ഹഫ് പോസ്റ്റിന്റെ തലപ്പത്ത് ഇനി ലൈഡിയ പോള്‍ഗ്രീന്‍

ഹഫ് പോസ്റ്റിന്റെ തലപ്പത്ത് ഇനി ലൈഡിയ പോള്‍ഗ്രീന്‍

 

ന്യുയോര്‍ക്ക്: ന്യുയോര്‍ക്ക് ടൈംസ് അസോസിയേറ്റ് എഡിറ്ററും എന്‍വൈടി (ന്യൂയോര്‍ക്ക് ടൈംസ്) ഗ്ലോബലിന്റെ എഡിറ്റോറിയല്‍ ഡയറക്റ്ററുമായ ലൈഡിയ പോള്‍ഗ്രീന്‍ പ്രമുഖ വാര്‍ത്താ മാധ്യമ സ്ഥാപനമായ ഹഫിംഗ്ടണ്‍ പോസ്റ്റിന്റെ എഡിറ്റര്‍ ഇന്‍ ചീഫായി നിയമിതയായി. ഹഫിംഗ്ടണ്‍ പോസ്റ്റ് ചീഫ് എഡിറ്ററും സഹസ്ഥാപകയുമായ അരിയാന ഹഫിംഗ്ടണ്‍ ഓഗസ്റ്റില്‍ രാജിവെച്ചിരുന്നു. ഹെല്‍ത്ത്‌കെയര്‍ ആന്‍ഡ് വെല്‍നസ് വിഷയങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്ന ത്രൈവ് ഗ്ലോബല്‍ എന്ന സ്റ്റാര്‍ട്ടപ്പ് ആരംഭിക്കുന്നതിനാണ് അവര്‍ ഹഫിംഗ്ടണ്‍ വിട്ടത്.

ഇതോടെ ലോകത്ത് ഏറ്റവുമധികം ആളുകള്‍ സന്ദര്‍ശിക്കുന്ന നാലാമത്തെ ന്യൂസ് വെബ്‌സൈറ്റായ ഹഫിംഗ്ടണ്‍ പോസ്റ്റിന്റെ ചരിത്രത്തിലെ രണ്ടാമത്തെ എഡിറ്ററായി മാറിയിരിക്കുകയാണ് ലൈഡിയ.

15 വര്‍ഷത്തോളം സേവനമനുഷ്ഠിച്ച ന്യുയോര്‍ക്ക് ടൈംസ് വിടുന്നതില്‍ മാനസികമായി ബുദ്ധിമുട്ടുണ്ടെന്നും എന്നാല്‍ ഹഫിംഗ്ടണ്‍ പോസ്റ്റില്‍ ഇത്തരമൊരു ജോലി ജീവിതത്തില്‍ ഒരു പ്രാവശ്യം മാത്രം ലഭിക്കുന്നതാണെന്നും ലൈഡിയ പോള്‍ഗ്രീന്‍ പറഞ്ഞു. മാധ്യമങ്ങള്‍ അവരുടെ സ്ഥാനത്തെപ്പറ്റിയും ശക്തിയെപ്പറ്റിയും പുനര്‍വിചിന്തനത്തിന് തയ്യാറാകുന്ന കാലഘട്ടമാണിതെന്ന് അവര്‍ അഭിപ്രായപ്പെട്ടു. അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മാധ്യമങ്ങള്‍ സ്വീകരിച്ച സമീപനങ്ങളെ കുറിച്ച് പരാമര്‍ശിക്കവേ മാധ്യമപ്രവര്‍ത്തനം അവയുടെ പരിമിതികളില്‍ നിന്ന് പുറത്തേക്കിറങ്ങി ജനങ്ങളിലേക്കെത്തുന്നതിന് പരാജയപ്പെട്ടതായി അവര്‍ അഭിപ്രായപ്പെട്ടു. സമകാലീന ഹൈപ്പര്‍കണക്റ്റഡ് ലോകത്തെക്കുറിച്ച് ശുഭാപ്തിവിശ്വാസമുള്ള ലൈഡിയ്ക്ക് ട്വിറ്റര്‍, ഫേസ്ബുക് പോലുള്ള സാമൂഹ്യമാധ്യമങ്ങള്‍ വാര്‍ത്തകളുടെ വില കുറക്കുകയും വാര്‍ത്താ ബിസിനസിനെ നശിപ്പിക്കുകയുമാണെന്ന അഭിപ്രായമാണുള്ളത്.

