നോട്ട് അസാധുവാക്കല്‍: ജനങ്ങളുടെ ബുദ്ധിമുട്ട് രണ്ടാഴ്ചയ്ക്കകം പരിഹരിക്കും- സര്‍ക്കാര്‍

നോട്ട് അസാധുവാക്കല്‍: ജനങ്ങളുടെ ബുദ്ധിമുട്ട് രണ്ടാഴ്ചയ്ക്കകം പരിഹരിക്കും- സര്‍ക്കാര്‍

ന്യൂഡല്‍ഹി: ഡീ മോണിട്ടൈസേഷനെ തുടര്‍ന്ന് ജനങ്ങള്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍ക്കും പ്രതിസന്ധികള്‍ക്കും 10-15 ദിവസങ്ങള്‍ക്കുള്ളില്‍ അവസാനമുണ്ടാകുമെന്നു സര്‍ക്കാര്‍ സുപ്രീം കോടതിയെ ബോധിപ്പിച്ചു.
ഡീ മോണിട്ടൈസേഷന്‍ നടപ്പിലാക്കാനുള്ള തീരുമാനത്തിനെതിരേ നിരവധി ഹര്‍ജികളാണ് ലഭിച്ചത്. ഈ ഹര്‍ജികള്‍ വെള്ളിയാഴ്ച പരിഗണിക്കവേ നടന്ന വാദത്തിനിടെ, കേന്ദ്ര സര്‍ക്കാരിനു വേണ്ടി അറ്റോര്‍ണി ജനറല്‍ മുകുള്‍ റോഹ്ത്യാഗിയാണു ഇക്കാര്യം കോടതിയെ അറിയിച്ചത്.
തീരുമാനം നടപ്പിലാക്കിയതിനു ശേഷം സര്‍ക്കാര്‍ വെറുതെയിരിക്കുകയായിരുന്നില്ലെന്നും ഡീ മോണിട്ടൈസേഷന്റെ പേരില്‍ രാജ്യത്ത് അക്രമമോ, കലാപമോ അരങ്ങേറിയിട്ടില്ലെന്നും അദ്ദേഹം അറിയിച്ചു.
ഡീ മോണിട്ടൈസേഷനിലൂടെ സംജാതമായ പ്രതിസന്ധി പരിഹരിക്കാന്‍ സര്‍ക്കാര്‍ തയാറെടുപ്പുകളൊന്നും നടത്തിയിരുന്നില്ലെന്നു പരാതിക്കാര്‍ക്കു വേണ്ടി ഹാജരായ പ്രമുഖ അഭിഭാഷകന്‍ പ്രശാന്ത് ഭൂഷന്‍ വാദിച്ചു. എടിഎമ്മുകളില്‍ പണം ലഭ്യമല്ലായിരുന്നു. റീ കാലിബ്രേഷന്‍ കുറ്റമറ്റ രീതിയില്‍ നടപ്പാക്കിയിരുന്നുമില്ല- പ്രശാന്ത് ഭൂഷന്‍ പറഞ്ഞു.
ഡീ മോണിട്ടൈസേഷന്‍ നടപടിക്കെതിരേ ഹര്‍ജി സമര്‍പ്പിച്ച മറ്റൊരു പ്രമുഖ അഭിഭാഷകന്‍ കോണ്‍ഗ്രസ് നേതാവ് കൂടിയായ കപില്‍ സിബിലായിരുന്നു. സര്‍ക്കാരിന്റെ വാദങ്ങളെല്ലാം കളവായിരുന്നെന്നും ബാങ്കില്‍ ആവശ്യത്തിനു പണമില്ലായിരുന്നെന്നും അദ്ദേഹം കോടതിയില്‍ പറഞ്ഞു.
അസാധുവാക്കിയ കറന്‍സി നോട്ടുകള്‍ മാറ്റിയെടുക്കുന്ന നടപടിക്രമം പൂര്‍ത്തിയാക്കാന്‍ ചുരുങ്ങിയത് ആറ് മാസമെടുക്കുമെന്നു മുന്‍ധനകാര്യ മന്ത്രി പി. ചിദംബരം പറഞ്ഞു.
രാജ്യമെങ്ങുമുള്ള ബാങ്കുകളില്‍നിന്നും പണം പിന്‍വലിക്കാനുള്ള പരിധിയുടെ തോത് ഉയര്‍ത്താന്‍ സാധിക്കുമോ എന്ന കാര്യത്തെക്കുറിച്ച് അറിയിക്കാന്‍ സുപ്രീം കോടതി സര്‍ക്കാരിനോട് നിര്‍ദേശിച്ചു.
ചീഫ് ജസ്റ്റിസ് ടി എസ് താക്കൂര്‍, ജസ്റ്റിസ് എ എം ഖാന്‍വില്‍ക്കര്‍, ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഢ് തുടങ്ങിയവരുള്‍പ്പെട്ടെ ബഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.

Comments

comments

Categories: Slider, Top Stories