നോട്ട് അസാധുവാക്കല്‍, ജിയോ: ടെലികോം കമ്പനികളുടെ വരുമാനം 5-7 ശതമാനം കുറയും

നോട്ട് അസാധുവാക്കല്‍, ജിയോ:  ടെലികോം കമ്പനികളുടെ വരുമാനം 5-7 ശതമാനം കുറയും

 

ന്യൂഡെല്‍ഹി : മുകേഷ് അംബാനിയുടെ റിലയന്‍സ് ജിയോയുടെ സൗജന്യ സേവനങ്ങള്‍ മാര്‍ച്ച് 31 വരെ നീട്ടിയതും നോട്ട് അസാധുവാക്കല്‍ നടപടിയും സാമ്പത്തിക വര്‍ഷത്തിന്റെ അവസാന രണ്ട് പാദത്തില്‍ രാജ്യത്തെ ടെലികോം കമ്പനികളുടെ വരുമാനം 5 മുതല്‍ 7 ശതമാനം വരെ കുറയുന്നതിന് കാരണമാകുമെന്ന് റേറ്റിംഗ്‌സ് ഏജന്‍സിയായ ഐസിആര്‍എ വിലയിരുത്തുന്നു. ജിയോ സൗജന്യ സേവനങ്ങളുടെ സമയപരിധി നീട്ടിയത് വോയ്‌സ്, ഡാറ്റ നിരക്ക് കുറയ്ക്കുന്നതിന് മറ്റ് കമ്പനികളെയും നിര്‍ബന്ധിതരാക്കും. നിലവില്‍ 4,25,000 കോടി രൂപയുടെ കടത്തിലാണ്ടുകിടക്കുന്ന ടെലികോം മേഖലയുടെ സ്ഥിതി കൂടുതല്‍ വഷളാക്കുന്ന സാഹചര്യമാണ് സംജാതമായിരിക്കുന്നതെന്ന് ഐസിആര്‍എ ചൂണ്ടിക്കാട്ടുന്നു.

നിലവില്‍ അഭിമുഖീകരിക്കുന്ന വെല്ലുവിളികള്‍ മറികടക്കാന്‍ വിപണിയില്‍ ശക്തമായ മത്സരം കാഴ്ച്ചവെക്കുന്നതിനാണ് ടെലികോം കമ്പനികള്‍ ശ്രമിക്കുന്നത്. ഇതിനിടെയാണ് റിലയന്‍സ് ജിയോയുടെ സാന്നിധ്യത്താല്‍ നിരക്കുകളില്‍ മാറ്റം വരുത്തേണ്ട സ്ഥിതിയിലേക്ക് മറ്റ് ടെലികോം കമ്പനികള്‍ എത്തിച്ചേര്‍ന്നിരിക്കുന്നതെന്ന് ഐസിആര്‍എ കോര്‍പ്പറേറ്റ് റേറ്റിംഗ്‌സ് അസ്സോസിയേറ്റ് ഹെഡ് ഹര്‍ഷ് ജഗ്നാനി പറഞ്ഞു.

ഈ സാഹചര്യത്തിലാണ് കൂനിന്‍മേല്‍ കുരുവെന്ന പോലെ ഉയര്‍ന്ന മൂല്യമുള്ള നോട്ടുകള്‍ അസാധുവാക്കിയ കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം വരുന്നത്. ഇത് ടെലികോം മേഖലയിലെ പ്രതിസന്ധി വഷളാക്കാനേ ഉപകരിക്കൂവെന്ന് ഹര്‍ഷ് ജഗ്നാനി ചൂണ്ടിക്കാട്ടി. ടെലികോം കമ്പനികള്‍ക്ക്, പ്രത്യേകിച്ച് പ്രീപെയ്ഡ് വിഭാഗത്തില്‍, വലിയ തോതില്‍ വരുമാന നഷ്ടം വരുത്തിവെക്കുന്നതാണിത്.

സൗജന്യ സേവനങ്ങള്‍ മാര്‍ച്ച് 31 വരെ നീട്ടിയതായി കഴിഞ്ഞയാഴ്ച്ച റിലയന്‍സ് ജിയോ പ്രഖ്യാപിച്ചതോടെ എയര്‍ടെല്‍, വോഡഫോണ്‍, ഐഡിയ എന്നീ മുന്‍നിര കമ്പനികളില്‍ വലിയ സമ്മര്‍ദമാണ് സൃഷ്ടിച്ചിരിക്കുന്നത്. ജിയോയുടെ വരവോടെ ശക്തമായ വിപണി മത്സരം നേരിടുന്ന സാഹചര്യത്തില്‍ യുകെ ആസ്ഥാനമായ വോഡഫോണ്‍ ഗ്രൂപ്പ് തങ്ങളുടെ ഇന്ത്യ യൂണിറ്റിന്റെ മൂല്യം ഈയിടെ 5 ബില്യണ്‍ യൂറോയായി ( 36,448.53 കോടി രൂപ) കുറച്ചിരുന്നു. ഉപയോക്താക്കളെ പിടിച്ചുനിര്‍ത്തുന്നതിന് മറ്റ് കമ്പനികള്‍ വിവിധ പ്ലാനുകളിലെ ഡാറ്റ താരിഫ് കുറയ്ക്കുന്നതും സൗജന്യ വോയ്‌സ് കോളുകള്‍ നല്‍കുന്നതും ആരംഭിച്ചിട്ടുണ്ട്.
ജിയോയ്ക്ക് വ്യാപകമായി ഉപയോക്താക്കളെ ലഭിക്കാനാണ് സാധ്യതയെന്ന് ഐസിആര്‍എ വ്യക്തമാക്കി. സെപ്റ്റംബര്‍ 5 ന് കമേഴ്‌സ്യല്‍ ലോഞ്ച് നടത്തിയ ശേഷം ഇതിനകം 52 മില്യണ്‍ ഉപയോക്താക്കളെ സ്വന്തമാക്കാന്‍ ജിയോയ്ക്ക് കഴിഞ്ഞു.

Comments

comments

Categories: Business & Economy