കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ കരുത്ത് ആരാധകര്‍

കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ കരുത്ത് ആരാധകര്‍

 

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോളില്‍ കേരള ബ്ലാസ്‌റ്റേഴ്‌സ് എഫ്‌സിയുടെ കുതിപ്പില്‍ നിര്‍ണായക സാന്നിധ്യമാകുന്നത് ലക്ഷക്കണക്കിന് വരുന്ന ആരാധക പിന്തുണ. ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോളിലെ മറ്റേത് ടീമുകളെയും ബഹുദൂരം പിന്നിലാക്കുന്നതാണ് ബ്ലാസ്റ്റേഴ്‌സിന്റെ ആരാധക ബലം. ഇത് ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ ഓരോ മത്സരങ്ങളില്‍ നിന്നും വ്യക്തമായ കാര്യവുമാണ്.

ഫുട്‌ബോളിനോടുള്ള അടങ്ങാത്ത ആവേശം എപ്പോഴും കാത്തുസൂക്ഷിക്കുന്നവരാണ് മലയാളികള്‍ എന്നതാണ് ഇന്ത്യന്‍ സൂപ്പര്‍ ലീഗിനും കേരള ബ്ലാസ്റ്റേഴ്‌സിനും ഇത്രയധികം പ്രചാരം കേരളത്തില്‍ ഉണ്ടാവുന്നതിന് കാരണമായത്. ഐഎസ്എല്‍ ഓരോ സീസണ്‍ പിന്നിടുമ്പോഴും മലയാളികളുടെ കേരള ബ്ലാസ്‌റ്റേഴ്‌സ് ടീമിനോടുള്ള പ്രണയം തെല്ലും കുറയാതെ അതേപടി നിലനില്‍ക്കുകയാണ്.

കഴിഞ്ഞ രണ്ട് ഐഎസ്എല്‍ സീസണുകളിലും നടപ്പ് സീസണിലും കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി ആരാധകരുടെ എണ്ണം മറികടക്കാന്‍ മറ്റൊരു ടീമിനും സാധിച്ചിട്ടില്ല. അതിന് തെളിവാണ് കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ ഹോം ഗ്രൗണ്ട് മത്സരങ്ങള്‍ കാണുന്നതിനായി കൊച്ചിയിലെ ജവഹര്‍ലാല്‍ നെഹ്‌റു അന്താരാഷ്ട്ര സ്‌റ്റേഡിയത്തില്‍ തിങ്ങി നിറയുന്ന ജനം.

ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ മറ്റ് ടീമുകളുടെ മത്സരങ്ങള്‍ കാണാന്‍ എത്തുന്നവരേക്കാള്‍ ഇരട്ടി ആരാധകരാണ് കേരള ബ്ലാസ്റ്റേഴ്‌സിന്റെ കൊച്ചിയിലെ ഓരോ മത്സരങ്ങള്‍ക്കായും ടിക്കറ്റെടുക്കുന്നത്. അതില്‍ നൂറ് കണക്കിന് ആരാധകര്‍ക്ക് സ്റ്റേഡിയം നിറഞ്ഞതിനാല്‍ കളി കാണാനാവാതെ തിരിച്ചുപോകേണ്ടിവന്ന അവസ്ഥയും മുമ്പ് ഉണ്ടായിരുന്നു.

ഹോം ഗ്രൗണ്ട് മത്സരങ്ങള്‍ക്ക് പുറമെ കേരള ബ്ലാസ്റ്റേഴ്‌സിന്റെ എവേ മാച്ചുകള്‍ കാണുന്നതിനായും നിരവധി പേരാണ് മറ്റ് സ്റ്റേഡിയങ്ങളിലേക്ക് പോയിക്കൊണ്ടിരുന്നത്. ഹോം ഗ്രൗണ്ട് മത്സരങ്ങളില്‍ തുടര്‍ച്ചയായി അരലക്ഷത്തിന് മുകളില്‍ ആരാധക പിന്തുണ ലഭിച്ച ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ ഏക ക്ലബും കേരള ബ്ലാസ്‌റ്റേഴ്‌സ് എഫ്‌സിയാണ്.

