എയര്‍ ഇന്ത്യയുടെ അവസാന നിമിഷ ടിക്കറ്റ് വില്‍പ്പന ഗുണകരമായത് 21,678 യാത്രക്കാര്‍ക്ക്

എയര്‍ ഇന്ത്യയുടെ അവസാന നിമിഷ ടിക്കറ്റ് വില്‍പ്പന ഗുണകരമായത് 21,678 യാത്രക്കാര്‍ക്ക്

ന്യൂഡെല്‍ഹി: എയര്‍ ഇന്ത്യയുടെ അവസാന നിമിഷ ടിക്കറ്റ് വില്‍പ്പന പദ്ധതി പ്രയോജനപ്പെടുത്തിയത് 21,678 യാത്രക്കാരെന്ന് വ്യോമയാന മന്ത്രാലയം പാര്‍ലമെന്റിനെ അറിയിച്ചു. രാജധാനി എക്‌സ്പ്രസ് ട്രെയ്‌നിലെ എസി സെക്കന്‍ഡ് ക്ലാസ് യാത്രാ നിരക്കിന് തുല്യമായ നിരക്ക് ഈടാക്കുന്ന അവസാന നിമിഷ ടിക്കറ്റ് വില്‍പ്പന പദ്ധതി ഈ വര്‍ഷം ജൂലൈയിലാണ് പൊതുമേഖലാ സ്ഥാപനമായ എയര്‍ ഇന്ത്യ തുടങ്ങിയത്.

താങ്ങാവുന്ന നിരക്കില്‍ അവസാന നിമിഷം ടിക്കറ്റ് ബുക്ക് ചെയ്യുന്നതിനും അതുവഴി ഒഴിഞ്ഞുകിടക്കുന്ന സീറ്റുകളില്‍ യാത്രക്കാരെ ഉറപ്പുവരുത്തുന്നതിനും ലക്ഷ്യമിട്ടുള്ള പരിമിത കാല പദ്ധതി ജൂലൈ ഒമ്പതിനാണ് ആരംഭിച്ചത്. ജൂലൈ 9 മുതല്‍ സെപ്റ്റംബര്‍ 30 വരെയുള്ള ഓഫര്‍ കാലയളവില്‍ ആകെ 21,678 യാത്രക്കാര്‍ ഈ സൗകര്യം വിനിയോഗിച്ചതായി വ്യോമയാന സഹമന്ത്രി ജയന്ത് സിന്‍ഹ രാജ്യസഭയില്‍ മറുപടി നല്‍കി.

രാജ്യത്തെ തെരഞ്ഞെടുത്ത പതിനൊന്ന് ആഭ്യന്തര സെക്റ്ററുകളിലാണ് ഇക്കോണമി ക്ലാസ്സില്‍ ഹ്രസ്വകാല പ്രമോഷണല്‍ പദ്ധതി നടപ്പാക്കിയത്.

ഡെല്‍ഹി-മുംബൈ-ഡെല്‍ഹി, ഡെല്‍ഹി-കൊല്‍ക്കത്ത-ഡെല്‍ഹി, ഡെല്‍ഹി-ബെംഗളൂരു-ഡെല്‍ഹി, ഡെല്‍ഹി-ചെന്നൈ-ഡെല്‍ഹി, ഡെല്‍ഹി-റാഞ്ചി-ഡെല്‍ഹി, ഡെല്‍ഹി-അഹമ്മദാബാദ്-ഡെല്‍ഹി, ഡെല്‍ഹി-ഹൈദരാബാദ്-ഡെല്‍ഹി, ഡെല്‍ഹി-ഭുബനേശ്വര്‍-ഡെല്‍ഹി, ഡെല്‍ഹി-ഗോവ-ഡെല്‍ഹി, ഡെല്‍ഹി-പാറ്റ്‌ന-ഡെല്‍ഹി, ഡെല്‍ഹി-റായ്പൂര്‍-ഡെല്‍ഹി റൂട്ടുകളിലാണ് പദ്ധതി നടപ്പാക്കിയതെന്നും മന്ത്രി രാജ്യസഭയെ അറിയിച്ചു.

Comments

comments

Categories: Branding