയായ മാക്‌സ് ലൈഫ് ഇന്‍ഷുറന്‍സ് കമ്പനി, മാക്‌സ് ഇന്ത്യ, എച്ച്ഡിഎഫ്‌സി സ്റ്റാന്‍ഡേര്‍ഡ് ലൈഫ് ഇന്‍ഷുറന്‍സ് കമ്പനി എന്നിവരുള്‍പ്പെട്ട കരാറിലൂടെയുള്ള ലയന പദ്ധതിയായിരുന്നു ഐആര്‍ഡിഎഐയ്ക്ക് സമര്‍പ്പിക്കപ്പെട്ടത്.

എച്ച്ഡിഎഫ്‌സി ലൈഫ്-മാക്‌സ് ഇന്‍ഷുറന്‍സ് ലയനം സംബന്ധിച്ച് ചില പ്രശ്‌നങ്ങളുണ്ട്. കമ്പനികള്‍ അവ പരിഹരിക്കാന്‍ ശ്രമിക്കുന്നു. അതേക്കുറിച്ച് കൂടുതല്‍ വിശദീകരണം സാധ്യമല്ല. ലയനത്തിന് അനുമതി നല്‍കുന്നത് എന്നെന്ന കാര്യം കമ്പനികളുടെ നടപടിയെ ആശ്രയിച്ചിരിക്കും-ഫിക്കി ആനുവല്‍ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് കോണ്‍ഫറന്‍സിനിടെ മാധ്യമ പ്രവര്‍ത്തകരുമായി സംസാരിക്കവെ അദ്ദേഹം വ്യക്തമാക്കി.

ഇന്‍ഷുറന്‍സ് കമ്പനികളൊന്നും നിലവില്‍ ഇനിഷ്യല്‍ പബ്ലിക് ഓഫറിംഗി(ഐപിഒ)ന് അപേക്ഷ സമര്‍പ്പിച്ചിട്ടില്ലെന്ന് ഇതു സംബന്ധിച്ച ചോദ്യത്തിന് മറുപടിയായി വിജയന്‍ പറഞ്ഞു. സാധാരണയായി പോളിസി പുതുക്കുന്നതിന് ഒരു മാസമാണ് അനുവദിക്കാറുള്ളത്. അതു രണ്ടു മാസമായി ദീര്‍ഘിപ്പിക്കാന്‍ കമ്പനികള്‍ സമ്മതിച്ചിട്ടുണ്ട്. അതിനാല്‍ത്തന്നെ ധന വരവില്‍ താല്‍ക്കാലിക പ്രശ്‌നങ്ങളുണ്ടെങ്കിലും ഭാവിയില്‍ പ്രീമിയം തുക വന്നുചേരും. ഇന്‍ഷുറന്‍സ് മേഖലയെ ദുരുപയോഗം ചെയ്ത് കള്ളപ്പണം വെളുപ്പിക്കുന്നത് തടയുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചുകഴിഞ്ഞു. വന്‍ തുകയുടെ പ്രീമിയം അടയ്ക്കുന്നവര്‍ പാന്‍ നമ്പര്‍ നല്‍കേണ്ടതുണ്ട്. അതിനാല്‍ കള്ളപ്പണം ഇന്‍ഷുറന്‍സ് രംഗത്തേക്ക് വരുകയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Comments

comments

Categories: Branding