ആരാധകരുടെ മോശം പെരുമാറ്റം: ലോകകപ്പ് പ്രധാന മത്സരങ്ങള്‍ കൊച്ചിക്ക് നഷ്ടമാകാന്‍ സാധ്യത

ആരാധകരുടെ മോശം പെരുമാറ്റം:  ലോകകപ്പ് പ്രധാന മത്സരങ്ങള്‍ കൊച്ചിക്ക് നഷ്ടമാകാന്‍ സാധ്യത

 

മുംബൈ: ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു അന്താരാഷ്ട്ര സ്‌റ്റേഡിയത്തില്‍ നടന്ന നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരായ കേരള ബ്ലാസ്‌റ്റേഴ്‌സ് എഫ്‌സിയുടെ ഹോം ഗ്രൗണ്ട് മത്സരത്തിന് ശേഷം ആരാധകരില്‍ നിന്നുണ്ടായ അനിഷ്ട സംഭവങ്ങള്‍ നടക്കാനിരിക്കുന്ന അണ്ടര്‍-17 ലോകപ്പിന്റെ പ്രധാന മത്സരങ്ങളുടെ വേദിയാകുന്നതില്‍ കൊച്ചിക്ക് തിരിച്ചടിയാകാന്‍ സാധ്യത.

കൊച്ചിയിലെ സ്റ്റേഡിയത്തിലുണ്ടായ ആരാധകരുടെ പ്രകോപനത്തില്‍ അണ്ടര്‍-17 ലോകകപ്പിന്റെ ടൂര്‍ണമെന്റ് ഡയറക്ടറായ ഹാവിയര്‍ സെപ്പി അതൃപ്തി അറിയിച്ചതോടെയാണ് ലോകകപ്പ് മത്സര വേദി സംബന്ധിച്ച വിഷയത്തില്‍ ആശങ്ക ഉയര്‍ന്നിരിക്കുന്നത്. സ്‌റ്റേഡിയത്തിലെ അനിഷ്ട സംഭവങ്ങലെ കലാപം എന്നാണ് ഹാവിയെര്‍ സെപ്പി വിശേഷിപ്പിച്ചത്.

അണ്ടര്‍-17 ലോകകപ്പിലെ സെമി, ഫൈനല്‍ തുടങ്ങിയ പ്രധാന മത്സരങ്ങള്‍ ഇത്തരം സ്റ്റേഡിയങ്ങളില്‍ എങ്ങനെ നടത്താന്‍ സാധിക്കുമെന്ന് ഹാവിയര്‍ സെപ്പി ചോദിച്ചു. കൊച്ചിയില്‍ ഇത്തരം അനിഷ്ട സംഭവങ്ങള്‍ മുമ്പ് ഉണ്ടായിട്ടുണ്ടെന്ന് കൂട്ടിച്ചേര്‍ത്ത അണ്ടര്‍-17 ലോകകപ്പ് ഡയറക്ടര്‍ ഇവിടുത്തെ പല നിയമ ലംഘനങ്ങളും വീഡിയോയിലൂടെ കണ്ടിട്ടുണ്ടെന്നും വ്യക്തമാക്കി.

കൊച്ചിയിലെ സ്‌റ്റേഡിയത്തിലേക്ക് കയറുന്നതിന് പലപ്പോഴും അനാവശ്യമായ ഉന്തും തള്ളും ഉണ്ടാകാറുണ്ടെന്നും സ്‌റ്റേഡിയത്തിലേക്ക് ചാടുന്നത് ഇവിടെ പതിവാക്കിയിരിക്കുകയാമെന്നും ഹാവിയര്‍ സെപ്പി കുറ്റപ്പെടുത്തി. ഭീതി പരത്തുന്ന തരത്തിലുള്ള യാതൊരുവിധ പെരുമാറ്റവും ഇല്ലാത്തിടത്ത് മാത്രമേ മത്സരങ്ങല്‍ നടത്താന്‍ സാധിക്കുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.

നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരായ ഐഎസ്എല്‍ ആദ്യ റൗണ്ടിലെ അവസാന മത്സരത്തിന് ശേഷം നടന്ന സമ്മാനദാന ചടങ്ങില്‍ ഗ്രൗണ്ടിലിറങ്ങിയ ഒരു ആരാധകനെ സുരക്ഷാ ഉദ്യോഗസ്ഥര്‍ മര്‍ദ്ദിച്ചതാണ് കേരള ബ്ലാസ്‌റ്റേഴ്‌സ് ആരാധകരെ പ്രകോപിച്ചത്. ഇതിനെ തുടര്‍ന്ന് കളി കാണാനെത്തിയവര്‍ കസേരകളും കുപ്പികളും ഗ്രൗണ്ടിലേക്ക് വലിച്ചെറിയുകയായിരുന്നു.

2017ല്‍ ഇന്ത്യയില്‍ നടക്കാനിരിക്കുന്ന അണ്ടര്‍-17 ലേകകപ്പിന്റെ മത്സരവേദിയായി കഴിഞ്ഞ മാസമാണ് കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു അന്താരാഷ്ട്ര സ്റ്റേഡിയത്തെ തിരഞ്ഞെടുത്തതായി ഫിഫ ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ഇന്ത്യയിലെ ലോകകപ്പ് മത്സരവേദിയായി ആദ്യം ഫിഫ തിരഞ്ഞെടുത്തതും കൊച്ചിയിലെ സ്റ്റേഡിയത്തെയായിരുന്നു.

Comments

comments

Categories: Sports, Trending