കേരള ബ്ലാസ്റ്റേഴ്‌സിനെ പിന്തുണയ്ക്കുന്നതിനായി മഞ്ഞയില്‍ കുളിച്ചെത്തുന്ന ആരാധകര്‍ ഇപ്പോള്‍ ലോകത്തെങ്ങും വാര്‍ത്തയായിട്ടുമുണ്ട്. കേരളത്തിലെ ഫുട്‌ബോള്‍ കമ്പത്തെക്കുറിച്ചും ബ്ലാസ്റ്റേഴ്‌സിനോടുള്ള ആരാധക പിന്തുണയെക്കുറിച്ചും ഐഎസ്എല്ലിലെ മറ്റ് ടീമുകളും ഫുട്‌ബോള്‍ ലോകത്തെ പ്രമുഖരും പലപ്പോഴും ആശ്ചര്യം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു.

കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ സെമി ഫൈനല്‍ മത്സരത്തിനൊരുങ്ങുന്ന സാഹചര്യത്തില്‍, സ്റ്റേഡിയത്തില്‍ പൂര്‍ണമായ അനുകൂലാന്തരീക്ഷം സൃഷ്ടിക്കാനുള്ള ശ്രമത്തിലാണ് ഓരോ മലയാളി ആരാധകനും. കേരള ബ്ലാസ്റ്റേഴ്‌സിനെ പിന്തുണയ്ക്കുന്നതിനായി ആരാധകര്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രത്യേക ഫാന്‍ ക്ലബുകളും രൂപീകരിച്ചിരുന്നു.

ഞായറാഴ്ച കൊച്ചിയില്‍ വെച്ചാണ് കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ ഡല്‍ഹി ഡൈനാമോസിനെതിരായ ആദ്യപാദ സെമി ഫൈനല്‍ മത്സരം. അന്നേ ദിവസം, കേരളത്തിലെ എല്ലാ ഭാഗങ്ങളില്‍ നിന്നും കളി കാണുന്നതിനായുള്ള ജനപ്രവാഹമുണ്ടാകുമെന്നത് തീര്‍ച്ചയാണ്. സെമി ഫൈനലില്‍ എങ്ങനെയൊക്കെ ബ്ലാസ്റ്റേഴ്‌സിനെ പിന്തുണയ്ക്കാമെന്ന ആശയവുമായി ഫാന്‍ ക്ലബുകളും ഇതിനോടകം തന്നെ സജീവമായിക്കഴിഞ്ഞു.

അതേസമയം, ആരാധകര്‍ ഉണര്‍ന്നിട്ടും കേരള ബ്ലാസ്‌റ്റേഴ്‌സ് ടീം ഇതുവരെ പൂര്‍ണമായ കളി മികവ് പുറത്തെടുത്തിട്ടില്ല. ഐഎസ്എല്‍ പ്രാഥമിക റൗണ്ടിലെ 14 മത്സരങ്ങളില്‍ നിന്നും 22 പോയിന്റുമായി രണ്ടാം സ്ഥാനക്കാരായാണ് കേരള ബ്ലാസ്‌റ്റേഴ്‌സ് സെമി ഫൈനലിലേക്ക് പ്രവേശിച്ചതെങ്കിലും അവസാന നാലിലെത്തിയ മറ്റ് ടീമുകളുമായി താരതമ്യം ചെയ്യുമ്പോള്‍ കളി മികവിന്റെ കണക്കില്‍ ഏറ്റവും പിന്നിലാണ് മഞ്ഞപ്പട.

സ്റ്റീവ് കൊപ്പലിന്റെ പരിശീലനത്തിന്‍ കീഴിലെത്തുന്ന ബ്ലാസ്റ്റേഴ്‌സ് പ്രാഥമിക റൗണ്ടിലെ അവസാന നാല് ഹോം മത്സരങ്ങള്‍ തുടര്‍ച്ചയായി വിജയിച്ചായിരുന്നു സെമി ഫൈനലിലേക്ക് മുന്നേറിയതെങ്കിലും കരുത്തരായ ഡല്‍ഹി ഡൈനാമോസിനെയാണ് ഇനി നേരിടേണ്ടത് എന്നതിനാല്‍ ഫൈനല്‍ ബര്‍ത്ത് ഉറപ്പിക്കുന്നതിന് കേരള ബ്ലാസ്റ്റേഴ്‌സിന് ഇതുവരെ നടത്തിയതിനേക്കാള്‍ മികച്ച പ്രകടനം പുറത്തെടുക്കേണ്ടി വരും.

