വാങ്ങാനാളില്ല; കമ്പനികള്‍ പദ്ധതി ലോഞ്ചിംഗ് മാറ്റിവെക്കുന്നു

വാങ്ങാനാളില്ല; കമ്പനികള്‍ പദ്ധതി ലോഞ്ചിംഗ് മാറ്റിവെക്കുന്നു

ബെംഗളൂരു: നോട്ട് അസാധുവാക്കല്‍ തീരുമാനത്തോടെ തിരിച്ചടി നേരിടുന്ന റിയല്‍ എസ്‌റ്റേറ്റ് വിപണിയിലുള്ള കമ്പനികല്‍ പദ്ധതികളുടെ ലോഞ്ചിംഗ് നീട്ടിവെക്കുന്നു. കറന്‍സി ബാന്‍ ചെയ്തതോടെ ഈ മേഖലയില്‍ ഉപഭോക്താക്കള്‍ കുറഞ്ഞതോടെ വിപണനത്തിനുള്ള ചെലവ് കൂട്ടി ഉപഭോക്താക്കളെ ആകര്‍ഷിക്കാനുള്ള പദ്ധതികളാണ് കമ്പനികള്‍ ഒരുക്കുന്നത്.

ഇതിനുമുമ്പ് തന്നെ തിരിച്ചടി നേരിട്ടുകൊണ്ടിരുന്ന റിയല്‍ എസ്റ്റേറ്റ് വിപണിയില്‍ ഉയര്‍ന്ന മൂല്യമുള്ള നോട്ടുകള്‍ കൂടി റദ്ദാക്കിയതോടെ തിരിച്ചടി വര്‍ധിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. രാജ്യത്തിന്റെ വിവിധ മേഖലകളിലായി നിരവധി പദ്ധതികളാണ് ഈ വര്‍ഷം തന്നെ ലോഞ്ച് ചെയ്യുമെന്ന് കമ്പനികള്‍ അറിയിച്ചിരുന്നത്. എന്നാല്‍ പ്രതിസന്ധി രൂക്ഷമായതോടെ ഈ ലോഞ്ചിംഗുകള്‍ അടുത്ത വര്‍ഷം ആദ്യ പാദത്തിലോ അല്ലെങ്കില്‍ അതിന് ശേഷമോ നടത്തിയാല്‍ മതിയെന്ന് കണക്കുകൂട്ടലിലാണ് കമ്പനികള്‍. അതേസമയം, അഫോര്‍ഡബിള്‍, ഇടത്തരം പദ്ധതികള്‍ക്ക് ഈ പ്രശ്‌നം കൂടുതലായി ബാധിക്കാത്തതിനാല്‍ ലോഞ്ചിംഗ് തുടരുമെന്നാണ് കമ്പനികള്‍ വ്യക്തമാക്കുന്നത്.
പൂനെ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന കോള്‍ട്ടെ പാട്ടീല്‍ ഡെവലപ്പേഴ്‌സിന് ബെംഗളുരുവില്‍ രണ്ട് പദ്ധതികളാണ് ഈ വര്‍ഷം ലോഞ്ച് ചെയ്യാനുണ്ടായിരുന്നത്. ഹൊസൂര്‍ റോഡില്‍ ഇടത്തരം സെഗ്‌മെന്റിലുള്ള പദ്ധതി ഉടന്‍ തന്നെ ലോഞ്ച് ചെയ്യാനും കൊറമംഗലയിലുള്ള പ്രീമിയം പദ്ധതി അടുത്ത വര്‍ഷത്തേക്ക് മാറ്റിവെച്ചതായും കമ്പനി അറിയിച്ചു.
പാര്‍പ്പിടം വാങ്ങാനുള്ള തീരുമാനങ്ങള്‍ ഉപഭോക്താക്കള്‍ മാറ്റിവെക്കുന്നതാണ് വില്‍പ്പനയ്ക്ക് തിരിച്ചടിയാകുന്നതിന് പിന്നിലെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്. അതേസമയം, നോട്ട് നിരോധനത്തോടെ പ്രോപ്പര്‍ട്ടികളില്‍ വിലകുറവുണ്ടാവുകയും ദീര്‍ഘകാലാട്സ്ഥാനത്തില്‍ അത് ഈ മേഖലയ്ക്ക് മികച്ച നേട്ടമുണ്ടാക്കുകയും ചെയ്യുമെന്നും വിദഗ്ധര്‍ വ്യക്തമാക്കുന്നു.

Comments

comments

Categories: Business & Economy