രാജ്യത്തെ ആഭ്യന്തര യാത്രികരുടെ എണ്ണത്തില്‍ 22.7 ശതമാനം വര്‍ധന

രാജ്യത്തെ ആഭ്യന്തര യാത്രികരുടെ എണ്ണത്തില്‍ 22.7 ശതമാനം വര്‍ധന

 

ന്യൂഡെല്‍ഹി: ഒക്‌റ്റോബര്‍ മാസം രാജ്യത്തെ ആഭ്യന്തര യാത്രികരുടെ എണ്ണത്തില്‍ 22.7 ശതമാനം വര്‍ധനവുണ്ടായതായി ആഗോള വ്യോമയാന അസോസിയേഷന്‍ റിപ്പോര്‍ട്ട്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവുമായി താരതമ്യം ചെയ്യുമ്പോള്‍ ഈ വര്‍ഷം ഒക്‌റ്റോബറില്‍ ആഭ്യന്തര ആവശ്യകത 5.6 ശതമാനം വര്‍ധിച്ചതായും ഇന്റര്‍നാഷണല്‍ എയര്‍ ട്രാന്‍സ്‌പോര്‍ട്ട് അസോസിയേഷന്‍ (ഐഎടിഎ) ചൂണ്ടിക്കാട്ടി. ഐഎടിഎയുടെ ഗ്ലോബല്‍ പാസഞ്ചര്‍ ട്രാഫിക് ഡാറ്റയിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്.

രാജ്യങ്ങള്‍ തിരിച്ചുള്ള അവലോകനത്തില്‍ മുന്‍ കാലങ്ങളെ അപേക്ഷിച്ച് വലിയ അന്തരമുണ്ടായതായാണ് നിരീക്ഷണം. മറ്റ് വിപണികളില്‍ വളര്‍ച്ചാ നിരക്കില്‍ ഇടിവുണ്ടായിട്ടുണ്ടെങ്കിലും ഇന്ത്യയിലും, ചൈനയിലും കൂടിയ വളര്‍ച്ചാ നിരക്ക് രേഖപ്പെടുത്തിയിട്ടുണ്ട്. ബ്രസീലില്‍ ഈ ഒക്‌റ്റോബറിലും ഇടിവുണ്ടായതായാണ് റിപ്പോര്‍ട്ട്. ഡാറ്റ അനുലരിച്ച് ഓസ്‌ട്രേലിയ, ബ്രസീല്‍, ചൈന, ജപ്പാന്‍, റഷ്യന്‍ ഫെഡറേഷന്‍, യുഎസ് തുടങ്ങിയ പ്രമുഖ ഏവിയേഷന്‍ വിപണികളുമായി താരതമ്യം ചെയ്യുമ്പോള്‍ ആഭ്യന്തര ആര്‍പികെ (റെവന്യു പാസഞ്ചര്‍ കിലോമീറ്റര്‍), എഎസ്‌കെ (എവെയ്‌ലബിള്‍ സീറ്റ് കിലോമീറ്റര്‍) നിരക്കില്‍ ഇന്ത്യയാണ് മുന്നിട്ടു നില്‍ക്കുന്നത്.

ഒക്‌റ്റോബര്‍ മാസത്തെ അവലോകനത്തില്‍ ഇന്ത്യയുടെ ആഭ്യന്തര ആര്‍പികെ 22.7 ശതമാനം വാര്‍ഷിക വര്‍ധന രേഖപ്പെടുത്തിയതായി ഐഎടിഎ പറയുന്നു. തൊട്ടുപുറകില്‍ ചൈനയാണ് ഇടം പിടിച്ചിട്ടുള്ളത്. 14.1 ശതമാനം വര്‍ധനയാണ് ആഭ്യന്തര യാത്രികരുടെ എണ്ണത്തില്‍ ചൈന രേഖപ്പെടുത്തിയിട്ടുള്ളതെന്നും ഡാറ്റ വ്യക്തമാക്കുന്നു. തൊട്ടുപുറകില്‍ റഷ്യ, ഓസ്‌ട്രേലിയ, യുഎസ്, ജപ്പാന്‍ തുടങ്ങിയ വിപണികള്‍ യഥാക്രമം 2.5 ശതമാനം, 2.2 ശതമാനം, 1.6 ശതമാനം, 0.9 ശതമാനം എന്നിങ്ങനെയാണ് പാസഞ്ചര്‍ വളര്‍ച്ചാ നിരക്ക് രേഖപ്പെടുത്തിയിട്ടുള്ളത്. രാജ്യത്തെ ആഭ്യന്തര എഎസ്‌കെയില്‍ ഇതേ മാസം 21.2 ശതമാനം വളര്‍ച്ചയാണുണ്ടായിരിക്കുന്നത്. എഎസ്‌കെയില്‍ ചൈന 12.4 ശതമാനവും യുഎസും റഷ്യയും 3.1 ശതമാനവും വളര്‍ച്ചയാണ് നിരീക്ഷിച്ചത്.

ലോകവ്യാപകമായുള്ള പാസഞ്ചര്‍ ഡിമാന്റ് കഴിഞ്ഞ വര്‍ഷം ഒക്‌റ്റോബറിനെ അപേക്ഷിച്ച് 5.8 ശതമാനം വര്‍ധിച്ചിട്ടുണ്ട്. എന്നാല്‍ സെപ്റ്റംബറില്‍ രേഖപ്പെടുത്തിയ 7.1 വാര്‍ഷിക വളര്‍ച്ചയില്‍ നിന്നും കുറഞ്ഞ നിരക്കാണ് ഒക്‌റ്റോബറിലുണ്ടായത്. ഒക്‌റ്റോബര്‍ മാസം പാസഞ്ചര്‍ ഡിമാന്റില്‍ സ്ഥിരത ഉണ്ടായിരുന്നെങ്കിലും സെപ്റ്റംബര്‍ മാസത്തെ അപേക്ഷിച്ച് ഇടിവ് രേഖപ്പെടുത്തിയതായി ഐഎടിഎ ഡയറക്റ്റര്‍ ജനറലും ചീഫ് എക്‌സിക്യൂട്ടീവുമായ അലക്‌സാന്‍ഡ്രി ഡി ജൂനിയാക് പറഞ്ഞു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുണ്ടായിട്ടുള്ള ഭീകരാക്രമണങ്ങളും, രാഷ്ട്രീയ അസന്തുലിതാവസ്ഥയുമാണ് വിപണികളെ ദോഷകരമായി ബാധിച്ചതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Comments

comments

Categories: Business & Economy