ഇന്ത്യ ശാസ്ത്ര, സാങ്കേതിക രംഗങ്ങളില്‍ വലിയ നേട്ടം കൈവരിച്ചു: ഹര്‍ഷവര്‍ധന്‍

ഇന്ത്യ ശാസ്ത്ര, സാങ്കേതിക രംഗങ്ങളില്‍ വലിയ നേട്ടം കൈവരിച്ചു: ഹര്‍ഷവര്‍ധന്‍

 

ന്യുഡെല്‍ഹി: ഇന്ത്യ ശാസ്ത്രശാങ്കേതിക രംഗങ്ങളില്‍ മികച്ച നേട്ടം കൈവരിച്ചതായി കേന്ദ്ര ശാസ്ത്ര ശാങ്കേതിക വകുപ്പ് മന്ത്രി ഡോ. ഹര്‍ഷവര്‍ധന്‍ അഭിപ്രായപ്പെട്ടു. സ്‌പേസ്, അറ്റോമിക് എനര്‍ജി, ഐടി തുടങ്ങിയ മേഖലകളിലും വളര്‍ന്നു വരുന്ന നാനോ ടെക്‌നോളജി, ബയോ ടെക്‌നോളജി തുടങ്ങിയ ശാസ്ത്ര സാങ്കേതിക രംഗങ്ങളിലും ഇന്ത്യ അഭിമാനകരമായ നേട്ടം കൈവരിച്ചിട്ടുണ്ടെന്നും ഇന്ത്യയില്‍ ലോകത്തിലെ തന്നെ ഏറ്റവും വലിയ ശാസ്ത്ര ലബോറട്ടറികളും ഗവേഷണ സ്ഥാപനങ്ങളുമാണുള്ളതെന്നും അദ്ദേഹം പറഞ്ഞു.

ന്യുഡെല്‍ഹിയില്‍ ആരംഭിച്ച ഇന്ത്യ ഇന്റര്‍നാഷണല്‍ സയന്‍സ് ഫെസ്റ്റിനെക്കുറിച്ച്( ഐഐഎസ്എഫ്) ലോക്‌സഭയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ശാസ്ത്രം പൊതുജനങ്ങള്‍ക്കായി എന്ന വിഷയത്തിലാണ് രാജ്യത്തെ ഏറ്റവും വലിയ ശാസ്ത്ര മേളയായ പരിപാടി ശ്രദ്ധകേന്ദ്രീകരിക്കുന്നത്. ശാസ്ത്ര സാങ്കേതിക രംഗങ്ങളില്‍ കൈവരിക്കുന്ന പുരോഗതിയുടെ ഗുണഫലങ്ങള്‍ ജനങ്ങളിലേക്ക് എത്തണമെന്ന് പ്രധാനമന്ത്രി നിര്‍ദേശിച്ചിട്ടുണ്ടെന്നും ഇതിന്റെ ഭാഗമായാണ് ശാസ്ത്ര സാങ്കേതിക മന്ത്രാലയം ഐഐഎസ്എഫ് സംഘടിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഈ വര്‍ഷത്തെ ഐഐഎസ്എഫ് സാധാരണക്കാരെ ശാസ്ത്രവുമായി ബന്ധിപ്പിക്കുകയും ശാസ്ത്രത്തിന്റെ ഗുണഫലങ്ങള്‍ ദൈനംദിന ജീവിതത്തില്‍ പ്രയോജനപ്പെടുത്താനും സഹായിക്കുന്ന പരിപാടിയാണെന്ന് മന്ത്രി പറഞ്ഞു.

ന്യുഡെല്‍ഹിയിലെ സിഎസ്‌ഐആര്‍ ഫിസിക്കല്‍ ലബോറട്ടറി കാംപസില്‍ നടക്കുന്ന ഐഐഎസ്എഫ് നാളെ അവസാനിക്കും. ബുധനാഴ്ച്ചയാരംഭിച്ച പരിപാടിയുടെ ഔദ്യോഗിക ഉദ്ഘാടനം വ്യാഴാഴ്ച്ച കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗാണ് നിര്‍വഹിച്ചത്. കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ ന്യുഡെല്‍ഹിയില്‍ നടന്ന ഐഐഎസ്എഫിന്റെ ആദ്യ പതിപ്പ് വന്‍ വിജയമായിരുന്നു. അന്ന് ഒരു ലക്ഷത്തിലധികം സന്ദര്‍ശകരെ നേടിയ പരിപാടി വിജയകരമായി സംഘടിപ്പിച്ച ഏറ്റവും വലിയ പ്രാക്റ്റിക്കല്‍ സയന്‍സ് ലെസണ്‍ എന്ന സ്ഥാനം നേടി ഗിന്നസ് ബുക്ക് ഓഫ് റെക്കോര്‍ഡ്‌സില്‍ ഇടം പിടിച്ചിരുന്നു. 2000 സ്‌കൂള്‍ വിദ്യാര്‍ത്ഥികളാണ് പരിപാടിയില്‍ പങ്കെടുത്തത്.

ശാസ്ത്രാഭിരുചികള്‍ വികസിപ്പിക്കുന്നതിനും യുവ മനസുകള്‍ക്കിടയില്‍ വിവര കൈമാറ്റ മനോഭാവം പ്രോല്‍സാഹിപ്പിക്കുന്നതിനും ശാസ്ത്രമേള ലക്ഷ്യം വെക്കുന്നതായി ഹര്‍ഷവര്‍ധന്‍ പറഞ്ഞു.

Comments

comments

Categories: Politics