വിദേശ കമ്പനികളെ നേരിടാന്‍ സര്‍ക്കാര്‍ സഹായം തേടി ഫ്‌ളിപ്പ്കാര്‍ട്ടും ഒലയും

വിദേശ കമ്പനികളെ നേരിടാന്‍ സര്‍ക്കാര്‍ സഹായം തേടി ഫ്‌ളിപ്പ്കാര്‍ട്ടും ഒലയും

 

ബെംഗളൂരു: ദേശീയകമ്പനികളെ കൂടുതല്‍ തുണയ്ക്കുന്ന നയങ്ങള്‍ വേളമെന്ന് ഇ കൊമേഴ്‌സ് പ്ലാറ്റ്‌ഫോം ഫ്‌ളിപ്പ്കാര്‍ട്ടിന്റെ സഹസ്ഥാപകന്‍ സച്ചിന്‍ ബെന്‍സാലും ഓണ്‍ലൈന്‍ ടാക്‌സി സേവനദാതാക്കളായ ഒല യുടെ സ്ഥാപകന്‍ ഭവീഷ് അഗര്‍വാളും. ഇന്റര്‍നെറ്റ് ബിസിനസ് രംഗത്ത് ഈ കമ്പനികളുടെ മുഖ്യ എതിരാളികളായ ആമസോണിനെയും, യുബറിനെയും നേരിടുന്നതിന് ഇരുവരും കേന്ദ്ര സര്‍ക്കാരിന്റെ സഹായം തേടിയതായാണ് വിവരം. വിദേശ എതിരാളികളില്‍ നിന്നും ആഭ്യന്തര കമ്പനികളെ സംരക്ഷിക്കുന്നതിനായി നയം രൂപീകരിക്കണമെന്നാണ് ഫ്‌ളിപ്പ്കാര്‍ട്ട്, ഒല നേതൃത്വങ്ങള്‍ കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുള്ളത്.

‘ പതിനഞ്ച് വര്‍ഷം മുന്‍പ് ചൈന എന്താണോ ചെയ്തത് അതാണ് നമുക്കും വേണ്ടത്. നിങ്ങളുടെ മൂലധനം രാജ്യത്തിനാവശ്യമാണ്, എന്നാല്‍ നിങ്ങളുടെ കമ്പനികള്‍ രാജ്യത്തിന് വേണ്ടെന്ന് ലോകത്തോട് വിളിച്ചുപറയണം,’ ഫ്‌ളിപ്പ്കാര്‍ട്ട് സഹസ്ഥാപകനും ചീഫ് എക്‌സിക്യൂട്ടീവ് ചെയര്‍മാനുമായ സച്ചിന്‍ ബെന്‍സാല്‍ പറഞ്ഞു. കാര്‍നെജീ ഇന്ത്യ ഗ്ലോബല്‍ ടെക്‌നോളജി സമ്മിറ്റില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആമസോണ്‍, യുബര്‍ തുടങ്ങിയ യുഎസ് ഇന്റെര്‍നെറ്റ് ഭീമന്മാരെ എതിരിടുന്നതിന് ഇന്ത്യന്‍ കമ്പനികള്‍ക്ക് ആവശ്യമായ പിന്തുണ നല്‍കണമെന്നും ബെന്‍സാല്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. വിദേശ കമ്പനികളുമായുള്ള യുദ്ധത്തെ മൂലധന സമാഹരണത്തിലെ പ്രധാനപ്പെട്ട ഭാഗമായാണ് രണ്ട് ഇന്ത്യന്‍ കമ്പനികളും വിശേഷിപ്പിച്ചിട്ടുള്ളത്.

വിദേശ കമ്പനികള്‍ തുറന്നുകാട്ടുന്ന ഇന്നൊവേഷന്‍ പ്രവര്‍ത്തനങ്ങളല്ല യഥാര്‍ത്ഥത്തില്‍ മത്സരം സൃഷ്ടിക്കുന്നതെന്നും യഥാര്‍ത്ഥ പോരാട്ടം മൂലധനത്തില്‍ അധിഷ്ഠിതമാണെന്നും ഒല സിഇഒ ഭവീഷ് അഗര്‍വാള്‍ വ്യക്തമാക്കി. ഇതാദ്യമായാണ് ഈ വിഷയത്തില്‍ ഫ്‌ളിപ്പ്കാര്‍ട്ടും ഒലയും പരസ്യമായി രംഗത്തുവരുന്നത്. ആമസോണിനും യുബറിനും മുന്നിലാണ് ഇന്ത്യന്‍ വിപണിയില്‍ നിലവില്‍ ഈ കമ്പനികളുടെ സ്ഥാനമെങ്കിലും എതിരാളികള്‍ക്കു നേരെയുള്ള ആഭ്യന്തര കമ്പനികളുടെ കരുനീക്കങ്ങള്‍ ശക്തമായി തന്നെ തുടരും. കാരണം, ശക്തമായി പ്രതിരോധമില്ലെങ്കില്‍ ഇന്ത്യന്‍ വിപണിയിലെ തങ്ങളുടെ സാന്നിധ്യത്തിന് മങ്ങലേല്‍ക്കുമെന്നാണ് ഈ കമ്പനികള്‍ വിലയിരുത്തുന്നത്.
അമേരിക്കന്‍ കമ്പനികളുടെ ആധിപത്യം ഇന്ത്യയിലെ ഉയര്‍ന്ന മൂല്യമുള്ള തൊഴിലവസരങ്ങളെ ബാധിക്കുമെന്നും ഫ്‌ളിപ്പ്കാര്‍ട്ടും ഒലയും ആരോപിച്ചു. ആഭ്യന്തര കമ്പനികള്‍ വിപണിയില്‍ നേതൃത്വം തുടരുകയാണെങ്കില്‍ സുരക്ഷ, ഡാറ്റ ആന്‍ഡ് പ്രൈവസി തുടങ്ങിയ കാര്യങ്ങള്‍ ഇന്ത്യയുടെ നിയന്ത്രണത്തിലാകുമെന്നും കമ്പനികള്‍ ചൂണ്ടിക്കാട്ടി.

Comments

comments

Categories: Slider, Top Stories