സെപ്റ്ററിലെ നിക്ഷേപ വര്‍ധനയില്‍ ദുരൂഹത തുടരുന്നു

സെപ്റ്ററിലെ നിക്ഷേപ വര്‍ധനയില്‍ ദുരൂഹത തുടരുന്നു

 

ന്യൂഡെല്‍ഹി: നോട്ട് അസാധുവാക്കല്‍ പ്രഖ്യാപനത്തിന് എതാണ്ട് ഒന്നര മാസം മുമ്പ് ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ ബാങ്കുകളില്‍ നടന്ന വന്‍ നിക്ഷേപങ്ങളെക്കുറിച്ച് ദുരൂഹതയേറുന്നു. ഇക്കഴിഞ്ഞ സെപ്റ്റംബര്‍ 16 മുതല്‍ 30 വരെയുള്ള പതിനഞ്ച് ദിവസത്തിനിടയില്‍ അമ്പരപ്പിക്കുന്ന രീതിയിലുള്ള നിക്ഷേപമാണ് രാജ്യത്തെ ബാങ്കുകളില്‍ എത്തിയിട്ടുള്ളത്. ഇത് ഏകദേശം 3.03 ലക്ഷം കോടി രൂപയോളം വരും. 2001 ജനുവരി മുതല്‍ ഇങ്ങോട്ട് ഇത്ര ചുരുങ്ങിയ ദിവസത്തില്‍ ഇത്രയും നിക്ഷേപം ഇതിനു മുമ്പൊരിക്കലും ബാങ്കുകളിലെത്തിയിട്ടില്ലെന്നതാണ് വസ്തുത. പിന്നെ എങ്ങനെ സെപ്റ്റംബറില്‍ അവസാനിക്കുന്ന പാദത്തിലെ അവസാനത്തെ പതിനഞ്ച് ദിവസത്തിനുള്ളില്‍ ഇത്രയും നിക്ഷേപം ഉണ്ടായി എന്നത് നിഗൂഢം.

നോട്ട് പിന്‍വലിച്ചതിനു ശേഷം ബാങ്കുകളിലുണ്ടാകുന്ന വര്‍ധിച്ച നിക്ഷേപം കണക്കിലെടുത്ത് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ഇക്കഴിഞ്ഞ ദിവസങ്ങളില്‍ 100 ശതമാനം കരുതല്‍ ധനാനുപാത നയം പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഇത് സെപ്റ്റംബര്‍ 16 ന്റെ മുന്‍കാല പ്രാബല്യത്തോടെയാണ് നടപ്പാക്കുന്നത്. നവംബര്‍ 8നു മാത്രം നടന്ന നോട്ട് അസാധുവാക്കല്‍ പ്രഖ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ നടപ്പാക്കുന്ന നയം അതിനു ഒരുമാസം മുമ്പ് നടന്ന നിക്ഷേപങ്ങളെ എന്തിന് കണക്കാക്കുന്നു എന്ന ചോദ്യമുയര്‍ന്നിട്ടുണ്ട്. സെപ്റ്റംബറിലെ നിക്ഷേപ വര്‍ധനയെ കുറിച്ച് ആര്‍ബിഐക്ക് ധാരണയുണ്ട് എന്നാണിത് വ്യക്തമാക്കുന്നത്.

സെപ്റ്റംബര്‍ മുപ്പതിനു ശേഷമുള്ള 15 ദിവസത്തെ കാലയളവില്‍ നടന്ന നിക്ഷേപങ്ങളിലും ഒട്ടേറേ അസ്വാഭാവികതകള്‍ നിലനില്‍ക്കുന്നുണ്ട്. ഇതുസംബന്ധിച്ച് കേന്ദ്ര ധനകാര്യ മന്ത്രാലയവും ആര്‍ബിഐ യും ഇതുവരെ വ്യക്തമായ പ്രതികരണത്തിന് തയാറായിട്ടില്ല. ഈ നിക്ഷേപത്തെ മാര്‍ജിനല്‍ സ്‌പൈക്ക് എന്നാണ് ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി വിശേഷിപ്പിച്ചിരിക്കുന്നത്. നോട്ട് അസാധുവാക്കല്‍ പ്രഖ്യാപനം മുന്‍കൂട്ടി അറിഞ്ഞതോടെയാണ് വന്‍ തോതില്‍ ബാങ്കുകളില്‍ നിക്ഷേപമെത്തിയിരിക്കുന്നതെന്ന വാദത്തെയും അദ്ദേഹം നിരസിക്കുകയാണ്.

Comments

comments

Categories: Banking, Slider