ഓഫ് ലൈന്‍ വ്യാപാരികള്‍ക്ക് പേയ്‌മെന്റ് സൊലൂഷനുമായി ഷോപ്ക്ലൂസ്

ഓഫ് ലൈന്‍ വ്യാപാരികള്‍ക്ക് പേയ്‌മെന്റ് സൊലൂഷനുമായി ഷോപ്ക്ലൂസ്

ന്യൂഡെല്‍ഹി: ഇ-കൊമേഴ്‌സ് സ്ഥാപനമായ ഷോപ്ക്ലൂസ് ഓഫ്‌ലൈന്‍ വ്യാപാരികള്‍ക്കായി റീച്ച് എന്ന പേരില്‍ പേയ്‌മെന്റ് സൊലൂഷന്‍ ആരംഭിച്ചു. വ്യാപാരികള്‍ക്ക് വാലറ്റ്, ക്രെഡിറ്റ്, ഡെബിറ്റ് തുടങ്ങി ഏത് രീതിയിലുള്ള ഇലക്ട്രോണിക് പേയ്‌മെന്റും ഒരു എസ്എംഎസ് ലിങ്കിലൂടെ സ്വീകരിക്കാന്‍ കഴിയും. വിവരങ്ങള്‍ നല്‍കാന്‍ താല്‍പര്യമില്ലാത്ത ഉപഭോക്താവിന് വ്യാപാരി നല്‍കുന്ന ലിങ്കിന്റെ സഹായത്തോടെ അവരുടെ സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിച്ച് പണമടയ്ക്കാനുള്ള സംവിധാനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. പേയ്‌മെന്റ് സൊലൂഷനു പുറമേ എക്കൗണ്ട് മാനേജ്‌മെന്റ്, സോഫ്റ്റ് ക്രെഡിറ്റ്, പാക്കേജിംഗ് ആന്റ് കാറ്റലോഗിംഗ് എന്നീ മേഖലകളിലും ഷോപ്ക്ലൂസ് വ്യാപാരികള്‍ക്ക് സഹായവുമായി എത്തിയിട്ടുണ്ട്. മാസം 99 രൂപയാണ് സേവനങ്ങള്‍ക്കായി ഷോപ്ക്ലൂസ് ഈടാക്കുന്നത്. അവതരണ ഓഫര്‍ എന്ന നിലയില്‍ എല്ലാതരത്തിലുള്ള പേയ്‌മെന്റുകള്‍ക്കുമുള്ള ടിഡിആര്‍ കമ്പനി എടുത്തുകളഞ്ഞിട്ടുണ്ട്.
മുമ്പില്ലാത്തവിധം ഡിജിറ്റല്‍ പേയ്‌മെന്റ് ഒരു അത്യാവശ്യം ആയി മാറിയ സാഹചര്യത്തില്‍ രാജ്യം മുഴുവനുമുള്ള റീട്ടെയ്‌ലേഴ്‌സിന് പ്രത്യേകിച്ച് പിഒഎസ് മെഷിന്‍ കടകളില്‍ ഇല്ലാത്തവര്‍ക്ക് വളരെ സഹായകമായിരിക്കും റീച്ച് സംവിധാനം. ഷോപ്ക്ലൂസിന്റെ സഹസ്ഥാപകനും സിഇഒയുമായ സഞ്ജയ് സേഥി പറഞ്ഞു. ഓഫ് ലൈന്‍ വ്യാപാരികള്‍ക്ക് ടെക്‌നോളജിക്കല്‍ പ്ലാറ്റ്‌ഫോമിലൂടെ മത്സരാധിഷ്ഠിത വ്യാപാരരംഗത്ത് പിടിച്ചു നില്‍ക്കാന്‍ റീച്ച് സഹായകമാകുമെന്ന് അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു.

അടുത്ത വര്‍ഷം അവസാനത്തോടെ ഒരു ലക്ഷത്തോളം വ്യാപാരികളെ പേയ്‌മെന്റ് പ്ലാറ്റ്‌ഫോമിലേക്ക് കൊണ്ടുവരാനാകുമെന്നാണ് ഷോപ്ക്ലൂസിന്റെ പ്രതീക്ഷ.ഷോപ്ക്ലൂസിന്റെ പ്ലാറ്റ്‌ഫോമില്‍ 5 ലക്ഷത്തില്‍ അധികം വ്യാപാരികള്‍ നിലവിലുണ്ട്. ഇന്ത്യ മുഴുവനുമായി 30000 പിന്‍കോഡുകളില്‍ കമ്പനി സാധനങ്ങള്‍ എത്തിക്കുന്നുണ്ട്. പേടിംഎം ഉള്‍പ്പെടെ പലകമ്പനികളും ഇതിന് സമാനമായ ഫീച്ചറുകള്‍ മുമ്പ് അവതരിപ്പിച്ചിട്ടുണ്ട്.

Comments

comments

Categories: Branding