നോട്ട് നിരോധനം: ലക്ഷ്വറി പ്രോപ്പര്‍ട്ടി വിപണിയില്‍ എന്‍ആര്‍ഐകള്‍ക്ക് നേട്ടം

നോട്ട് നിരോധനം: ലക്ഷ്വറി പ്രോപ്പര്‍ട്ടി വിപണിയില്‍ എന്‍ആര്‍ഐകള്‍ക്ക് നേട്ടം

 

സിംഗപ്പൂര്‍: ഉയര്‍ന്ന മൂല്യമുള്ള നോട്ടുകള്‍ അസാധുവാക്കിയതിലൂടെ ലക്ഷ്വറി പ്രോപ്പര്‍ട്ടികള്‍ക്കുണ്ടായ വിലക്കുറവ് ഏറ്റവും നേട്ടമാകുന്നത് വിദേശ ഇന്ത്യക്കാര്‍ക്കെന്ന് റിപ്പോര്‍ട്ട്. 1,000, 500 കറന്‍സികള്‍ അസാധുവാക്കിയതോടെ രാജ്യത്തെ മുന്‍നിര നിര്‍മാതാക്കള്‍ തങ്ങളുടെ ലക്ഷ്വറി പ്രോപ്പര്‍ട്ടികളുടെ വിലയില്‍ വന്‍ കുറവ് വരുത്തിയിരുന്നു. സിംഗപ്പൂര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന പ്രൈസ്‌വാട്ടര്‍ഹൗസ്‌കൂപ്പേഴ്‌സ് (പിഡബ്ല്യുസി) നടത്തിയ പഠനത്തിലാണ് എന്‍ആര്‍ഐകള്‍ക്ക് നേട്ടമാകുമെന്ന് വ്യക്തമാകുന്നത്.
നോട്ട് നിരോധനം ഏറ്റവും തിരിച്ചടിയായ മേഖലയാണ് റിയല്‍ എസ്‌റ്റേറ്റ്. കഴിഞ്ഞ മാസം എട്ടിനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉയര്‍ന്ന മൂല്യമുള്ള നോട്ടുകള്‍ അസാധുവാക്കിയുള്ള പ്രഖ്യാപനം നടത്തിയത്. കള്ളപ്പണം തടയുന്നതിനാണ് സര്‍ക്കാര്‍ നോട്ടുകള്‍ അസാധുവാക്കിയത്. അതേസമയം, രാജ്യത്ത് ഏറ്റവും കൂടുതല്‍ കള്ളപ്പണമുള്ളത് റിയല്‍ എസ്റ്റേറ്റ് മേഖലയിലാണെന്ന വിലയിരുത്തലുകളുള്ളത് പ്രഖ്യാപനം കനത്ത പ്രത്യാഘാതമാണ് വിപണിയിലുണ്ടാക്കിയത്. ഇതില്‍ നിന്നും കരയകയറുന്നതിന് റിയല്‍റ്റി കമ്പനികള്‍ രാജ്യത്തെ മുന്‍നിര നഗരങ്ങളിലുള്ള ലക്ഷ്വറി പ്രോപ്പര്‍ട്ടികളുടെ വില വന്‍തോതില്‍ കുറച്ചിട്ടുണ്ട്.
റിയല്‍റ്റി വിപണിയില്‍ തന്നെ നോട്ട് അസാധുവാക്കല്‍ തീരുമാനം ഏറ്റവും തിരിച്ചടിയായത് ലക്ഷ്വറി പ്രോപ്പര്‍ട്ടി സെഗ്‌മെന്റനാണ്. ഈ സെഗ്‌മെന്റില്‍ ഏറ്റവും കൂടുതല്‍ കള്ളപ്പണമൊഴുകുന്നതാണ് ഇതിന് കാരണമായി വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്. 25 മുതല്‍ 30 ശതമാനം വരെ വിലക്കുറവ് ഈ സെഗ്‌മെന്റില്‍ രേഖപ്പെടുത്തുമെന്ന് പ്രമുഖ റിയല്‍റ്റി കണ്‍സള്‍ട്ടന്‍സി ജെഎല്‍എല്‍ വ്യക്തമാക്കിയിരുന്നു.
മുംബൈ, ചെന്നൈ, ഡെല്‍ഹി, ബെംഗളൂരു തുടങ്ങിയ രാജ്യത്തെ മെട്രോപൊളിറ്റന്‍ നഗരങ്ങളിലുള്ള ലക്ഷ്വറി പ്രോപ്പര്‍ട്ടികളില്‍ എന്‍ആര്‍ഐകള്‍ മികച്ച നിക്ഷേപം നടത്തുന്നവരാണ്. പുതിയ സാഹചര്യം വന്നതോടെ ഇതില്‍ വര്‍ധനയുണ്ടാകുമെന്നാണ് ഡബ്ല്യുസി വിലയിരുത്തുന്നത്.
ചെന്നൈയിലാണ് ഇതുവരെ ഏറ്റവും വിലക്കുറവ് വരുത്താന്‍ കമ്പനികള്‍ നിര്‍ബന്ധിതരായിരിക്കുന്നത്. ഇവിടെയുള്ള ഒരു കമ്പനി പദ്ധതിയില്‍ 20 ലക്ഷം രൂപ വരെ വിലയില്‍ കുറവ് വരുത്തിയിട്ടുണ്ടെന്ന് ചില റിപ്പോര്‍ട്ടുകളുണ്ട്. അടുത്ത് തന്നെ ഡെല്‍ഹിയില്‍ 25 മുതല്‍ 30 ശതമാനം വരെയും ബെംഗളൂരുവില്‍ 30 മുതല്‍ 40 ശതമാനം വരെയും വിലക്കുറവുണ്ടാകുമെന്നാണ് പ്രതീക്ഷ.
നോട്ട് അസാധുവാക്കല്‍ പ്രഖ്യാപിച്ചത് മുതല്‍ പ്രോപ്പര്‍ട്ടി രജിസ്‌ട്രേഷനുകളില്‍ വന്‍കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. രാജ്യത്തിന്റെ വാണിജ്യ തലസ്ഥമാനമായ മുംബൈയില്‍ 50 മുതല്‍ 70 ശതമാനം വരെ പ്രോപ്പര്‍ട്ടി രജിസ്‌ട്രേഷനില്‍ കുറവുണ്ടായി. പ്രോപ്പര്‍ട്ടി എന്‍ക്വയറി വെബ്‌സൈറ്റുകളിലും പ്രോപ്പര്‍ട്ടികളുമായി ബന്ധപ്പെട്ട അന്വേഷണങ്ങള്‍ നടത്തുന്നവരുടെ എണ്ണം കുറഞ്ഞിട്ടുണ്ട്.

Comments

comments

Categories: Business & Economy