ലാഭം പ്രതീക്ഷിച്ച് ഹീറോ ഇലക്ട്രിക്

ലാഭം പ്രതീക്ഷിച്ച് ഹീറോ ഇലക്ട്രിക്

 

മുംബൈ: ഇന്ത്യയിലെ ഇലക്ട്രിക് ഇരു ചക്രവാഹനങ്ങളുടെ ഏറ്റവും വലിയ നിര്‍മാതാക്കളായ ഹീറോ ഇലക്ട്രിക് അടുത്ത വര്‍ഷം ബിസിനസ് ലാഭകരമാകുമെന്ന പ്രതീക്ഷയില്‍. അടുത്ത വര്‍ഷം പുതുതായി മൂന്ന് ഉല്‍പ്പന്നങ്ങള്‍ പുറത്തിറക്കുന്നതിലൂടെ വില്‍പ്പന വര്‍ധിക്കുമെന്ന പ്രതീക്ഷയാണ് ഇതിന് ആക്കം കൂട്ടുന്നത്. നിലവില്‍ കമ്പനിക്ക് 100 കോടി രൂപയുടെ വരുമാനമുണ്ട്. ഇലക്ട്രിക് ഇരു ചക്രവാഹന വിഭാഗത്തില്‍ 75 ശതമാനം പങ്കാളിത്തവും 75 ശതമാനം പങ്കാളിത്തവും കമ്പനി അവകാശപ്പെടുന്നു. കേന്ദ്ര സര്‍ക്കാരില്‍ നിന്ന് മതിയായ ആനുകൂല്യങ്ങള്‍ ലഭിക്കാത്തതിനാല്‍ കമ്പനി പ്രവര്‍ത്തനങ്ങളും സാമ്പത്തിക ചുറ്റുപാടുകളും വികസിപ്പിക്കാന്‍ ഹീറോ ഇലക്ട്രിക്കിന് കഴിഞ്ഞിരുന്നില്ല.

ലിഥിയം ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന മൂന്ന് പുതിയ ഉല്‍പ്പന്നങ്ങള്‍ അടുത്ത വര്‍ഷം പുറത്തിറക്കാന്‍ കമ്പനിക്ക് പദ്ധതിയുണ്ട്. പെട്രോളില്‍ പ്രവര്‍ത്തിക്കുന്ന വാഹനങ്ങള്‍ പോലെ തന്നെ മികച്ച രീതിയില്‍ പ്രവര്‍ത്തിക്കാന്‍ ഇവയ്ക്ക് കഴിയുമെന്ന് കമ്പനി അവകാശപ്പെട്ടു. ഏകദേശം 80,000 രൂപയ്ക്കും ഒരു ലക്ഷം രൂപയ്ക്കും ഇടയിലായിരിക്കും പുതിയ വാഹനങ്ങളുടെ വില നിശ്ചയിക്കുക. ലിഥിയം ബാറ്ററിയുടെ ഉയര്‍ന്ന വിലയാണ് ഇതിന് കാരണം. കമ്പനിയുടെ വരുമാനം വര്‍ധിപ്പിക്കുന്നതിന് ഇത് ഇടയാക്കുമെന്ന് ഹീറോ ഇലക്ട്രിക് സിഇഒ സോഹിന്തര്‍ ഗില്‍ പറഞ്ഞു. ആഭ്യന്തര വിപണിയില്‍ ഹീറോ ഇലക്ട്രിക് ഇതുവരെ 1,45,000 യൂണിറ്റ് വാഹനങ്ങള്‍ വിറ്റിട്ടുണ്ട്. ഈ വര്‍ഷം 18,000ത്തിനും 20000ത്തിനും ഇടയില്‍ യൂണിറ്റ് വാഹനങ്ങള്‍ വില്‍പ്പന നടത്തിയിട്ടുണ്ട്. അടുത്ത വര്‍ഷം ഇത് 45,000ല്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അതിനാല്‍, അടുത്ത വര്‍ഷം ലാഭം നേടാന്‍ കഴിയുമെന്ന് കരുതുന്നതായും ഗില്‍ കൂട്ടിച്ചേര്‍ത്തു.

നിലവില്‍ ഹീറോ ഇലക്ട്രിക്കിന് 300 ഡീലര്‍ഷിപ്പുകളാണ് ഉള്ളത്. അടുത്ത വര്‍ഷത്തോടെ ഇത് 360 ആക്കി ഉയര്‍ത്താനാണ് കമ്പനി ലക്ഷ്യമിട്ടിരിക്കുന്നത്.

Comments

comments

Categories: Auto