അപസ്മാര മരുന്നിന് അമിതവില; പിഫൈസര്‍ക്ക് 106 മില്യണ്‍ ഡോളര്‍ പിഴ

അപസ്മാര മരുന്നിന് അമിതവില; പിഫൈസര്‍ക്ക് 106 മില്യണ്‍ ഡോളര്‍ പിഴ

 

ലണ്ടന്‍ : അപസ്മാര മരുന്നിന് അമിത വില ഈടാക്കിയതിന് അമേരിക്കന്‍ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായ പിഫൈസറിന് ബ്രിട്ടീഷ് ഏജന്‍സി 84.2 മില്യണ്‍ പൗണ്ട് (106 മില്യണ്‍ ഡോളര്‍) പിഴ ചുമത്തി. ഇതുകൂടാതെ വിതരണക്കാരായ ഫ്‌ളിന്‍ ഫാര്‍മയ്ക്ക് 5.2 മില്യണ്‍ പൗണ്ടും (6.55 മില്യണ്‍ ഡോളര്‍) പിഴ വിധിച്ചിട്ടുണ്ട്. നിയമവിരുദ്ധമായി അപസ്മാര മരുന്നിന് അമിത വില ഈാടാക്കിയതിനാണ് മരുന്ന് കമ്പനിയും വിതരണക്കാരും നടപടി നേരിട്ടത്. ഇരു കമ്പനികളോടും മരുന്നിന്റെ വില അടിയന്തരമായി കുറയ്ക്കാനും കോംപറ്റീഷന്‍ ആന്‍ഡ് മാര്‍ക്കറ്റ്‌സ് അഥോറിറ്റി (സിഎംഎ) ഉത്തരവിട്ടു. സിഎംഎ ഇതുവരെ നടത്തിയതില്‍ വെച്ചേറ്റവും വലിയ പിഴശിക്ഷയാണിത്. 2012 സെപ്റ്റംബറില്‍ മരുന്ന് മനപ്പൂര്‍വം ഡി-ബ്രാന്‍ഡ് ചെയ്തശേഷം മേരുന്ന് വില 2,600 ശതമാനമായാണ് കമ്പനി വര്‍ധിപ്പിച്ചത്.

എന്നാല്‍ സിഎംഎയുടെ കണ്ടെത്തലുകള്‍ പിഫൈസര്‍ നിരാകരിച്ചു. വിധിക്കെതിരെ അപ്പീല്‍ നല്‍കുമെന്നും കമ്പനി വ്യക്തമാക്കി. ഫിനിട്ടോയ്ന്‍ സോഡിയം ക്യാപ്‌സൂളിന്റെ വില കുറയ്ക്കുന്നതിന് ഇരു കമ്പനികള്‍ക്കും ഒന്ന് മുതല്‍ നാല് മാസം വരെ സാവകാശം നല്‍കിയിട്ടുണ്ട്. എന്നാല്‍ ഇതിന്റെ പേരില്‍ രോഗികള്‍ക്ക് ഇടക്കാലത്ത് മരുന്ന് കിട്ടാതിരിക്കരുതെന്നും സിഎംഎ നിര്‍ദേശിച്ചു.

മരുന്ന് വില ഉയര്‍ന്നതിനെത്തുടര്‍ന്ന് ഫിനിട്ടോയ്ന്‍ സോഡിയം ക്യാപ്‌സൂളുകള്‍ക്കായി ബ്രിട്ടന്റെ നാഷണല്‍ ഹെല്‍ത്ത് സര്‍വീസിന്റെ ചെലവിടല്‍ 2012ലെ രണ്ട് മില്യണ്‍ പൗണ്ടില്‍നിന്ന് 2013 ല്‍ 50 മില്യണ്‍ പൗണ്ട് ആയി വര്‍ധിച്ചിരുന്നു. മറ്റ് യൂറോപ്യന്‍ രാജ്യങ്ങളെ അപേക്ഷിത്ത് ബ്രിട്ടനില്‍ മാത്രമാണ് പിഫൈസറും വിതരണ കമ്പനിയും മരുന്ന് വില ഈ വിധം വര്‍ധിപ്പിച്ചത്.

Comments

comments

Categories: Branding