അന്താരാഷ്ട്ര മാധ്യരംഗത്ത് ഏറെ അനുഭവ സമ്പത്തുള്ള ലൈഡിയ ടൈംസിന്റെ ദക്ഷിണ, പശ്ചിമ ആഫ്രിക്കന്‍ ബ്യൂറോ ചീഫായും ജോഹന്നാസ്‌ബെര്‍ഗ് ബ്യൂറോ ചീഫായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഇക്കാലയളവില്‍ നെല്‍സന്‍ മണ്ടേലയുടെ മരണം ഉള്‍പ്പെടെ പല പ്രധാന സംഭവങ്ങളും അവര്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ദ ന്യുയോര്‍ക്ക് ടൈംസിന്റെ വിദേശ ചുവടുവെപ്പിന്റെ സമയത്ത് മാധ്യമത്തെ വളരെയധികം സഹായിക്കുകയും അതിന്റെ ഡെപ്യൂട്ടി ഇന്റര്‍നാഷണല്‍ എഡിറ്ററായും അവര്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

ഹഫിംഗ്ടണ്‍ പോസ്റ്റ് ആഗോളതലത്തില്‍ വളര്‍ന്നുകൊണ്ടിരിക്കുന്ന സത്യസന്ധവും മികച്ചതുമായ വാര്‍ത്താ മാധ്യമമാണ് അവര്‍ അഭിപ്രായപ്പെട്ടു. പുതിയ തലമുറയ്ക്ക് അനുസരിച്ച് വാര്‍ത്തകള്‍ നല്‍കാനുള്ള എല്ലാ സാധ്യതകളും മാറ്റങ്ങള്‍ക്ക് നേതൃത്വം നല്‍കാനുള്ള ശേഷിയും ഹഫിംഗ്ടണിനുണ്ട്. ഹഫിംഗ്ടണ്‍ പോസ്റ്റിന്റെ ഡിഎന്‍എ അടിസ്ഥാനപരമായി പുരോഗമനപരമാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ഡ്രെഡ്ജ് റിപ്പോര്‍ട്ടിന് ബദലായി 2005 ല്‍ ആരംഭിച്ച ഹഫിംഗ്ടണ്‍ പോസ്റ്റിന് അടുത്തിടെ ദക്ഷിണാഫ്രിക്കയില്‍ ആരംഭിച്ച എഡിഷന്‍ ഉള്‍പ്പെടെ 17 അന്താരാഷ്ട്ര എഡീഷനുകളുണ്ട്. പുലിസ്റ്റര്‍ പുരസ്‌കാരം നേടിയ ഈ ഡിജിറ്റല്‍ വെബ്‌സൈറ്റ് അമേരിക്കയില്‍ വലിയ സ്വാധീനമാണ് ചെലുത്തുന്നത്. ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് ടൈംസ് ഓഫ് ഇ്ന്ത്യയുമായി ചേര്‍ന്ന് ഇന്ത്യന്‍ എഡിഷനും ഹഫിംഗ്ടണ്‍ പോസ്റ്റ് ആരംഭിച്ചിരുന്നു.

അരിയാന ഹഫിംഗ്ടണില്‍ നിന്നും 2011ല്‍ വന്‍കിട മാധ്യമകമ്പനിയായ എഒഎല്‍ 315 ദശലക്ഷം ഡോളറിന് ഹഫിംഗ്ടണ്‍ പോസ്റ്റിനെ ഏറ്റെടുത്തിരുന്നു. ഇക്കഴിഞ്ഞ ജൂലൈയില്‍ എഒഎലിന്റെ മാതൃകമ്പനിയായ അമേരിക്കയിലെ ടെലികോം ഭീമന്‍ വെരിസോണ്‍ യാഹുവിനെ 4.8 ബില്ല്യണ്‍ ഡോളറിന് ഏറ്റെടുത്തിരുന്നു. യാഹുവിലൂടെയും ഹഫിംഗ്ടണ്‍ പോസ്റ്റിലൂടെയും ഡിജിറ്റല്‍ മാധ്യമരംഗത്ത് വന്‍കുതിച്ചുചാട്ടത്തിനുള്ള തയാറെടുപ്പിലാണ് വെരിസോണ്‍. അലക്‌സ് റാങ്കിംഗ് പ്രകാരം അമേരിക്കയില്‍ ഏറ്റവും കൂടുതല്‍ സന്ദര്‍ശകരുള്ള മൊത്തം വെബ്‌സൈറ്റുകളില്‍ 35ാം സ്ഥാനത്താണ് ഹഫിംഗ്ടണ്‍ പോസ്റ്റ്.

Comments

comments

Categories: Branding