പുരാതന ആയുര്‍വേദ അറിവുകള്‍ ഡിജിറ്റല്‍ രൂപത്തിലാക്കാന്‍ പദ്ധതി: മന്ത്രി ഷൈലജ 

പുരാതന ആയുര്‍വേദ അറിവുകള്‍ ഡിജിറ്റല്‍ രൂപത്തിലാക്കാന്‍ പദ്ധതി: മന്ത്രി ഷൈലജ 

കൊല്‍ക്കത്ത: പുരാതന ആയുര്‍വേദ അറിവുകള്‍ ഡിജിറ്റല്‍ രൂപത്തിലാക്കുന്നതിന് നടപടികള്‍ സ്വീകരിച്ചുവരികയാണെന്ന് സംസ്ഥാന ആരോഗ്യവകുപ്പ് മന്ത്രി കെ.കെ. ഷൈലജ ടീച്ചര്‍. ഇതിനായി ട്രഡീഷണല്‍ നോളജ് ഇന്നൊവേഷന്‍ പ്രോജക്ടിന് രൂപം കൊടുത്തിട്ടുണ്ട്. കൊല്‍്‌ക്കൊത്തയില്‍ സംഘടിപ്പിച്ച ഏഴാമത് ലോക ആയുര്‍വേദ കോണ്‍ഗ്രസ് & ആരോഗ്യ എക്‌സ്‌പോയില്‍ പ്രസംഗിക്കുകയായിരുന്നു മന്ത്രി. കേരളത്തിലെ ആയുഷ് വിഭാഗം ശക്തിപ്പെടുത്താന്‍ നടപടികള്‍ സ്വീകരിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ ഉറപ്പ് നല്കിയിട്ടുണ്ട്. കേരളത്തില്‍ ഇതിനായി മികവിന്റെ കേന്ദ്രം തുടങ്ങാന്‍ പരിപാടിയുണ്ടെന്നും മന്ത്രി പറഞ്ഞു.

1.2 ലക്ഷത്തിലധികം ആളുകളാണ് എക്‌സ്‌പോ കാണാനായി എത്തിയത്. ഇരുപതിലധികം രാജ്യങ്ങളില്‍നിന്നുള്ളവര്‍ കോണ്‍ഗ്രസില്‍ പങ്കെടുത്തു.

സമാപന സമ്മേളനത്തില്‍ കേന്ദ്ര ആയുഷ് വകുപ്പ് മന്ത്രി ശ്രീപദ് നായ്ക്ക് മുഖ്യാതിഥിയായിരുന്നു. വിജ്ഞാന ഭാരതി ദേശീയ പ്രസിഡന്റ് വിജയ് ഭട്കര്‍ അധ്യക്ഷത വഹിച്ചു. സിക്കിമിലെ ആരോഗ്യമന്ത്രി എ.കെ. ഗട്ടാനി, ഹരിയാന ആരോഗ്യമന്ത്രി അനില്‍ വിജ്, ശ്രീലങ്കയിലെ മൂന്ന് പ്രോവിന്‍സുകളില്‍നിന്നുള്ള മന്ത്രിമാര്‍, ബംഗ്ലാദേശില്‍നിന്നുള്ള പാര്‍ലമെന്റംഗം തുടങ്ങിയവര്‍ പങ്കെടുത്തു.

കോണ്‍ഗ്രസില്‍ 1800 ശാസ്ത്രപഠനങ്ങള്‍ അവതരിപ്പിക്കപ്പെട്ടു. ഇന്ത്യയ്ക്കു പുറത്ത് ആയുര്‍വേദം പ്രചരിപ്പിക്കുന്നതിനായി ആയുഷ് വകുപ്പും വേള്‍ഡ് ആയുര്‍വേദ ഫൗണ്ടേഷനും ചേര്‍ന്ന് ആഗോളശൃംഖലയ്ക്ക് രൂപം നല്കും. ഇതിന്റെ ഭാഗമായി അര്‍ജന്റീന, ഇസ്രയേല്‍ യൂണിവേഴ്‌സിറ്റികളുമായി സമ്മതിപത്രം ഒപ്പുവച്ചു.

2018-ല്‍ ഗുജറാത്തിലെ ഗാന്ധിനഗറിലായിരിക്കും അടുത്ത ലോക ആയുര്‍വേദ കോണ്‍ഗ്രസ്.

Comments

comments

Categories: Branding