ഐഎസ്എല്‍ സെമി ഫൈനലില്‍ പ്രവേശിച്ച നാല് ടീമുകളില്‍, പ്രാഥമിക ഘട്ടത്തില്‍ ഏറ്റവും കുറവ് ഗോളുകള്‍ നേടിയ ടീമാണ് കേരള ബ്ലാസ്‌റ്റേഴ്‌സ്. പതിനാല് കളികളില്‍ നിന്നും വെറും പതിമൂന്ന് ഗോളുകള്‍ മാത്രമായിരുന്നു കേരള ബ്ലാസ്‌റ്റേഴ്‌സ് നേടിയത്. ഐഎസ്എല്‍ മൂന്നാം സീസണിന്റെ പ്രാഥമിക റൗണ്ടിലെ ഗോളെണ്ണത്തില്‍ ഏറ്റവും പിന്നിലുള്ള ടീമുകള്‍ക്കൊപ്പമാണ് ബ്ലാസ്റ്റേഴ്‌സിന്റെ സ്ഥാനം.

അതേസമയം, ഐഎസ്എല്‍ സെമി ഫൈനലില്‍ പ്രവേശിച്ച മറ്റ് ടീമുകളായ മുംബൈ സിറ്റി എഫ്‌സി, ഡല്‍ഹി ഡൈനാമോസ്, അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്ത എന്നിവര്‍ ഗോള്‍വേട്ടയില്‍ കേരള ബ്ലാസ്‌റ്റേഴ്‌സിനേക്കാള്‍ മുന്നിലാണ്. മുംബൈ സിറ്റിയും അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്തയും 16 തവണ എതിര്‍ വല കുലുക്കിയപ്പോള്‍ 27 ഗോളുകളുമായി ഡല്‍ഹി ഡൈനാമോസാണ് മുന്നില്‍.

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് സെമി ഫൈനലില്‍ കേരള ബ്ലാസ്റ്റേഴ്‌സ് ഡല്‍ഹി ഡൈനാമോസിനോട് ഏറ്റുമുട്ടുമ്പോള്‍ സീസണില്‍ ഏറ്റവും കൂടുതലും കുറഞ്ഞ ഗോളുകളും നേടിയ ടീമുകള്‍ തമ്മിലുള്ള മത്സരം കൂടിയാകും അത്. പന്ത് എതിര്‍ ഗോള്‍ മുഖത്തേക്ക് എത്തിക്കാന്‍ ഒരുപരിധിവരെ സാധിക്കുന്നുണ്ടെങ്കിലും ഫിനിഷിംഗിലെ കൃത്യതയില്ലായ്മയാണ് കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഗോള്‍ വരള്‍ച്ചയ്ക്ക് കാരണം.

സീസണില്‍, ചെന്നൈയിന്‍ എഫ്‌സിക്കെതിരായ രണ്ടാംപാദ മത്സരത്തില്‍ മാത്രമാണ് കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സിക്ക് മൂന്ന് ഗോളുകള്‍ കണ്ടെത്തി മികച്ച വിജയം സ്വന്തമാക്കുവാന്‍ സാധിച്ചത്. അതേസമയം, മുംബൈ സിറ്റി എഫ്‌സിക്കെതിരായ രണ്ടാംപാദ മത്സരത്തില്‍ എതിരില്ലാതെ അഞ്ച് ഗോളുകള്‍ വഴങ്ങിയത് കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ മധ്യ, പ്രതിരോധ നിരയുടെ ദൗര്‍ബല്യം എടുത്തുകാട്ടുന്നുണ്ട്.

