പിവിആര്‍ 4ഡിഎക്‌സ് സ്‌ക്രീനുകളുടെ എണ്ണം വര്‍ധിപ്പിക്കുന്നു

പിവിആര്‍ 4ഡിഎക്‌സ്  സ്‌ക്രീനുകളുടെ എണ്ണം  വര്‍ധിപ്പിക്കുന്നു

ന്യൂഡെല്‍ഹി: രാജ്യത്തെ ഏറ്റവും വലിയ മള്‍ട്ടിപ്ലക്‌സ് ശൃംഖല പിവിആര്‍ സിനിമാസ് അടുത്ത രണ്ടു വര്‍ഷത്തിനുള്ളില്‍ പത്ത് 4ഡിഎക്‌സ് സ്‌ക്രീനുകള്‍ കൂടി ചേര്‍ക്കാന്‍ ഒരുങ്ങുന്നു. സിനിമ എക്‌സിബിഷന്‍ കണ്‍വെന്‍ഷനായ സിനിഏഷ്യ 2016 ല്‍ വച്ച് ദക്ഷിണകൊറിയ ആസ്ഥാനമാക്കിയ സിജെ 4ഡിപ്ലക്‌സുമായി ഇതുസംബന്ധിച്ച കരാറില്‍ കമ്പനി ഒപ്പുവച്ചെന്ന് പിവിആറുമായി അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കി.

ഫീച്ചര്‍ ഫിലിംസിനുവേണ്ടിയുള്ള ആദ്യത്തെ പ്രമുഖ 4ഡി സിനിമ സാങ്കേതിക വിദ്യയാണ് സിജെ 4ഡിപ്ലക്‌സിന്റെ 4ഡിഎക്‌സ്. പ്രേക്ഷകര്‍ക്ക് 3ഡിക്ക് അപ്പുറം മോഷന്‍, വിന്‍ഡ്, ലൈറ്റിംഗ്, വൈബ്രേഷന്‍, ഫോഗ്, റെയ്ന്‍, സ്‌നോ, റെയ്ന്‍സ്‌ട്രോം തുടങ്ങി മഹത്തായ ദൃശ്യാനുഭവങ്ങള്‍ 4ഡിഎക്‌സ് നല്‍കും. പൂര്‍ണ്ണമായ ദൃശ്യ, ശ്രവ്യാനുഭൂതികള്‍ ഇത് പ്രദാനം ചെയ്യും.
പിവിആറിനു കീഴില്‍ നോയിഡയിലും മെക്‌സിക്കോ കേന്ദ്രമാക്കിയ സിനെപോളിസിന്റെ ഉടമസ്ഥതയില്‍ മുംബൈയിലെ താനെയിലുമായി ഇന്ത്യയില്‍ നിലവില്‍ രണ്ടു 4ഡിഎക്‌സ് സ്‌ക്രീനുകളാണുള്ളത്.
ഈ വര്‍ഷം മാര്‍ച്ചില്‍ നോയിഡയില്‍ 4ഡിഎക്‌സ് ലോഞ്ച് ചെയ്തശേഷം മറ്റു കേന്ദ്രങ്ങളിലേക്കും ഈ സാങ്കേതിക വിദ്യ വ്യാപിപ്പിക്കാനുള്ള തയാറെടുപ്പിലാണ് കമ്പനിയെന്ന് പിവിആറിന്റെ സിഎംഡി അജയ് ബിജ്‌ലി പറഞ്ഞു. ബെംഗളൂരുവിലേയും മുംബൈയിലേയും പിവിആറിന്റെ പ്രദര്‍ശന കേന്ദ്രങ്ങളില്‍ 4ഡിഎക്‌സ് സ്‌ക്രീനുകള്‍ സ്ഥാപിക്കും. ഇതിനായി നിലവിലെ നാലു സ്‌ക്രീനുകള്‍ നവീകരിക്കും. ബാക്കിയുള്ള ആറു സ്‌ക്രീനുകള്‍ പുതിയതിന്റെയോ വരാനിരിക്കുന്ന പദ്ധതിയുടെയോ ഭാഗമാക്കും. മൊത്തത്തിലുള്ള കാഴ്ചാനുഭവം മികച്ചതാക്കാനും 4ഡിഎക്‌സിനാകുമെന്ന് ബിജ്‌ലി ചൂണ്ടിക്കാട്ടി.
ലോകത്തില്‍ ഏറ്റവും കൂടുതല്‍ സിനിമകള്‍ നിര്‍മിക്കപ്പെടുന്ന രാജ്യങ്ങളിലൊന്നിലെ വലിയ മള്‍ട്ടിപ്ലക്‌സ് ശൃംഖലുമായി സഹകരിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് സിജെ 4ഡിപ്ലക്‌സിന്റെ സിഇഒ ബയിംഗ് ഹുവാന്‍ ചോയി പറഞ്ഞു. നിലവില്‍ 48 നഗരങ്ങളിലെ 121 കേന്ദ്രങ്ങളിലായി 557 സ്‌ക്രീനുകള്‍ പിവിആര്‍ പ്രവര്‍ത്തിപ്പിക്കുന്നുണ്ട്.

Comments

comments

Categories: Movies

Write a Comment

Your e-mail address will not be published.
Required fields are marked*