നോട്ട് അസാധുവാക്കല്‍ ഒരു മാസം പിന്നിടുമ്പോള്‍

നോട്ട് അസാധുവാക്കല്‍  ഒരു മാസം പിന്നിടുമ്പോള്‍

കള്ളപ്പണത്തിനെതിരെയും ഡിജിറ്റല്‍ സമ്പദ് വ്യവസ്ഥയ്ക്ക് വേണ്ടിയും പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച നോട്ട് അസാധുവാക്കല്‍ നയം പ്രാവര്‍ത്തികമായിട്ട് ഇന്നലത്തേക്ക് ഒരു മാസം തികഞ്ഞു. നവംബര്‍ എട്ടിന് രാത്രി ആയിരുന്നു ഏവരെയും അമ്പരപ്പിച്ചുകൊണ്ട് ഉയര്‍ന്ന മൂല്യമുള്ള 500, 1000 രൂപ നോട്ടുകള്‍ അസാധുവാക്കുകയാണെന്ന പ്രധാനമന്ത്രിയുടെ പ്രഖ്യാപനമുണ്ടായത്.

നോട്ട് അസാധുവാക്കല്‍ നയം തികഞ്ഞ ആസൂത്രണത്തോടെയാണ് നടപ്പാക്കിയതെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ഗവര്‍ണര്‍ ഉര്‍ജിത് പട്ടേല്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയെങ്കിലും കേന്ദ്ര സര്‍ക്കാരിന്റെ നിലപാടുകള്‍ അത്തരത്തിലുള്ള സൂചനകളായിരുന്നില്ല നല്‍കിയത്. 100 രൂപ നോട്ടുകളുടെ വരെ ക്ഷാമം നേരിട്ട് ജനം നട്ടം തിരിയുന്ന അവസ്ഥയായിരുന്നു രാജ്യത്തിന്റെ അങ്ങോളമിങ്ങോളം കണ്ടത്. ഡിജിറ്റല്‍ ഇടപാടുകളില്‍ വന്‍ വര്‍ധനയുണ്ടായെങ്കിലും സാധാരണക്കാരുടെ ദുരിതത്തിന് അറുതി വരുത്താന്‍ അതിനു സാധിച്ചില്ല. പലയിടങ്ങളിലും നീണ്ട ക്യൂവില്‍ നിന്നും അത്യാവശ്യ സാഹചര്യങ്ങളില്‍ നോട്ട് കൈയിലില്ലാതെയും നിരവധി മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. രോഷാകുലരായ ജനം സ്വന്തം പണം ലഭിക്കാതെ പലയിടങ്ങളിലും ബാങ്കുകള്‍ക്ക് നേരെ ആക്രമണം നടത്തി.
നോട്ട് അസാധുവാക്കിയതിനെ തുടര്‍ന്ന് എടിഎമ്മില്‍ നിന്നു പിന്‍വലിക്കാവുന്ന പണത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തിയതുമടക്കം നിരവധി നിബന്ധനകളാണ് സര്‍ക്കാര്‍ പുറത്തിറക്കിയത്. മാത്രമല്ല ഇടയ്ക്കിടെ പുതിയ നിയന്ത്രണങ്ങള്‍ വന്നുകൊണ്ടിരിക്കുകയും ചെയ്തു. എടിഎമ്മില്‍ പണമെത്തുന്നതിനെക്കാള്‍ വേഗത്തിലാണ് നോട്ട് അസാധുവാക്കലുമായി ബന്ധപ്പെട്ട് നിയമങ്ങള്‍ സര്‍ക്കാര്‍ പുറപ്പെടുവിപ്പിക്കുന്നതെന്ന് സോഷ്യല്‍ മീഡിയയില്‍ ട്രോളുകളും സജീവമായി.

