നോട്ട് അസാധുവാക്കിയിട്ട് ഒരുമാസം: കര്‍ഷകര്‍ക്കും തൊഴിലാളികള്‍ക്കും ഗുണം ചെയ്യുമെന്ന് മോദി

നോട്ട് അസാധുവാക്കിയിട്ട് ഒരുമാസം:  കര്‍ഷകര്‍ക്കും തൊഴിലാളികള്‍ക്കും ഗുണം ചെയ്യുമെന്ന് മോദി

 

ന്യൂഡെല്‍ഹി: നോട്ട് അസാധുവാക്കല്‍ മൂലമുണ്ടായ പണപ്രതിസന്ധി ഏറ്റവും കൂടുതല്‍ വലയ്ക്കുന്ന ഇന്ത്യയിലെ ഗ്രാമീണര്‍ക്കും കൂലിപ്പണിക്കാര്‍ക്കമാണ് ഈ നയത്തിന്റെ പ്രയോജനം ലഭിക്കുകയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. നോട്ട് അസാധുവാക്കല്‍ പ്രഖ്യാപനം ഒരുമാസം പിന്നിടുമ്പോള്‍ സര്‍ക്കാര്യ പ്രഖ്യാപിച്ച ലക്ഷ്യങ്ങളുടെ ഫലപ്രാപ്തി സംബന്ധിച്ചും ജനങ്ങള്‍ക്കുണ്ടായ വലിയ ദുരിതത്തെ കുറിച്ചും വ്യാപക വിമര്‍ശനമുയരുന്നതിനിടെ ട്വിറ്ററിലൂടെയാണ് പ്രധാനമന്ത്രി തന്റെ നടപടിയെ ന്യായീകരിച്ചത്.

സാമ്പത്തിക പരിഷ്‌കരണ പ്രഖ്യാപനത്തെ ഹിന്ദുമത വിശ്വാസപ്രകാരമുള്ള യജ്ഞത്തോടും പരിത്യാഗത്തോടും ഉപമിച്ചാണ് പ്രധാനമന്ത്രി വിമര്‍ശനങ്ങളെ നേരിടുന്നത്. 500, 1000 രൂപാ നോട്ടുകള്‍ നീക്കം ചെയ്തതിലൂടെയുണ്ടായിട്ടുള്ള ബുദ്ധിമുട്ടുകള്‍ രാജ്യത്തിനുള്ള ജാഗ്രതാ നിര്‍ദേശമാണെന്നും, ചെറിയ സമയത്തേക്കുള്ള പ്രശ്‌നങ്ങള്‍ ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള നേട്ടങ്ങള്‍ക്ക് വഴിയൊരുക്കുമെന്നും നരേന്ദ്ര മോദി പറഞ്ഞു. അഴിമതിക്കെതിരെയുള്ള പോരാട്ടത്തില്‍ പൂര്‍ണ മനസോടെപങ്കാളികളായിട്ടുള്ള രാജ്യത്തെ ജനങ്ങള്‍ക്ക് അഭിവാദനമര്‍പ്പിക്കുന്നതായും അദ്ദേഹം അറിയിച്ചു.

കര്‍ഷകരും, തൊഴിലാളികളും, വ്യാപാരികളുമാണ് രാജ്യത്തിന്റെ നട്ടെല്ലന്നും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. രാജ്യത്തിന്റെ സാമ്പത്തിക ശക്തികേന്ദ്രങ്ങളായ ഇവര്‍ക്ക് സര്‍ക്കാരിന്റെ തീരുമാനങ്ങള്‍ നിരവധി നേട്ടങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ടെന്നും, അഴിമതിക്കും കള്ളപ്പണത്തിനു മേല്‍ ഗ്രാമീണ ഇന്ത്യയുടെ സമൃദ്ധിയും പുരോഗതിയും കൈവരിക്കാനാകുമെന്നും, മോദി ചൂണ്ടിക്കാട്ടി.

നോട്ട് പിന്‍വലിക്കല്‍ പണരഹിത അത്യാധൂനിക സമ്പദ്‌വ്യവസ്ഥയിലേക്കുള്ള ചരിത്രപരമായ അവസരമാണെന്നു പറഞ്ഞ മോദി ഇന്ത്യയെ അഴിമതി മുക്തമാക്കുന്നതിനുള്ള ഇടനിലക്കാരാണ് യുവ സുഹൃത്തുക്കളെന്നും കൂട്ടിച്ചേര്‍ത്തു. ഒറ്റകെട്ടായി കള്ളപ്പണത്തിനെതിരെ പോരാടണമെന്നും, ഇത് രാജ്യത്തെ പാവപ്പെട്ടവര്‍ക്കും സാധാരണക്കാര്‍ക്കും ഗുണം ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Comments

comments

Categories: Slider, Top Stories