അണുബാധ കുറയ്ക്കുന്നതില്‍ ജനറല്‍ ആശുപത്രിക്ക് മികച്ച നേട്ടം

അണുബാധ കുറയ്ക്കുന്നതില്‍ ജനറല്‍ ആശുപത്രിക്ക് മികച്ച നേട്ടം

കൊച്ചി: അണുബാധ തടയുന്നതിനും ആന്റിബയോട്ടിക് മരുന്നുകള്‍ വിവേചനപരമായി ഉപയോഗിക്കുന്നതിനും ലക്ഷ്യമിട്ട് സംസ്ഥാന ആരോഗ്യവകുപ്പ് എറണാകുളം ജനറല്‍ ആശുപത്രിയില്‍ നടപ്പാക്കിയ സെപ്‌സിസ് മാനേജ്‌മെന്റ് പദ്ധതി വിജയകരമായി ഒരുവര്‍ഷം പൂര്‍ത്തിയാക്കിയതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. രക്തത്തിലുള്ള അണുബാധ ചുരുങ്ങിയ സമയത്തിനകം കണ്ടെത്തി അനുയോജ്യമായ ആന്റിബയോട്ടിക് തിരഞ്ഞെടുക്കുന്നതിന് ഡോക്ടര്‍മാരെ സഹായിക്കുന്ന ഈ പദ്ധതി സംസ്ഥാനത്ത് ആദ്യമായി എറണാകുളം ജനറല്‍ ആശുപത്രിയിലാണ് നടപ്പിലാക്കിയത്.

ഈ പദ്ധതിപ്രകാരം സജ്ജമാക്കിയ ഓട്ടോമേറ്റഡ് ബ്ലഡ് കള്‍ച്ചര്‍ രീതി അണുബാധ നിയന്ത്രണത്തില്‍ വന്‍ പുരോഗതി കൈവരിക്കാനായതായി ആശുപത്രി സൂപ്രണ്ട് ഡോ. വി.എസ്. ഡാലിയ പറഞ്ഞു. സാധാരണരീതിയില്‍ 7 മുതല്‍ 10 ദിവസംവരെ അണുബാധ പരിശോധനാ ഫലത്തിനായി കാത്തിരിക്കണമെങ്കില്‍ ഓട്ടോമേറ്റഡ് ബ്ലഡ് കള്‍ച്ചര്‍ രീതിയില്‍ രണ്ടു ദിവസത്തിനകം പരിശോധനാ ഫലവും അനുയോജ്യമായ ആന്റിബയോട്ടിക് സംബന്ധിച്ച വിശദാംശങ്ങളും ലഭിക്കും. ഇത് ആന്റിബയോട്ടിക് ഉപയോഗം പരമാവധി കുറയ്ക്കുന്നതിന് ഏറെ സഹായകരമായിട്ടുണ്ടെന്ന് സൂപ്രണ്ട് പറഞ്ഞു. ബി.ഡി. ഇന്ത്യയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.

വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് ആന്റിബയോട്ടിക്കുകളുടെ ദുരുപയോഗം എങ്ങനെതടയാം എന്ന വിഷയത്തില്‍ സംഘടിപ്പിച്ച തുടര്‍ പരിശീലന പരിപാടി ഇന്ത്യന്‍ അക്കാഡമി ഓഫ് പീഡിയാട്രിക്‌സ് (ഐ.എ.പി.) സംസ്ഥാന പ്രസിഡന്റ് ഡോ. എം.എന്‍. വെങ്കിടേശ്വരന്‍ ഉദ്ഘാടനം ചെയ്തു. ഡോക്ടര്‍മാരുടെ മേല്‍നോട്ടത്തിലല്ലാതെ സ്വന്തം ഇഷ്ടപ്രകാരം ആന്റിബയോട്ടിക് മരുന്നുകള്‍ വാങ്ങി കഴിക്കുന്നത് രോഗാണുക്കള്‍ ഈ മരുന്നുകളെ ചെറുക്കുന്ന അവസ്ഥ സൃഷ്ടിക്കുമെന്നും ഡോ. എം.എന്‍. വെങ്കിടേശ്വരന്‍ പറഞ്ഞു. ആശുപത്രി സൂപ്രണ്ട് ഡോ. വി.എസ്. ഡാലിയ അദ്ധ്യക്ഷത വഹിച്ചു. നോഡല്‍ ഓഫീസര്‍ ഡോ. ശിവപ്രസാദ്, ഡോ. ജുനൈദ് റഹ്മാന്‍, ഡോ. കെ.എം. ബീന, ഡോ. പ്രകാശ് ബി.ഡി., രൂപക് ബാനര്‍ജി, ഡോ. ആര്‍.വി. ആര്യ തുടങ്ങിയവര്‍ പ്രസംഗിച്ചു.

Comments

comments

Categories: Branding, Slider