പിന്‍വലിച്ച നോട്ടുകളുടെ അത്രയും പുതിയ നോട്ടുകള്‍ ഇതുവരെ തിരിച്ചെത്തിക്കാന്‍ സര്‍ക്കാരിന് സാധിച്ചിട്ടില്ല. ഹ്രസ്വകാലത്തേക്ക് നോട്ട് അസാധുവാക്കല്‍ രാജ്യത്തിന്റെ ജിഡിപി വളര്‍ച്ചയെ ബാധിക്കുമെന്നു നിരവധി സാമ്പത്തിക വിദഗ്ധര്‍ അഭിപ്രായപ്പെടുകയുമുണ്ടായി. വിവിധ രംഗങ്ങളിലെ വളര്‍ച്ചയെയും ഇത് കാര്യമായി ബാധിച്ചു. ഡിജിറ്റല്‍ സാക്ഷരതയില്‍ നമ്മള്‍ അത്ര മുമ്പിലല്ലാത്തത് കാരണം കറന്‍സി രഹിത ഇടപാടുകളിലേക്കുള്ള മാറ്റത്തിന് ഒരു പരിധിക്കപ്പുറം വേഗത കൈവരിക്കാന്‍ സാധിക്കുകയുമില്ല. ഈ വസ്തുതകളെല്ലാം വിലയിരുത്തുന്നതില്‍ നോട്ട് അസാധുവാക്കല്‍ നയം പ്രഖ്യാപിക്കുന്നതിന് മുമ്പ് കേന്ദ്ര സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്നു വേണം കരുതാന്‍.

നവംബര്‍ എട്ടിലെ പ്രഖ്യാപനത്തിലൂടെ പ്രധാനമന്ത്രി അസാധുവാക്കിയ മുഴുവന്‍ നോട്ടുകളും തിരികെ ബാങ്കിലെത്തുമെന്ന് കരുതുന്നതായി കേന്ദ്ര റവന്യൂ സെക്രട്ടറി ഹഷ്മുഖ് അധിയ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. 500 രൂപ, 1000 രൂപ നോട്ടുകള്‍ അസാധുവാക്കുന്നതിലൂടെ നോട്ടുകളായി സൂക്ഷിച്ച മൂന്ന് ലക്ഷം കോടിയിലധികം കള്ളപ്പണം ബാങ്കുകളില്‍ മാറ്റിയെടുക്കാനാവാത്ത അവസ്ഥ വരുമെന്നും അത് നശിപ്പിക്കപ്പെടുമെന്നുമുള്ള സര്‍ക്കാര്‍ വാദം പരാജയപ്പെടുന്നുവെന്ന സൂചനയാണ് റവന്യു സെക്രട്ടറിയുടെ വാക്കുകള്‍ നല്‍കിയത്.

ഇക്കഴിഞ്ഞ മാര്‍ച്ച് 31 വരെ 14,17,000 കോടി രൂപയുടെ നോട്ടുകളാണ് അസാധുവാക്കപ്പെട്ട വിഭാഗത്തില്‍ റിസര്‍വ് ബാങ്ക് വിതരണം ചെയ്തിട്ടുള്ളത്. നോട്ട് അസാധുവാക്കിയതിനു ശേഷം നവംബറില്‍ തന്നെ 10 ലക്ഷം കോടി രൂപയിലധികം ബാങ്കുകളില്‍ തിരിച്ചെത്തിയതായാണ് റിപ്പോര്‍ട്ട്. ഇനിയും നോട്ടുകള്‍ മാറ്റിയെടുക്കുന്നതിന് മൂന്നാഴ്ചയോളം ഉണ്ടെന്നിരിക്കെ ബാക്കി നോട്ടുകള്‍ കൂടി തിരിച്ചെത്തുമെന്ന സാധ്യതയാണ് ഹഷ്മുഖ് അധിയ പങ്കുവെച്ചത്.
എന്തായാലും നോട്ട് അസാധുവാക്കല്‍ നടപടി വലിയ ആശയക്കുഴപ്പമാണ് ജനങ്ങള്‍ക്കിടയില്‍ സൃഷ്ടിച്ചത്. കറന്‍സി രഹിത സമ്പദ് വ്യവസ്ഥയെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വപ്‌നം മികച്ചതാണെന്നതില്‍ തര്‍ക്കമില്ല. അതിനുവേണ്ടിയുള്ള പരിശ്രമങ്ങളും വേണം. നോട്ട് അസാധുവാക്കല്‍ നയം നടപ്പാക്കി തുടങ്ങിയതിന്റെ ആദ്യ നാളുകളില്‍ ഫ്യൂച്ചര്‍ കേരള സ്വീകരിച്ച നിലപാട് വീണ്ടും ആവര്‍ത്തിക്കുന്നു. ഡിജിറ്റല്‍ സമ്പദ് വ്യവസ്ഥ തന്നെയാണ് എല്ലാ തരത്തിലും രാജ്യത്തിന് അഭികാമ്യം. എന്നാല്‍ അതിന് ഇപ്പോള്‍ തിടുക്കത്തില്‍ സ്വീകരിച്ച മാര്‍ഗ്ഗം വേണ്ടരീതിയില്‍ ആസൂത്രണം നടത്താതെ യുള്ളതായി.

Comments

comments

Categories: Editorial