ഫ്‌ളിപ്പ്കാര്‍ട്ട് പ്രൈവറ്റ് ലേബല്‍ ബിസിനസ് ആരംഭിച്ചു

ഫ്‌ളിപ്പ്കാര്‍ട്ട് പ്രൈവറ്റ് ലേബല്‍ ബിസിനസ് ആരംഭിച്ചു

 

ബെംഗളൂരു: ഇന്ത്യയിലെ സ്റ്റാര്‍ട്ടപ്പ് പോസ്റ്റര്‍ ബോയ് എന്നറിയപ്പെടുന്ന ഇ-കൊമേഴ്‌സ് ഭീമന്‍ ഫ്‌ളിപ്പ്കാര്‍ട്ട് സ്വകാര്യ ലേബല്‍ ബിസിനസ് ആരംഭിച്ചു. ഫ്‌ളിപ്പ്കാര്‍ട്ട് സ്മാര്‍ട്ട് ബൈ എന്ന ബ്രാന്‍ഡിനു കീഴിലാണ് പുതിയ ബിസിനസ് ആരംഭിച്ചിരിക്കുന്നത്. വരുമാനം വര്‍ധിപ്പിക്കുകയെന്ന ലക്ഷ്യത്തിന്റെ ഭാഗമായാണ് കമ്പനിയുടെ ഈ നീക്കം.

അടുത്ത വര്‍ഷാരംഭത്തോടെ തന്നെ രണ്ടാമത്തെ സ്വകാര്യ ലേബല്‍ ബ്രാന്‍ഡ് അവതരിപ്പിക്കുമെന്നും, രണ്ട് ബ്രാന്‍ഡുകളിലൂടെയും ഇലക്ട്രോണിക്‌സ്, ആക്‌സസറീസ്, ഹോം ഡെകോര്‍, ഫര്‍ണിച്ചര്‍ എന്നീ വിഭാഗങ്ങളില്‍ ശ്രദ്ധകേന്ദ്രീകരിക്കാനാണ് കമ്പനിയുടെ പദ്ധതിയെന്നും ഫ്‌ളിപ്പ്കാര്‍ട്ട് എക്‌സിക്യൂട്ടീവ് അറിയിച്ചു. ഇരുപത്തഞ്ചു മുതല്‍ മുപ്പതുവരെ വിഭാഗങ്ങളിലെ ലേബലിംഗ് ബിസിനസാണ് ഫ്‌ളിപ്പ്കാര്‍ട്ട് സ്മാര്‍ട്ട് ബൈ ബ്രാന്‍ഡില്‍ അണിനിരത്തിയിട്ടുള്ളെതന്ന് കമ്പനിയുടെ സ്വകാര്യ ലേബല്‍ വിഭാഗം മേധാവി ആദര്‍ശ് മോനോന്‍ പറഞ്ഞു. ഇന്നലെ മുതല്‍ സ്വകാര്യ ലേബല്‍ ബ്രാന്‍ഡ് വില്‍പ്പന ആരംഭിച്ചതായും അദ്ദേഹം അറിയിച്ചിട്ടുണ്ട്.

അടുത്ത രണ്ടോ മൂന്നോ മാസത്തിനുള്ളില്‍ രണ്ടാമത്തെ സ്വകാര്യ ബ്രാന്‍ഡ് ആരംഭിക്കുമെന്ന സൂചനയാണ് മോനോന്‍ തരുന്നത്. ഹോം ഡെകോര്‍, ഹോം ഫര്‍ണിഷിംഗ്, ഹോം അപ്ലെയന്‍സസ് തുടങ്ങിയ വിഭാഗങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു കൊണ്ടായിരിക്കും രണ്ടാമത്തെ ലേബല്‍ ബ്രാന്‍ഡ് അവതരിപ്പിക്കുക. ഏപ്രില്‍ മാസമാകുമ്പോഴേക്കും രണ്ട് ബ്രാന്‍ഡുകള്‍ക്ക് കീഴിലായി നാല്‍പ്പതിലധികം ഉല്‍പ്പന്ന വിഭാഗങ്ങള്‍ ഉണ്ടാകുമെന്നുമെന്നും ആദര്‍ശ് മേനോന്‍ പറഞ്ഞു.

കഴിഞ്ഞ മെയ് മാസത്തിലാണ് കമ്പനി സിഇഒ ബിന്നി ബെന്‍സാല്‍ പ്രൈവറ്റ് ലേബല്‍ ബിസിനസുകള്‍ ആരംഭിക്കുന്നതിനുള്ള ആശയം മുന്നോട്ടുവച്ചത്. ഉത്സവസീസണിനോടനുബന്ധിച്ച് നടന്ന ഒക്‌റ്റോബര്‍ വില്‍പ്പന വിജയകരമായി പൂര്‍ത്തിയാക്കിയതോടെ പ്രൈവറ്റ് ലേബല്‍ ബിസിനസ് ആരംഭിക്കുന്നതിനുള്ള തയാറെടുപ്പുകള്‍ കമ്പനി നടത്തി തുടങ്ങിയിരുന്നതായും ഫ്‌ളിപ്പ്കാര്‍ട്ട് എക്‌സിക്യൂട്ടിവ് പറയുന്നു.

കമ്പനിയുടെ മുഖ്യ എതിരാളിയായ യുഎസ് ഭീമന്‍ ആമസോണ്‍ പ്രൈവറ്റ് ലേബല്‍ ബിസിനസിലൂടെ വളര്‍ച്ചയിലേക്ക് പോയിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ഫ്‌ളിപ്പ്കാര്‍ട്ടും ഇത്തരമൊരു നീക്കത്തിന് തുടക്കമിട്ടിരിക്കുന്നത്. ആമസോണ്‍ സ്വകാര്യ ലേബല്‍ ബിസിനസില്‍ പ്രധാനമായും ശ്രദ്ധകേന്ദ്രീകരിച്ചിട്ടുള്ളത് ഫാഷന്‍ വിഭാഗത്തിലാണെന്നും അധികം വൈകാതെ ഫ്‌ളിപ്പ്കാര്‍ട്ടും ഫാഷന്‍ വിഭാഗത്തില്‍ സ്വകാര്യ ബ്രാന്‍ഡ് ആരംഭിക്കുമെന്നും ആദര്‍ശ് മേനോന്‍ വ്യക്തമാക്കി.

Comments

comments

Categories: Branding