അഴിമതി അറിയിക്കാന്‍ മൊബീല്‍ ആപ്ലിക്കേഷന്‍; എഡ്യുവിജില്‍ കാര്യക്ഷമമാക്കും: മുഖ്യമന്ത്രി

അഴിമതി അറിയിക്കാന്‍ മൊബീല്‍ ആപ്ലിക്കേഷന്‍; എഡ്യുവിജില്‍ കാര്യക്ഷമമാക്കും: മുഖ്യമന്ത്രി

തിരുവനന്തപുരം: അന്താരാഷ്ട്ര അഴിമതിവിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി സംസ്ഥാന സര്‍ക്കാര്‍ Arising Kerala, Whistle Now എന്നീ രണ്ട് വിജിലന്‍സ് മൊബീല്‍ ആപ്ലിക്കേഷനുകള്‍അവതരിപ്പിച്ചു. പൊതുജനങ്ങള്‍ക്ക് ഇതിലൂടെ അഴിമതി സംബന്ധമായ വിവരങ്ങള്‍ ഉള്‍ക്കൊള്ളുന്ന വീഡിയോ-ഓഡിയോ, ഫോട്ടോകള്‍ മുതലായവ അപ്‌ലോഡ് ചെയ്യാനും സോഷ്യല്‍ മീഡിയ ആപ്ലിക്കേഷനുകള്‍വഴി ഷെയര്‍ ചെയ്യാനുമുള്ള സൗകര്യമൊരുക്കിയിട്ടുണ്ട്. ഇതുകൂടാതെ അഴിമതി വെളിച്ചത്ത് കൊണ്ടുവരുന്നതിന് പ്രയത്‌നിക്കുന്ന വ്യക്തികള്‍ക്ക് സംസ്ഥാനതല വിസില്‍ ബ്ലോവര്‍ അവാര്‍ഡ് നല്‍കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി. തിരുവനന്തപുരത്ത് ആന്റി കറപ്ഷന്‍ ബ്യൂറോ സംഘടിപ്പിച്ച അഴിമതി വിരുദ്ധ ദിനാചരണത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. പരാതിയുടെ അടിസ്ഥാനത്തില്‍ വിജിലന്‍സ് അന്വേഷണം തുടങ്ങുമ്പോള്‍ തന്നെ ഒരാളെ കുറ്റക്കാരന്‍ എന്ന രീതിയില്‍ പ്രചാരണം നടത്തുന്നത് ശരിയല്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

ഒരു കോടിയിലധികം രൂപയ്ക്കുമേലുള്ള അഴിമതി വെളിച്ചത്തു കൊണ്ടുവരികയും അത്തരം അഴിമതി നടത്തിയവര്‍ക്കെതിരെ ഫലപ്രദമായ നിയമ നടപടി എടുക്കുവാന്‍ എല്ലാ പിന്തുണയും നല്‍കുകയും ചെയ്യുന്ന വ്യക്തികള്‍ക്കാണ് വിസില്‍ ബ്ലോവര്‍ അവാര്‍ഡ് നല്‍കുക.
സ്വാശ്രയ വിദ്യാഭ്യാസ മേഖലയില്‍ അഴിമതി തലവരിപ്പണം വാങ്ങുന്നത് ഒഴിവാക്കണം. നിയമനങ്ങളിലെ കോഴയിടപാട് അവസാനിപ്പിക്കുകയും വേണം. ഇതിനൊക്കെയാണ് എഡ്യൂവിജില്‍ പദ്ധതി നടപ്പാക്കുന്നത്. ആദിവാസിപിന്നാക്ക വിഭാഗങ്ങളുടെ ക്ഷേമ കാര്യത്തിലും വിജിലന്‍സ് ആന്റ് ആന്റി കറപ്ഷന്‍ ബ്യൂറോയുടെ സേവനം ഉറപ്പുവരുത്താനാവും. ഇതിനൊക്കെയുള്ള പദ്ധതികള്‍ ഇതിനകം ആവിഷ്‌കരിച്ചു കഴിഞ്ഞിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
പബ്ലിക് സര്‍വ്വീസ് കമ്മീഷനില്‍നിന്നു നിയമന ഉത്തരവ് ലഭിച്ചുകഴിഞ്ഞാല്‍ ഒരാഴ്ചത്തെ സദ്ഭരണ ഇന്‍ഡക്ഷന്‍ ട്രെയിനിംഗ് കഴിഞ്ഞശേഷമേ ഉദ്യോഗസ്ഥര്‍ ജോലിചെയ്ത് തുടങ്ങുകയുള്ളൂ എന്ന രീതി നിലവില്‍ വരും. ഇത് സര്‍വീസില്‍ ഗുണാത്മകമായ വലിയ മാറ്റം വരുത്തും. വിജിലന്‍സില്‍ ആദ്യമായി രണ്ടുമാസം മുമ്പ് വനിതാ പൊലീസിന്റെ സാന്നിധ്യം വന്നു. ഇനി വിജിലന്‍സിലെ ഓരോ യൂണിറ്റിലും 25 ശതമാനം വനിതാ പൊലീസുകാരാകണം.

Comments

comments

Categories: Slider, Top Stories