ദേശീയ വികാരം കാത്തുസൂക്ഷിക്കണം: പി ടി തോമസ്

ദേശീയ വികാരം കാത്തുസൂക്ഷിക്കണം: പി ടി തോമസ്

കൊച്ചി: ദേശീയ വികാരം ഉയര്‍ത്തിപ്പിടിക്കുന്ന പരിപാടികള്‍ക്കു പ്രാധാന്യം നല്‍കണമെന്ന് പി ടി തോമസ് എംഎല്‍എ അഭിപ്രായപ്പെട്ടു. ഈ വര്‍ഷത്തെ സായുധസേനാ പതാകദിനാചരണത്തിന്റെ ഉദ്ഘാടനവും ആദ്യവില്‍പ്പനയും കളക്റ്ററേറ്റ് സ്പാര്‍ക്ക് ഹാളില്‍ നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. യോഗത്തില്‍ എഡിഎം സി കെ പ്രകാശ് അധ്യക്ഷനായിരുന്നു. നാനാത്വത്തില്‍ ഏകത്വമെന്ന സന്ദേശം ഉയര്‍ത്തിപ്പിടിക്കുന്ന മറ്റൊരു രാജ്യവും ലോകത്തിലില്ല. നമ്മുടെ സംസ്‌കാരവും പാരമ്പര്യവുമാണ് ഇതിനു പിന്‍ബലം. അതില്‍ കോട്ടം തട്ടുമ്പോഴാണു ദേശവിരുദ്ധ ശക്തികള്‍ കുഴപ്പങ്ങളുമായി ഇറങ്ങുന്നത്. അതിര്‍ത്തിയും ദേശവും കാത്തുസംരക്ഷിക്കുന്ന സൈനികരുടെയും അവരുടെ കുടുംബാംഗങ്ങളുടെയും ക്ഷേമം ഉറപ്പുവരുത്താന്‍ നമുക്ക് ബാധ്യതയുണ്ട്. പാക്, ചൈന, കാര്‍ഗില്‍ യുദ്ധങ്ങളില്‍ നമ്മുടെ നൂറുകണക്കിനു സൈനികര്‍ക്കു ജീവന്‍ ഹോമിക്കേണ്ടിവന്നിട്ടുണ്ട്. ഇവരെ സ്വാതന്ത്ര്യ, റിപ്പബ്ലിക് ദിനങ്ങളില്‍ മാത്രം ഓര്‍മിക്കുന്ന പ്രവണതയ്ക്കു മാറ്റം വരുത്തണം.

1947 ല്‍ ഇന്ത്യ സ്വാതന്ത്ര്യം നേടിയ ശേഷം പ്രധാനമന്ത്രി ജവാഹര്‍ലാല്‍ നെഹ്‌റുവിന്റെ ആശയത്തില്‍ നിന്നാണ് സൈനികക്ഷേമത്തിനായി ദേശീയപതാക ദിനവും മറ്റും ആവിഷ്‌കരിക്കപ്പെടുന്നത്. എറണാകുളം ജില്ലയില്‍ 21000 ഓളം വിമുക്തഭടന്‍മാരുണ്ട്. ഇവരുടെയും കുടുംബാംഗങ്ങളുടെയും ക്ഷേമത്തിനായി സംഘടിപ്പിക്കുന്ന ഈ പരിപാടി അടുത്തവര്‍ഷം മുതല്‍ വളരെ വിപുലമായി നടത്തണമെന്നും എംഎല്‍എ എന്ന നിലയില്‍ അതിനു തന്റെ പൂര്‍ണ പിന്തുണ ഉണ്ടാകുമെന്നും കളക്ടറേറ്റ് വളപ്പില്‍ യുദ്ധസ്മാരകം നിര്‍മിക്കുന്നതിന് എല്ലാ സഹായങ്ങളും നല്‍കുമെന്നും പി. ടി. തോമസ് അറിയിച്ചു. യോഗത്തില്‍ ഭവാന്‍സ് വരുണ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ പ്രാര്‍ഥനയും കാക്കനാട് മാര്‍ അത്തനേഷ്യസ് സ്‌കൂളിലെ വിദ്യാര്‍ഥികള്‍ ദേശഭക്തിഗാനവും എംഎഎ എംപി എല്‍പി എസിലെ കുട്ടികള്‍ ദേശീയഗാനവും ആലപിച്ചു. കമ്മഡോര്‍ എം എ അജയകുമാര്‍(റിട്ട) സുവനീര്‍ പ്രകാശനം നിര്‍വഹിച്ചു. കേണല്‍ (റിട്ട) എം ഒ ഡാനിയേല്‍, എംബി ഗോപിനാഥ്, ഓണററി ക്യാപ്റ്റന്‍(റിട്ട) ടി ടി തോമസ്, ജില്ലാ സൈനിക ക്ഷേമ ഓഫീസര്‍ എംപി ജോസഫ്, അസി. സൈനി ക്ഷേമ ഓഫീസര്‍ ടി എ സജീവന്‍ എന്നിവര്‍ പ്രസംഗിച്ചു. വിവിധ വകുപ്പ് ഉദ്യോഗസ്ഥരും വിമുക്തസൈനികരും കുടുംബാംഗങ്ങളും പൊതുജനങ്ങളും യോഗത്തില്‍ പങ്കെടുത്തു

Comments

comments

Categories: Politics

Related Articles