സിയാം മാക്രോ ഇന്ത്യയിലേക്കും

സിയാം മാക്രോ ഇന്ത്യയിലേക്കും

ന്യൂഡെല്‍ഹി: തായ്‌ലന്റ് കേന്ദ്രമാക്കിയ റീട്ടെയ്ല്‍ കമ്പനിയായ സിയാം മാക്രോ ഇന്ത്യയില്‍ മൊത്തവില്‍പ്പന ആരംഭിക്കുന്നു. വിദേശ റീട്ടെയ്‌ലര്‍ കമ്പനികളായ മെട്രോ, വാള്‍മാര്‍ട്ട്, യുകെയിലെ ബുക്കര്‍ എന്നിവയ്ക്കുശേഷം രാജ്യത്ത് പ്രവര്‍ത്തനം തുടങ്ങാനൊരുങ്ങുന്ന കമ്പനിയാണ് സിയാം മാക്രോ.

2017ല്‍ ഉത്തരേന്ത്യയില്‍ പ്രവര്‍ത്തനം ആരംഭിക്കാനാണ് സിയാം മാക്രോയുടെ നീക്കം. മാക്രോയുടെ ഇന്ത്യയിലെ പ്രവര്‍ത്തനങ്ങള്‍ക്കുവേണ്ടി നേതൃ സംഘത്തെ ഒരുക്കും. മൊത്ത വില്‍പ്പനക്കാരായ മെട്രോ കാഷ് ആന്‍ഡ് ക്യാരി ഇന്ത്യയുടെ ഭാഗമായിരുന്ന വെങ്കടേഷ് താരകാന്തിനെ ചീഫ് സിഎഫ്ഒയായി നിയമിക്കാനും കമ്പനി ആലോചിക്കുന്നു.
കാഷ് ആന്‍ഡ് ക്യാരി സംരംഭത്തിന് (പണം പൂര്‍ണമായി ഈടാക്കി ഉല്‍പ്പന്നം വില്‍ക്കുന്ന രീതി) നിലവില്‍ രാജ്യത്ത് 6,800 കോടി രൂപയുടെ വിപണിയുണ്ട്. വാര്‍ഷിക നിരക്കില്‍ 13 ശതമാനം വളര്‍ച്ചയും അതു കൈവരിക്കുന്നു. അംഗീകൃത ഹോള്‍സെയ്ല്‍ ബിസിനസിന് വളരെ വലിയ വളര്‍ച്ചാ സാധ്യതയാണുള്ളത്. അംഗീകൃതമല്ലാത്ത മൊത്തവില്‍പ്പന വിപണികളും വിതരണക്കാരുമാണ് നിലവില്‍ ഇന്ത്യയിലുള്ളതെന്നും വിപണി വിദഗ്ധര്‍ ചൂണ്ടിക്കാട്ടി.
ഇപ്പോള്‍ വാള്‍മാര്‍ട്ട് സ്റ്റോഴ്‌സ്, മെട്രോ കാഷ് ആന്‍ഡ് ക്യാരി, ബുക്കര്‍, റിലയന്‍സ് റീട്ടെയ്ല്‍ എന്നിങ്ങനെ നാലു കമ്പനികള്‍ രാജ്യത്ത് 92 മൊത്തവില്‍പ്പന കേന്ദ്രങ്ങള്‍ പ്രവര്‍ത്തിപ്പിക്കുന്നു. വാള്‍മാര്‍ട്ട് 21 ബെസ്റ്റ് പ്രയ്‌സ്ഡ് ബ്രാന്‍ഡഡ് സ്റ്റോഴ്‌സുകളും മെട്രോ 23 കാഷ് ആന്‍ഡ് ക്യാരി സ്‌റ്റോഴ്‌സുകളും നടത്തുന്നു. 2009ല്‍ ഇന്ത്യയിലെത്തിയ ബുക്കറിന് മഹാരാഷ്ട്രയിലും ഗുജറാത്തിലുമായി ആറു മൊത്തവില്‍പ്പന സംവിധാനങ്ങളുണ്ട്.
കാഷ് ആന്‍ഡ് ക്യാരി റീട്ടെയ്‌ലില്‍ ഇന്ത്യയില്‍ 100 ശതമാനം വിദേശ നിക്ഷേപം നടത്താമെന്നാണ് നിയമം. കഴിഞ്ഞമാസം ആഭ്യന്തര വിപണിയിലെ ഏറ്റവും വലിയ റീട്ടെയ്‌ലറായ ഫ്യൂച്ചര്‍ ഗ്രൂപ്പ് ബുക്കര്‍ ഗ്രൂപ്പുമായി ചേര്‍ന്ന് കാഷ് ആന്‍ഡ് ക്യാരി സ്റ്റോറുകള്‍ തുറക്കുന്നതിനായി സംയുക്ത കമ്പനി രൂപീകരിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. വാള്‍മാര്‍ട്ടുമായും മെട്രോയുമായും നേരിട്ടുള്ള മത്സരം സൃഷ്ടിക്കുകയാണ് ഇതിന്റെ ലക്ഷ്യം.

Comments

comments

Categories: Branding