ഐഎസ്എല്‍ പ്രാഥമിക റൗണ്ടിലെ കേരള ബ്ലാസ്റ്റേഴ്‌സിന്റെ പ്രകടനം വിലയിരുത്തിയാല്‍ തുടര്‍ച്ചയായ വിജയങ്ങളോ സ്ഥിരതയാര്‍ന്ന മികവോ പുറത്തെടുക്കാന്‍ ഇവര്‍ക്ക് സാധിച്ചിട്ടില്ല എന്നത് വ്യക്തമാകും. ടീം പരിശീലകനായ സ്റ്റീവ് കൊപ്പലിന്റെ കോച്ചിംഗ് മികവും തന്ത്രങ്ങളും കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ കളിയില്‍ പലപ്പോഴും നിര്‍ണായകമായിരുന്നു.

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് പോയിന്റ് പട്ടികയില്‍ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി രണ്ടാമതെത്തിയപ്പോള്‍ ഇരുപത്തി മൂന്ന് പോയിന്റുള്ള മുംബൈ സിറ്റി എഫ്‌സിയാണ് ഒന്നാം സ്ഥാനക്കാരായി സെമിയിലെത്തിയത്. യഥാക്രമം മൂന്ന്, നാല് സ്ഥാനങ്ങളിലുള്ള ഡല്‍ഹി ഡൈനാമോസ് എഫ്‌സിക്കും അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്തയ്ക്കും 21, 20 പോയിന്റ് വീതമാണുള്ളത്.

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ആദ്യ റൗണ്ടിലെ പതിനാല് മത്സരങ്ങളില്‍ നിന്നും ആറ് ജയം, നാല് വീതം സമനില, തോല്‍വി എന്നിവയുമായാണ് കേരള ബ്ലാസ്റ്റേഴ്‌സ് സെമി ഫൈനലിലേക്ക് പ്രവേശിച്ചത്. എഫ്‌സി ഗോവ (രണ്ട് മത്സരങ്ങളിലും), മുംബൈ സിറ്റി എഫ്‌സി, ചെന്നൈയിന്‍ എഫ്‌സി, പൂനെ സിറ്റി എഫ്‌സി (രണ്ടാം മത്സരം), നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് ടീമുകള്‍ക്കെതിരെയായിരുന്നു കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ ജയം.

ഡല്‍ഹി ഡൈനാമോസ് എഫ്‌സി, പൂനെ സിറ്റി എഫ്‌സി, ചെന്നൈയില്‍ എഫ്‌സി (ആദ്യ മത്സരം), അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്ത (രണ്ടാം മത്സരം), ടീമുകളോട് സമനിലയും നേടി. നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ്, അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്ത, ഡല്‍ഹി ഡൈനാമോസ് (രണ്ടാം മത്സരം), മുംബൈ സിറ്റി (രണ്ടാം മത്സരം) ടീമുകള്‍ക്കെതിരെയായിരുന്നു കേരള ബ്ലാസ്‌റ്റേഴ്‌സ് തോല്‍വി വഴങ്ങിയത്.

ഐഎസ്എല്‍ ആദ്യ സീസണില്‍ റണ്ണേഴ്‌സ് അപ്പായ കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഇപ്പോഴത്തെ മാര്‍ക്വീ താരം വടക്കന്‍ അയര്‍ലാന്‍ഡില്‍ നിന്നുള്ള ആരോണ്‍ ഹ്യൂസാണ്. സി കെ വിനീത്, മുഹമ്മദ് റാഫി, റിനോ ആന്റോ എന്നിവരാണ് ബ്ലാസ്‌റ്റേഴ്‌സ് നിരയിലെ ശ്രദ്ധേയ മലയാളി സാന്നിധ്യം. ഇംഗ്ലീഷ് താരങ്ങളായ അന്റോണിയോ ജര്‍മന്‍, മൈക്കല്‍ ചോപ്ര തുടങ്ങിയവര്‍ ബ്ലാസ്‌റ്റേഴ്‌സ് മുന്നേറ്റ നിരയിലെ പ്രധാനികളാണ്.

.

Comments

comments

Categories: Sports