ബ്രിട്ടനിലെ പ്ലാന്റില്‍ ടാറ്റ സ്റ്റീല്‍ ബില്ല്യണ്‍ പൗണ്ട് നിക്ഷേപിക്കും

ബ്രിട്ടനിലെ പ്ലാന്റില്‍ ടാറ്റ സ്റ്റീല്‍ ബില്ല്യണ്‍ പൗണ്ട് നിക്ഷേപിക്കും

മുംബൈ: ബ്രിട്ടനിലെ പ്ലാന്റില്‍ ഒരു ബില്ല്യണ്‍ പൗണ്ടിന്റെ നിക്ഷേപം നടത്താന്‍ ടാറ്റ സ്റ്റീല്‍ തീരുമാനിച്ചു. പ്ലാന്റിലെ ട്രേഡ് യൂണിയനുകളുമായി ടാറ്റ സ്റ്റീല്‍ ഇത് സംബന്ധിച്ച് കരാറിലെത്തി.

പോര്‍ട്ട് ടാല്‍ബോട്ട് സ്റ്റീല്‍ പ്ലാന്റില്‍ അടുത്ത പത്ത് വര്‍ഷത്തേക്കാണ് ടാറ്റ നിക്ഷേപം നടത്തുന്നത്. ട്രേഡ് യൂണിയനുമായുള്ള കരാര്‍ പ്രകാരം നിര്‍ബന്ധിതമായി ജോലിയില്‍ നിന്ന് പിരിച്ചുവിടുന്നത് ഒഴിവാക്കും. ചെലവേറിയ പെന്‍ഷന്‍ സ്‌കീം ഒഴിവാക്കി പകരം താരതമ്യേന ചെലവു കുറഞ്ഞ ആനുകൂല്യ പദ്ധതി നടപ്പിലാക്കും.
പുതിയ പെന്‍ഷന്‍ പദ്ധതി പ്രകാരം കമ്പനിയുടെ വകയായി പരമാവധി പത്ത് ശതമാനവും തൊഴിലാളികളില്‍ നിന്ന് ആറ് ശതമാനവും വീതം വിഹിതമാണ് ഉള്‍പ്പെടുത്തിയിരിക്കുന്നതെന്ന് ട്രേഡ് യൂണിയനുകള്‍ പ്രസ്താവനയില്‍ അറിയിച്ചു. ഒരു ബില്ല്യണ്‍ പൗണ്ട് നിക്ഷേപം പോര്‍ട്ട് ടാല്‍ബോട്ടിലെ സ്റ്റീല്‍ ഉല്‍പ്പാദനത്തിനും കമ്പനിയുടെ ഭാവി സുരക്ഷിതമാക്കുന്നതിനും വിനിയോഗിക്കും. 2021 വരെ പോര്‍ട്ട് ടാല്‍ബോട്ടിലെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നിലവിലെ പോലെ തുടരും അടുത്ത അഞ്ച് വര്‍ഷത്തെ സാമ്പത്തിക പ്രകടനങ്ങളുടെ അടിസ്ഥാനത്തിലായിരിക്കും തുടര്‍ നിക്ഷേപങ്ങളെന്നും ടാറ്റ സ്റ്റീല്‍ വ്യക്തമാക്കി.
യുകെയിലെ സ്റ്റീല്‍ ബിസിനസ് ഒന്നുകില്‍ വില്‍ക്കുക അല്ലെങ്കില്‍ മറ്റേതെങ്കിലും കമ്പനിയുമായി ലയിപ്പിക്കുക എന്ന പുറത്താക്കപ്പെട്ട ചെയര്‍മാന്‍ സൈറസ് മിസ്ട്രിയുടെ തീരുമാനത്തിന് വിപരീതമാണ് ടാറ്റ സ്റ്റീലിന്റെ പുതിയ നിലപാട്. അതേസമയം, യൂറോപ്യന്‍ കമ്പനിയായ തൈസന്‍ക്രപ്പില്‍ യുകെ പ്ലാന്റിനെ ലയിപ്പിക്കുന്നതു സംബന്ധിച്ച് നടന്നുകൊണ്ടിരിക്കുന്ന ചര്‍ച്ചകളെക്കുറിച്ച് ടാറ്റ സ്റ്റീല്‍ അധികം വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ഭാവിയില്‍ ബിസിനസ് കൂടുതല്‍ മത്സരാധിഷ്ഠിതമാക്കുന്നതിന് ടാറ്റ സ്റ്റീല്‍ യുകെ വിഭാഗം ദീര്‍ഘകാല നിക്ഷേപ പദ്ധതി തയാറാക്കിയിട്ടുണ്ട്. ഉല്‍പ്പാദനം, തൊഴില്‍, നിക്ഷേപം എന്നിവയില്‍ നേതൃത്വത്തിന്റെ പ്രതിബദ്ധതയെ സ്വാഗതം ചെയ്യുന്നു. വിശദമായ ചര്‍ച്ചയ്ക്ക് ശേഷം, പുതുവര്‍ഷത്തില്‍ അംഗങ്ങളെ തെരഞ്ഞെടുക്കുന്നതിനും യൂണിയന്‍ പ്രതിനിധികള്‍ സമ്മതം അറിയിച്ചിട്ടുണ്ട്-ടാറ്റ സ്റ്റീല്‍ യൂറോപ്യന്‍ ബിസിനസ് എക്‌സിക്യുട്ടീവ് ഡയറക്റ്റര്‍ കൗശിക് ചാറ്റര്‍ജി പറഞ്ഞു.

Comments

comments

Categories: Branding